LiveTV

Live

National

സഭയിലെ ഉയർന്ന ഭൂരിപക്ഷവും കുറഞ്ഞ ഭൂരിപക്ഷവും

ഒരു ഡസനോളം പേര്‍ ജയിച്ചത് 5 ലക്ഷം ഭൂരിപക്ഷത്തിനാണ്

സഭയിലെ ഉയർന്ന ഭൂരിപക്ഷവും കുറഞ്ഞ ഭൂരിപക്ഷവും

2019 തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഏറ്റവും ഉയർന്ന ഭൂരിപക്ഷം സ്വന്തമാക്കിയത് ബി.ജെ.പിയുടെ സി.ആർ പാട്ടീൽ. ഏറ്റവും കുറവ് ഭൂരിപക്ഷത്തിന് വിജയിച്ചതും ബി.ജെ.പി സ്ഥാനാർഥി തന്നെ.

ഗുജറാത്തിലെ നവ്‍സാരി ലോക്സഭാ മണ്ഡലത്തിൽ നിന്നും 6.89 ലക്ഷത്തിന് വിജയിച്ച സി.ആർ പാട്ടീലാണ് ഈ വർഷത്തെ റെക്കോർഡ് ഭൂരിപക്ഷം സ്വന്തമാക്കിയത്. ഉത്തർപ്രദേശിലെ മച്ചൽഷഹർ മണ്ഡലത്തിൽ നിന്നും കേവലം 181 വോട്ടിന് വിജയിച്ച ബി.ജെ.പിയുടെ തന്നെ ഭോൽനാഥിന്റെ പേരിലാണ് കുറഞ്ഞ ഭൂരിപക്ഷം നേടിയതിന്റെ റെക്കോർഡ്.

2014ലെ ഉപതെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നിന്നും 6.96 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച പ്രീതം മുണ്ഡെയുടെ പേരിലാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിന്റെ റെക്കോർഡുള്ളത്. പിതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന
ഗോപിനാഥ് മുണ്ഡെയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് നടന്ന തെ‍രഞ്ഞെടുപ്പിലാണ് മകൾ പ്രീതം മുണ്ഡെ ലോക്സഭയിലേക്ക് മത്സരിച്ചത്.

പൊതുതെരഞ്ഞെടുപ്പിലെ 541ൽ 302 സീറ്റുകളാണ് ബി.ജെ.പി നേടിയത്. പാട്ടീലിനെ കൂടാതെ സഞ്ജയ് ഭാട്ടിയ, ക്രിഷൻ പാൽ, സുഭാഷ് ചന്ദ്ര ബഹേരിയ എന്നിവരും ആറ് ലക്ഷം ക്ലബിൽ കയറിയപ്പോൾ, ഒരു ഡസനോളം പേരുടെ ഭൂരിപക്ഷം 5 ലക്ഷം കടന്നു.

ശാലിനി യാദവിനെ പരാജയപ്പെടുത്തിയ നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം 4.79 ലക്ഷമാണ്. ഗാന്ധിനഗറിൽ നിന്നും അമിത് ഷാ 5.57 ലക്ഷം ഭൂരിപക്ഷം നേടി. 2014ൽ ഈ മണ്ഡലത്തിൽ നിന്നും മുതിർന്ന നേതാവ് എൽ.കെ അദ്വാനി നേടിയ 4.83 ലക്ഷത്തിന്റെ റെക്കോർഡാണ് അമിത് ഷാ പഴങ്കഥയാക്കിയത്. ഏഴോളം പേർ ഇത്തവണ ലോക്സഭയിലേക്ക് ജയിച്ചു കയറിയത് 2,000ൽ താഴെ ഭൂരിപക്ഷത്തിനാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വിശദമായി അറിയാം: https://www.mediaonetv.in/mediaonetv-labs/loksabha2019/result.html