LiveTV

Live

National

മോദി സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും 

ജൂണ്‍ 6 മുതല്‍ 15 വരെയാണ് ആദ്യ പാര്‍ലമെന്റ് സമ്മേളനം

മോദി സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും 

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകീട്ട് ഏഴിന് രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉള്‍പ്പെടെയുള്ള രാഷ്ട്രനേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. സത്യപ്രതിജ്ഞക്ക് മുന്നോടിയായി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. ജൂണ്‍ 6 മുതല്‍ 15 വരെയാണ് ആദ്യ പാര്‍ലമെന്റ് സമ്മേളനം. മോദിയെ പാക് പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ‌

വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞe ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന പങ്കെടുക്കുന്ന കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. മറ്റ് വിദേശ പ്രതിനിധികളുടെ സൌകര്യവും ഒഴിവും ആരാഞ്ഞ് വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് വരും ദിവസങ്ങളില്‍ ഔദ്യോഗിക ക്ഷണക്കത്ത് അയക്കും.

സത്യപ്രതിജ്ഞക്ക് മുന്നോടിയായി പുതിയ മന്ത്രിസഭാ രൂപീകരണം തീരുമാനിക്കേണ്ടതുണ്ട്. നിലവിലെ മന്ത്രിസഭയില്‍ കാര്യമായ അഴിച്ചുപണിയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അമിത്ഷാ അഭ്യന്തര മന്ത്രിയായേക്കും. രാജ്നാഥ് സിങിന് പ്രതിരോധ മന്ത്രാലയത്തിന്‍റെ ചുമതലയാകും. അരുണ്‍ ജെയ്റ്റ്ലിക്ക് പകരം പിയൂഷ് ഗോയലായിരിക്കും ധനമന്ത്രി. മറ്റ് ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിലടക്കം ഇന്നും നാളെയുമായി അന്തിമ ധാരണയുണ്ടാക്കാനാണ് ശ്രമം.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദി ഗുജറാത്തിലെത്തി‍. അമ്മ ഹീരാ ബെന്നിനെ കണ്ട് അനുഗ്രഹം വാങ്ങാനും വോട്ടര്‍മാരോട് നന്ദി പറയാനുമാണ് സംസ്ഥാനത്തെത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ മോദിയെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മുഖ്യമന്ത്രി വിജയ് രൂപാനിയും ചേര്‍ന്ന് സ്വീകരിച്ചു. മോദി നാളെ വാരണാസിയും മോദി സന്ദര്‍ശിക്കും.