LiveTV

Live

National

കര്‍ണാടകയില്‍ മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് നല്‍കിയേക്കും

തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി കുമാരസ്വാമി മാറിയേക്കും.

കര്‍ണാടകയില്‍ മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് നല്‍കിയേക്കും

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന ഭരണം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യം. ഭരണപ്രതിസന്ധി ഒഴിവാക്കാന്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്‍കിയേക്കും. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജെ.ഡി.എസിന്റെ നിയമസഭാ കക്ഷിയോഗവും ചേരുന്നുണ്ട്.

കര്‍ണാടകയിലെ 28 സീറ്റുകളില്‍ 25ലും വിജയിച്ചത് ബി.ജെ.പിയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസിനും ജെ.ഡി.എസിനും ലഭിച്ചത് ഓരോ സീറ്റുകള്‍. മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി ദേവഗൌഡയും പരാജയപ്പെട്ടു. ഇതോടെയാണ് സഖ്യസര്‍ക്കാറിന്റെ മുഖം രക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. ചുരുങ്ങിയ സീറ്റുമായി മുഖ്യമന്ത്രി പദത്തിലെത്തിയപ്പോള്‍ മുതല്‍ തന്നെ എച്ച്.ഡി. കുമാരസ്വാമി പ്രതിസന്ധിയിലായിരുന്നു. കോണ്‍ഗ്രസ് ഭരിക്കാന്‍ അനുവദിക്കുന്നില്ല എന്നതടക്കമുള്ള ആരോപണങ്ങള്‍ പലതവണ ഉന്നയിച്ചു. തൊട്ടുപിന്നാലെയെത്തിയ തെരഞ്ഞെടുപ്പില്‍ ദയനീയമായി സഖ്യം പരാജയപ്പെടുകയും ചെയ്തു.

തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി കുമാരസ്വാമി മാറിയേക്കും. പകരം കോണ്‍ഗ്രസ് മുഖ്യമന്ത്രി പദത്തിലെത്തും, ജെ.ഡി.എസിന് ഉപമുഖ്യമന്ത്രി പദം- ഇതാണ് നിലവിലെ ഫോര്‍മുലയെന്നാണ് സൂചന. എം.എല്‍.എമാരെ ചാക്കിട്ട് പിടിച്ച് ഭരണം പിടിക്കാന്‍ ബി.ജെ.പി തുടക്കം മുതല്‍ ശ്രമിക്കുന്നതും സഖ്യത്തിന് തലവേദനയാണ്.