LiveTV

Live

National

തമിഴ്നാട്ടില്‍ ഡി.എം.കെ തരംഗം

പി.എം.കെ അധ്യക്ഷന്‍ അന്‍പുമണി രാംദാസ് മത്സരിച്ച ധര്‍മപുരിയില്‍ മാത്രമാണ് അല്‍പമെങ്കിലും പോരാട്ടം നടത്താന്‍ എ.ഡി.എം.കെ സഖ്യത്തിന് സാധിച്ചത്

തമിഴ്നാട്ടില്‍ ഡി.എം.കെ തരംഗം

ലോക്സഭ നിയമസഭ ഉപതെരഞ്ഞെടുപ്പിലും തമിഴ്നാട്ടില്‍ ഡി.എം.കെ തരംഗം. 38 ലോക്സഭ സീറ്റുകളില്‍. 36 ലും ഡി.എം.കെയാണ് മുന്നില്‍. നിയമസഭയിലേക്ക് വന്‍ മുന്നേറ്റം നടത്താനായെങ്കിലും ഭരണത്തിലെത്താന്‍ വേണ്ട സീറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ല.

തമിഴ്നാട്ടിലെ 38 ലോക്സഭ സീറ്റുകളില്‍ 36ലും ഡി.എം.കെ അപരാജിത ലീഡില്‍ എത്തിക്കഴിഞ്ഞു. തേനിയില്‍ ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെ മകന്‍ പി. രവീന്ദ്രനാഥ കുമാറും ചിദംബരത്ത് ചന്ദ്രശേഖറും മാത്രമാണ് അണ്ണാ ഡി.എം.കെയില്‍ ലീഡ് നേടിയത്. പി.എം.കെ അധ്യക്ഷന്‍ അന്‍പുമണി രാംദാസ് മത്സരിച്ച ധര്‍മപുരിയില്‍ മാത്രമാണ് അല്‍പമെങ്കിലും പോരാട്ടം നടത്താന്‍ എ.ഡി.എം.കെ സഖ്യത്തിന് സാധിച്ചത്. എന്നാല്‍ അവിടെയും ഡി.എം.കെയിലെ ശെന്തില്‍ കുമാര്‍ മുന്‍പിലെത്തി. ഇടതുപക്ഷം മത്സരിച്ച നാലുസീറ്റുകളിലും മുന്നിലെത്തി എല്ലായിടത്തും അൻപതിനായിരത്തിന് മുകളിലാണ് ഭൂരിപക്ഷം. പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് ഒരു ലക്ഷത്തിലധികമാണ് ലീഡ്.

എം.കെ. സ്റ്റാലിന്‍റെ കഠിനാധ്വാനമാണ് വിജയത്തിനു പിന്നില്‍. നരേന്ദ്രമോദിയും തമിഴ്നാട് സര്‍ക്കാറും നടത്തിയ ജനദ്രോഹ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ഈ വിജയം. ഇനി തമിഴ്നാട്ടില്‍ വരുന്നത്, എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണമായിരിയ്ക്കും എന്ന് പി ജയവേല്‍ പറഞ്ഞു.

നിയമസഭയിലേയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായെങ്കിലും ഡി.എം.കെ സഖ്യത്തിന് ഭരണം പിടിച്ചെടുക്കാനാവില്ല. 22 ല്‍ 21 സീറ്റുകള്‍ നേടി, സംസ്ഥാനത്ത് ഭരണമാറ്റം കൊണ്ടുവരുമെന്ന് സ്റ്റാലിന്‍ ആവര്‍ത്തിച്ചിരുന്നെങ്കിലും 14 സീറ്റുകളിലാണ് മേല്‍ക്കൈ നേടാനായത്. എന്നാല്‍, എട്ടു സീറ്റുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ അണ്ണാ ഡി.എം.കെ ബുദ്ധിമുട്ടും.