LiveTV

Live

National

മുസ്‍ലിം എം.പിമാരില്‍ വര്‍ധന; 26 മുസ്‍ലിം എം.പിമാര്‍ ഇത്തവണ ലോക്സഭയിലേക്ക്

വരുന്ന പുതിയ ലോക്സഭയില്‍ മുസ്‍ലിം എം.പിമാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയെന്ന് ദേശീയതലത്തിലെ കണക്കുകള്‍ വിശകലനം ചെയ്ത് കൊണ്ട് ആദിത്യ മേനോന്‍ എഴുതുന്നു 

മുസ്‍ലിം എം.പിമാരില്‍ വര്‍ധന; 26 മുസ്‍ലിം എം.പിമാര്‍ ഇത്തവണ ലോക്സഭയിലേക്ക്

വരുന്ന പുതിയ ലോക്സഭയില്‍ മുസ്‍ലിം എം.പിമാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയെന്ന് കണക്കുകള്‍. 2014ല്‍ 23 മുസ്‍ലിം എം.പിമാര്‍ വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയിട്ടുണ്ടെങ്കില്‍ ഇത്തവണ 26 മുസ്‍ലിം സ്ഥാനാര്‍ഥികളാണ് വിവിധ മണ്ഡലങ്ങളില്‍ ലീഡ് നേടി മുന്നേറി കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പക്ഷേ പതിവ് പോലെ എം.പിമാരുടെ എണ്ണം ശുഷ്ക്കമാണ്. രണ്ട് പേര്‍ മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും എം.പിമാരാകുന്ന മുസ്‍ലിം സ്ഥാനാര്‍ഥികള്‍.

മുസ്‍ലിം സ്ഥാനാര്‍ഥികളില്‍‌ ഏറ്റവും തിളക്കമേറിയ വിജയമാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നിന്നുള്ള മജ്ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീന്‍ പാര്‍ട്ടിയുടെ ഇംതിയാസ് ജലീലിന്റെ വിജയം. എ.ഐ.എം.ഐ.എം രൂപീകരിച്ചതിന് ശേഷം ഇതാദ്യമായാണ് രണ്ട് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നത്. 1984 മുതല്‍ തുടര്‍ച്ചയായി ഹൈദരാബാദില്‍ നിന്നും വിജയിച്ചു വരുന്ന പാര്‍ട്ടി ആദ്യമായാണ് ഹൈദരാബാദിന് പുറത്ത് മല്‍സരിച്ച് വിജയിക്കുന്നത്.

ഇതില്‍ ഏറ്റവും പ്രത്യേകത നിറഞ്ഞതാണ് ഔറംഗാബാദിലെ വിജയം. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമല്ലാത്ത ഔറംഗാബാദില്‍ നിന്നുമുള്ള ഇംതിയാസ് ജലീലിന്റെ വിജയം അത് കൊണ്ട് തന്നെ തിളക്കമേറിയതാണ്. 25 ശതമാനം മാത്രമാണ് ഔറംഗാബാദ് മണ്ഡലത്തിലെ മുസ്‍ലിം ഭൂരിപക്ഷം. പ്രകാശ് അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജന്‍ അഗടിയുമായുള്ള സഖ്യം ദലിത് വോട്ടുകള്‍ പരമാവധി സമാഹരിക്കാന്‍ എ.ഐ.എം.ഐ.എമ്മിന് സാധിച്ചിട്ടുണ്ട്. ശിവസേനാ വിമത സ്ഥാനാര്‍ഥി ഹര്‍ഷവര്‍ദ്ധന്‍ ജാദവിന്റെ സ്ഥാനാര്‍ത്ഥിത്വവും എ.ഐ.എം.ഐ.എമ്മിന് ഗുണകരമായിട്ടുണ്ട്. 2.8 ലക്ഷം വോട്ടുകളാണ് ഹര്‍ഷവര്‍ദ്ധന്‍ ജാദവ് മണ്ഡലത്തില്‍ നിന്നും സമാഹരിച്ചത്. ഇത് സേനയുടെ നിലവിലുള്ള എം.പി ചന്ദ്രകാന്ത് ഖൈറിന് വലിയ തിരിച്ചടിയാണ് നല്‍കിയത്.

എ.ഐ.എം.ഐ.എമ്മിന് ഈ തെരഞ്ഞെടുപ്പ് മികച്ച വിജയമാണ് സമ്മാനിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഉവൈസി നാലാം തവണയാണ് ഹൈദരാബാദില്‍ നിന്നും എതിരാളിയായ ബി.ജെ.പി സ്ഥാനാര്‍ഥി ഭഗവന്ത് റാവുവിനെ തോല്‍പ്പിച്ച് ലോക്സഭയിലേക്ക് പറക്കുന്നത്. 3.5 ലക്ഷം വോട്ടുകളാണ് ഹൈദരാബാദില്‍ നിന്നും ഉവൈസി സ്വന്തമാക്കിയത്. 2014ലെക്കാളും ഏറ്റവും വലിയ മാര്‍ജിനാണ് എ.ഐ.എം.ഐ.എം ഇത്തവണ പെട്ടിയിലാക്കിയത്.

