LiveTV

Live

National

അമേഠിയില്‍ രാഹുല്‍ തോറ്റു

2004 മുതല്‍ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലമാണ് യു.പിയിലെ അമേഠി...

അമേഠിയില്‍ രാഹുല്‍ തോറ്റു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അമേഠിയില്‍ അപ്രതീക്ഷിത തോല്‍വി. ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് 40000ത്തില്‍ പരം വോട്ടുകള്‍ക്കാണ് രാഹുലിന്റെ തോല്‍വി. 2004 മുതല്‍ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലമാണ് യു.പിയിലെ അമേഠി.

അമേഠിയില്‍ ജയിക്കാനാവാത്തത് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ്. രാജ്യത്തൊട്ടാകെ കോണ്‍ഗ്രസിന് തിരിച്ചടിയായതിന് പിന്നാലെ അമേഠിയിലെ തോല്‍വി കൂടി സംഭവിച്ചതോടെ രാഹുലിന്റെ നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി തന്നെ വ്യക്തമാക്കി കഴിഞ്ഞു. ജനവിധി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ സ്മൃതി ഇറാനിയെ അഭിനന്ദിക്കുകയും ചെയ്തു.

സ്മൃതി ഇറാനി
സ്മൃതി ഇറാനി

2014ലും സ്മൃതി ഇറാനി തന്നെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നത്. അന്ന് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തോട് അടുപ്പിച്ചാക്കാന്‍ സ്മൃതിക്ക് കഴിഞ്ഞിരുന്നു. രാഹുലുമായി കടുത്ത പോരാട്ടം നടത്തിയതിന്റെ പ്രതിഫലമെന്നോണം സ്മൃതി ഇറാനി പിന്നീട് രാജ്യസഭാംഗമാവുകയും കേന്ദ്ര മന്ത്രിസഭയില്‍ അംഗമാവുകയും ചെയ്തിരുന്നു. 2014 മുതല്‍ അമേഠിയില്‍ കേന്ദ്രീകരിച്ചാണ് സ്മൃതി ഇറാനി പ്രവര്‍ത്തിച്ചിരുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധിക്ക് സ്വാഭാവികമായും രാജ്യമൊട്ടാകെ പോയി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടി വന്നിരുന്നു. അതേസമയം സ്മൃതി ഇറാനി അമേഠിയില്‍ കേന്ദ്രീകരിച്ച് കാടിളക്കിയുള്ള പ്രചാരണമാണ് നടത്തിയത്. മാത്രമല്ല രാഹുലിന്റെ അസാന്നിധ്യമാണ് അവസാനഘട്ടത്തില്‍ ബി.ജെ.പി പ്രധാനമായും അമേഠിയില്‍ ഉന്നയിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ 1998ല്‍ മാത്രമാണ് അമേത്തി കോണ്‍ഗ്രസിനെ കൈവിട്ടത്. അമേഠിക്ക് പുറമേ സോണിയ മത്സരിക്കുന്ന റായ്ബറേലിയില്‍ മാത്രമാണ് യു.പിയില്‍ കോണ്‍ഗ്രസ് പ്രാതിനിധ്യമുള്ളത്.