LiveTV

Live

National

പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയെങ്കിലും രാഹുലിന്റെ രണ്ടാം വരവും പരാജയമായി

കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് രാഹുല്‍ നേതൃത്വം നല്‍കുമെന്ന പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ കൂടിയാണ് തത്കാലത്തേക്കെങ്കിലും അസ്തമിച്ചത്. 

 പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയെങ്കിലും രാഹുലിന്റെ രണ്ടാം വരവും പരാജയമായി

പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയെങ്കിലും രാഹുല്‍ ഗാന്ധിയുടെ രണ്ടാം വരവും പരാജയമായി. കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് രാഹുല്‍ നേതൃത്വം നല്‍കുമെന്ന പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ കൂടിയാണ് തത്കാലത്തേക്കെങ്കിലും അസ്തമിച്ചത്. രാജി സന്നദ്ധത അറിയിച്ച രാഹുല്‍ ഗാന്ധി വീണ്ടും വനവാസത്തിനൊരുങ്ങുകയാണോയെന്ന സംശയമാണ് ഉയരുന്നത്.

സൈന്യാധിപന്‍ തന്നെ പോര്‍ക്കളത്തില്‍ വീണ നിലയിലാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു രാഹുലിന്റെ അമേഠിയിലെ തോല്‍വി. വിമുഖനായ രാഷ്ട്രീയക്കാരന്‍, പപ്പു, അമുല്‍ ബേബി തുടങ്ങിയ അധിക്ഷേപങ്ങളെ അതിജീവിച്ച് ഊര്‍ജ്ജസ്വലനായ നേതാവും പാര്‍ട്ടി അധ്യക്ഷനുമായി പരിവേഷം ചെയ്തെങ്കിലും രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി പരാജയപ്പെട്ട നേതാവായി. റഫാല്‍ അഴിമതിയാരോപണം ആവര്‍ത്തിച്ചുന്നയിച്ചും മുഖത്തുനോക്കി കള്ളനെന്നും വിളിച്ചും നരേന്ദ്ര മോദി ചോദ്യം ചെയ്യാനാകാത്ത നേതാവല്ലെന്ന് തെളിയിച്ചു രാഹുല്‍. പാര്‍ലമെന്റിലടക്കം മികച്ച പ്രകടനം. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടും ഹിന്ദി ഹൃദയഭൂമികളില്‍ വെന്നിക്കൊടി പാറിച്ച് തോല്‍വിയുടെ ട്രാക് റെക്കോഡ് തിരുത്തി. ന്യായ് ഉള്‍പ്പെടെ മോഹപദ്ധതികളുമായി പ്രകടന പത്രിക അവതരിപ്പിച്ചു. പക്ഷെ, ഇതൊന്നും മോദി എഫക്ടിനെ വെല്ലാന്‍ പര്യാപ്തമായില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. രാഹുലിനൊപ്പം ചടുലമായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്കായില്ല എന്നതാണ് സത്യം. അമേഠിയില്‍ പോലും ബൂത്തിലിരിക്കാന്‍ പ്രവര്‍ത്തകരുണ്ടായില്ല.

സ്നേഹത്തിന്റെ രാഷ്ട്രീയം തുടരുമെന്ന് പറയുമ്പോഴും തോല്‍വിയുടെ ഭാരമേറ്റെടുത്ത് അധ്യക്ഷ പദത്തില്‍ നിന്ന് രാജി സന്നദ്ധത അറിയിച്ചു കഴിഞ്ഞു രാഹുല്‍ ഗാന്ധി. ഏറ്റവും അടുത്ത് തന്നെ പ്രവര്‍ത്തക സമിതി ചേര്‍ന്ന ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.