LiveTV

Live

National

ദേശീയതലത്തിലും ഇടതുപക്ഷത്തിന് വന്‍ തിരിച്ചടി

ബംഗാളിലും ത്രിപുരയിലും ഒരു സീറ്റില്‍ പോലും രണ്ടാം സ്ഥാനത്തെത്താന്‍ സിപിഎമ്മിന് കഴിഞ്ഞില്ല. തെക്കെ ഇന്ത്യയിലെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ആശ്വാസജയം നേടാന്‍ ഇടതുപക്ഷത്തിനായത്.

ദേശീയതലത്തിലും ഇടതുപക്ഷത്തിന് വന്‍ തിരിച്ചടി

നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കുണ്ടാക്കി മത്സരിക്കാനുള്ള തീരുമാനം സി.പി.എം കേന്ദ്രകമ്മിറ്റി കൈകൊണ്ടത്. കോണ്‍ഗ്രസുമായി സഖ്യം പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തെ മുറിപ്പെടുത്താതെയായിരുന്നു തീരുമാനം. എന്നാല്‍ സീറ്റുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളിലേക്ക് കടന്നതോടെ ഇരുപാര്‍ട്ടികളും തമ്മില്‍ അകലുകയും ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ഒരു സഖ്യവുമില്ലാതെ മത്സരിച്ച ബംഗാളില്‍ സി.പി.എമ്മിന് ഒരു സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാനായില്ല എന്നതാണ് യാഥാര്‍ഥ്യം. കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയേറ്റു. 2009 ല്‍ ബംഗാളില്‍ 43 ശതമാനത്തോളം വോട്ടുണ്ടായിരുന്ന ഇടതുപക്ഷത്തിന് 2014 ല്‍ അത് 29 ലേക്ക് കുറയുകയായിരുന്നു ഇത്തവണ അത് വീണ്ടും കുറയാനാണ് സാധ്യത. കൂടാതെ ബംഗാളില്‍ സി.പി.എമ്മിന്‍റെ കോട്ടകളിലിപ്പോള്‍ തൃണമൂലിനെതിരെ ബി.ജെ.പിയാണ് പ്രധാനശക്തിയും.

സി.പി.ഐയുടെ വലിയ പ്രതീക്ഷയായ ബേഗുസറായില്‍ കനയ്യകുമാറിനും മത്സരത്തില്‍ അടിതെറ്റി. വലിയ ആക്രമങ്ങള്‍ നടന്ന ത്രിപുരയില്‍ എങ്ങനെയും തിരിച്ച് വരാമെന്ന പ്രതീക്ഷകളും അസ്ഥാനത്തായി. ഈ ഇടങ്ങളിലൊന്നും രണ്ടാംസ്ഥാനത്ത് പോലും എത്താന്‍ സി.പി.എമ്മിന് കഴിഞ്ഞില്ലായെന്നതാണ് പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നത്.

മോദിക്കെതിരെ മഹാരാഷ്ട്രയിലെ ലോങ് മാര്‍ച്ചിലൂടെ കര്‍ഷകരോഷം ഉയര്‍ത്തിക്കൊണ്ടുവന്ന സി.പി.എമ്മിന് അവിടങ്ങളിലും ഈ തെരഞ്ഞെടുപ്പ് നിരാശയാണ് സമ്മാനിച്ചത്. പഴയ ശക്തികേന്ദ്രങ്ങളായ തെലങ്കാനയിലും ആന്ധ്രയിലും അമ്രാറാമിന്‍റെ രാജസ്ഥാനിലെ സ്ഥിതി വ്യത്യസ്ഥമല്ല. ആശ്വാസമായത് തമിഴ്നാട്ടിലെ സി.പി.എമ്മിന്റെ രണ്ട് സീറ്റുകളടക്കം തെക്കെ ഇന്ത്യയിലെ അഞ്ച് സീറ്റുകള്‍ മാത്രം.