ബിഹാറിലെ കിഷന്‍ഗഞ്ച് മണ്ഡലത്തിലും എ.ഐ.എം.ഐ.എം മികച്ച മല്‍സരമാണ് കാഴ്ച്ചവെച്ചത്. എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി അക്താറുല്‍ ഇമാന്‍ മൊത്തെ വോട്ടിന്റെ 25 ശതമാനമാണ് സ്വന്തമാക്കിയത്. ഈ മൂന്ന് സീറ്റുകളില്‍ മാത്രമാണ് എ.ഐ.എം.ഐ.എം മല്‍സരിച്ചത്.

മുസ്‍ലിം എം.പിമാരെ ഏറ്റവും കൂടുതല്‍ മല്‍സര രംഗത്തിറക്കിയ ഇന്ത്യന്‍ യൂണിയന്‍ മുസ്‍ലിം ലീഗ് മല്‍സരിച്ച മൂന്ന് സ്ഥലങ്ങളില്‍ വിജയം കരസ്ഥമാക്കി. പൊന്നാനിയില്‍ നിന്നും ഇ.ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് നിന്നും പി.കെ കു‍ഞ്ഞാലിക്കുട്ടിയുമാണ് പാര്‍ലമെന്റിലെക്ക് മുസ്‍ലിം എം.പിമാരായി കടക്കുന്നത്. കേരളത്തിന്റെ പുറത്ത് നിന്നും തമിഴ്നാട് രാമനാഥപുരത്ത് നിന്നും മുസ്‍ലിം ലീഗിന് മിന്നുന്ന വിജയം നേടാനായി എന്നത് ഈ തെരഞ്ഞെടുപ്പിന്റെ മിന്നുന്ന ഏടുകളിലൊന്നാണ്. ലീഗിന്റെ നവാസ് കാനിയാണ് രാമനാഥപുരത്ത് നിന്നും വിജയം നേടിയ സ്ഥാനാര്‍ഥി.

ഏറ്റവും ഉയര്‍ന്ന തോതിലുള്ള മുസ്‍ലിം എം.പിമാരെ സംഭാവന ചെയ്തതില്‍ ഉത്തര്‍പ്രദേശാണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്. 6 എം.പിമാരാണ് ഉത്തര്‍പ്രദേശില്‍ നിന്നും മാത്രം പാര്‍ലമെന്റില്‍ എത്തുന്നത്.

ബി.എസ്.പി- ഹാജി ഫസ്‍ലുര്‍ റഹ്‍‍മാന്‍(സഹാറന്‍പൂര്‍), കുന്‍വാര്‍ ഡാനിഷ് അലി(അംറോഹ), അഫ്സല്‍ അന്‍സാരി(ഗാസിപൂര്‍)

എസ്.പി-അസം ഖാന്‍(റാംപൂര്‍), ഷഫീഖ് റഹ്‍മാന്‍ ബര്‍ഖ്(സാംബല്‍), എസ്.ടി ഹുസൈന്‍(മൊറാദാബാദ്).

ഉത്തര്‍പ്രദേശില്‍ സമാജ്‍വാജി പാര്‍ട്ടിയുടെ പകുതിയിലേറെ സീറ്റുകളിലും മുസ്‍ലിം പ്രതിനിധികളാണ് മല്‍സരിച്ചത് എന്നതും ഈ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാണ്. 2014ല്‍ എന്‍.ഡി.എ അധികാരത്തിലേറിയ വര്‍ഷം ഒരൊറ്റ മുസ്‍ലിം എം.പിയും യു.പിയില്‍ നിന്നും പാര്‍ലമെന്റിലെത്തിയിരുന്നില്ല. ആ ചരിത്രം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നത്.

