LiveTV

Live

National

ബിഹാറില്‍ വന്‍ മുന്നേറ്റം നടത്തി ബി.ജെ.പി -ജെ.ഡി.യു സഖ്യം 

കഴിഞ്ഞ തവണ ജയിച്ച അഞ്ച് സീറ്റുകളാണ് ഇത്തവണ ബി.ജെ.പി നിധീഷ് കുമാറിന്റെ ജെ.ഡി.യു വിന് വിട്ടു കൊടുത്തത്

ബിഹാറില്‍ വന്‍ മുന്നേറ്റം നടത്തി ബി.ജെ.പി -ജെ.ഡി.യു സഖ്യം 

തമ്മിലടിയും വിമത നീക്കങ്ങളും ബിഹാര്‍ മഹാസഖ്യത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിച്ചപ്പോള്‍ ജെ.ഡി.യു വുമായി ഉണ്ടാക്കിയ മുന്നണിയും സീറ്റ് വിതരണത്തിലെ വിട്ടുവീഴ്ചയും ബി.ജെ.പിക്ക് സംസ്ഥാനത്ത് ഇരട്ടി മധുരമായി മാറി. ആകെയുള്ള 40ല്‍ 38 സീറ്റുകളും എന്‍.ഡി.എ നേടി. കഴിഞ്ഞ തവണ 32 സീറ്റുകളായിരുന്നു എന്‍.ഡി.എ നേടിയത്. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് നേട്ടമുണ്ടാക്കാമെന്ന ആര്‍.ജെ.ഡിയുടെ പ്രതീക്ഷകള്‍ തീര്‍ത്തും പാളിപ്പോയ ചിത്രമാണ് ബിഹാറിലേത്.

കഴിഞ്ഞ തവണ ജയിച്ച അഞ്ച് സീറ്റുകളാണ് ഇത്തവണ ബി.ജെ.പി നിധീഷ് കുമാറിന്റെ ജെ.ഡി.യു വിന് വിട്ടു കൊടുത്തത്. രാം വിലാസ് പാസ്വാന് ആവശ്യമുള്ള സീറ്റ് ഗിരിരാജ് സിംഗില്‍ നിന്നും പിടിച്ചു വാങ്ങിയാണ് ബി.ജെ.പി വെച്ചു മാറിയത്. മറുഭാഗത്ത് സീറ്റ് വിതരണത്തില്‍ നേതാക്കള്‍ തമ്മിലുള്ള കടിപിടി ഉറച്ച ഒരു ഡസന്‍ സീറ്റുകളിലെങ്കിലും മഹാസഖ്യത്തെ പരാജയപ്പെടുത്തി. രണ്ടു തവണ ജയിച്ചുകയറിയ ദര്‍ഭംഗ മണ്ഡലം അബ്ദുല്‍ ബാരി സിദ്ദീഖിക്ക് വിട്ടുകൊടുത്തുവെങ്കിലും ആവശ്യപ്പെട്ട മധുബനി സീറ്റും നല്‍കാതിരുന്നതോടെ അശ്‌റഫ് അലി ഫാത്തിമി ആര്‍.ജെ.ഡയില്‍ നിന്നും രാജിവെച്ച് വിമത നീക്കങ്ങളുമായി രംഗത്തിറങ്ങുകയായിരുന്നു. രണ്ട് ഉറച്ച സീറ്റുകളിലും മഹാസഖ്യത്തിന്റെ പരാജയം ഉറപ്പു വരുത്തുകയാണ് ഫാത്തിമി ചെയ്തത്.

സോപോളില്‍ കോണ്‍ഗ്രസിന്റെ രഞ്ജിത രഞ്ജന്‍ യാദവും അരരിയയില്‍ സര്‍ഫറാസ് ആലവും പരാജയപ്പെട്ടതിന്റെ കാരണം ആര്‍.ജെ.ഡി യുടെ യാദവ വോട്ടുകള്‍ സഖ്യത്തിന് ലഭിക്കാത്തതായിരുന്നു. ബേഗുസരായില്‍ മതേതര താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ ഇടതു സംഘടനകളെ ഒപ്പം നിര്‍ത്താന്‍ കഴിയാഞ്ഞതു കൊണ്ട് ഈ സീറ്റിനു പുറമെ ആരയിലും സഖ്യത്തെ പരാജയപ്പെടുത്തിയ ഘടകമായി സി.പി.ഐ മാറി. മഹാസഖ്യത്തിനകത്ത് സി.പി.ഐ.എം.എല്ലി നെ ഉള്‍പ്പെടുത്തി സീറ്റ് കൊടുത്തിട്ടും സിവാനില്‍ അവര്‍ വിമതരായി മത്സരിച്ച് സഖ്യ സ്ഥാനാര്‍ഥിയായ ഹിനാ ശേബയെ തോല്‍പ്പിച്ചു.

ബിഹാറില്‍ വന്‍ മുന്നേറ്റം നടത്തി ബി.ജെ.പി -ജെ.ഡി.യു സഖ്യം 

ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ജയിലിലായതോടെ സഖ്യത്തിനകത്തെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയുള്ള നേതാവായിരുന്നില്ല തേജസ്വി യാദവ്. മിഥിലാഞ്ചല്‍, കോശി, സീമാഞ്ചല്‍ മേഖലകളില്‍ ന്യൂനപക്ഷ വോട്ടുകളെ ജെ.ഡി.യു പിളര്‍ത്തുന്നുണ്ടായിരുന്നു. മികച്ച പ്രചാരണത്തിലൂടെ ഇതിനെ മറികടക്കാന്‍ മഹാസഖ്യത്തിന് കഴിഞ്ഞില്ല. ഈ മേഖലകളില്‍ മതേതര സഖ്യത്തിനകത്തെ പല പ്രമുഖരെയും തഴഞ്ഞ് മാഞ്ചി, ജിതിന്റാം മുകേഷ് സഹാനി, ഉപന്ദ്രേ കുശവാഹ തുടങ്ങിയ ഘടകകക്ഷി നേതാക്കള്‍ക്ക് സീറ്റുകള്‍ കൊടുത്തതും പരാജയത്തിന്റെ ആക്കം കൂട്ടി.