ഇത്തവണ മുസ്‍ലിം എം.പിമാരുടെ എണ്ണത്തില്‍ ചെറിയ നിരാശയുണ്ടാക്കുന്ന പ്രകടനം കാഴ്ച്ചവെച്ചത് പശ്ചിമ ബംഗാളില്‍ നിന്നാണ്. 2014ല്‍ എട്ട് എം.പിമാരെ സംഭാവന ചെയ്ത ബംഗാള്‍ ഇത്തവണ ആറ് പേരെ മാത്രമാണ് പാര്‍ലമെന്റിലേക്കത്തിക്കുന്നത്. ജംഗിപൂരില്‍ നിന്നുള്ള ഖലീലുറഹ്‍മാന്‍, ബഷിര്‍ഹട്ടില്‍ നിന്നും നടന്‍ നുസ്റത്ത് ജഹാന്‍ റുഹി, ഉലുബെയ്റയില്‍ നിന്നും സജ്ദ അഹ്‍മദ്, മുര്‍ഷിദാബാദില്‍ നിന്നും അബു താഹിര്‍ ഖാന്‍, ആരംഭാഗില്‍ നിന്നും അഫ്രീന്‍ അലി എന്നിവരാണ് ബംഗാളില്‍ നിന്നുമുള്ള എം.പിമാര്‍. കോണ്‍ഗ്രസിന്റെ അബു ഹാഷെം ഖാന്‍ ചൌധരി മാല്‍ദാ ദക്ഷിനില്‍ നിന്നും ചെറിയ ലീഡിന് മുന്നിലാണ്.

ബിഹാറില്‍ നിന്നും രണ്ട് മുസ്‍ലിം സ്ഥാനാര്‍ഥികളാണ് മുന്നേറുന്നത്. ലോക്ജനശക്തി പാര്‍ട്ടിയുടെ ചൌധരി മെഹബൂബ് അലി കൈസര്‍, കിശന്‍ഖഞ്ചില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുഹമ്മദ് ജാവേദ് എന്നിവരാണ് ബിഹാറില്‍ നിന്നുള്ള മുസ്‍ലീം സ്ഥാനാര്‍ഥികള്‍. 2014ലേത് സമാനമായി കൈസര്‍ മാത്രമാണ് എന്‍.ഡി.എയില്‍ നിന്നുമുള്ള ഏക മുസ്‍ലിം എം.പി.

30 ശതമാനം ഭൂരിപക്ഷമുള്ള ആസ്സാമില്‍ നിന്നും ആകെ രണ്ട് മുസ്‍ലിം എം.പിമാര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. എ.ഐ.യു.ഡി.എഫിന്റെ ബദറുദ്ദീന്‍ അജമല്‍, കോണ്‍ഗ്രസിന്റെ അബ്ദുല്‍ ഖലീക്ക് എന്നിവരാണ് ആസ്സാമില്‍ നിന്നുമുള്ള മുസ്‍ലിം എം.പിമാര്‍.

ജമ്മു കശ്മീരില്‍ നിന്നും മൂന്ന് മുസ്‍ലിം സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. നാഷണല്‍ കോണ്‍ഫറിന്‍സിന്റെ മൂന്ന് സീറ്റുകളാണ് ജമ്മുവില്‍ നിന്നുമുള്ള മുസ്‍ലിം പ്രാതിനിധ്യം. ശ്രീനഗറില്‍ നിന്നും ഫാറൂഖ് അബ്ദുള്ള, ബാറാമുള്ളയില്‍ നിന്നും മുഹമ്മദ് അക്ബര്‍ ലോന്‍, അനന്ത്നാഗില്‍ നിന്നും മെഹബൂബ മുഫ്തിയെ തകര്‍ത്തടിച്ച ഹസ്നൈന്‍ മസൂദ്ദി എന്നിവരാണ് ആ മൂന്ന് മുസ്‍ലീം എം.പിമാര്‍.

ആലപ്പുഴയില്‍ നിന്നുമുള്ള ഇടത് മുന്നണി സ്ഥാനാര്‍ഥി എ.എം.ആരിഫ്, ലക്ഷദ്വീപില്‍ നിന്നും എന്‍.സി.പിയുടെ മുഹമ്മദ് ഫൈസല്‍ എന്നിവരാണ് വിജയിച്ച മറ്റ് രണ്ട് മുസ്‍ലിം എം.പിമാര്‍. കോണ്‍ഗ്രസില്‍ നിന്നും ഇത്തവണ രണ്ട് മുസ്‍ലിംകളാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. കിശന്‍ഗഞ്ചില്‍ നിന്നുള്ള മുഹമ്മദ് ജാവേദ്, മാല്‍ഡാ ദക്ഷിണില്‍ നിന്നുള്ള എ.കെ ഖാന്‍ ചൌധരി എന്നിവരാണ് കോണ്‍ഗ്രസിന്റെ വിജയിച്ച സ്ഥാനാര്‍ഥികള്‍. 2014ല്‍ നാല് മുസ്‍ലിം എം.പിമാരാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചത്.

കടപ്പാട് : ക്യുന്റ് ന്യൂസ്

https://www.thequint.com/elections/more-muslim-mps-lok-sabha-aimim-iuml-owaisi-imtiaz-jaleel-elections-2019