LiveTV

Live

National

മോദിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് പിന്നിലെ അഞ്ചു കാരണങ്ങള്‍

കഴിഞ്ഞ ഫെബ്രുവരിയിൽ പുൽവാമയിലുണ്ടായ തീവ്രവാദ ആക്രമണവും തുടർന്നുണ്ടായ യുദ്ധോൽത്സുകതയും ദേശീയതാ വികാരവും കൃത്യമായും ബുദ്ധിപരമായും ഉപയോഗിക്കുന്നതിൽ അവർ വിജയിച്ചു

മോദിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് പിന്നിലെ അഞ്ചു കാരണങ്ങള്‍

അടുത്ത അഞ്ചു വർഷം കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ ഭരിക്കും . ഈ വിജയത്തെ കുറിച്ച് വരും ദിവസങ്ങളിൽ മാത്രമല്ല, ഒരു പക്ഷെ വർഷങ്ങളോളം വിവിധ കോണുകളിലൂടെയുള്ള വിശകലനങ്ങളുണ്ടായേക്കാം.രണ്ടാം തവണയിൽ മോഡിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് പിന്നിലെ അഞ്ചു കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ഇവിടെ

വൈകാരിക കാരണങ്ങള്‍

ബി.ജെ.പി തങ്ങളുടെ വിജയ ക്യാമ്പയിനുകളിലുടനീളം ഉയർത്തി കാട്ടിയിരുന്ന പ്രധാന തീം മോദിയുടെ വ്യക്തിത്വവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ ചൂഴ്ന്ന് നിൽക്കുന്ന ഹിന്ദുത്വ ദേശീയതയുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പുൽവാമയിലുണ്ടായ തീവ്രവാദ ആക്രമണവും തുടർന്നുണ്ടായ യുദ്ധോൽത്സുകതയും ദേശീയതാ വികാരവും കൃത്യമായും ബുദ്ധിപരമായും ഉപയോഗിക്കുന്നതിൽ അവർ വിജയിച്ചു.

ദേശീയ സുരക്ഷയെ കുറിച്ചുള്ള ആഖ്യാനങ്ങള്‍

പുതുതായി കൂട്ടിച്ചേർത്ത ദേശീയ സുരക്ഷയെ കുറിച്ചുള്ള ആഖ്യാനങ്ങള്‍ ജാതി സമവാക്യങ്ങളെ നിഷ്പ്രഭമാക്കുകയും ഹിന്ദു വോട്ട് ബാങ്ക് എകീകരണത്തിന് കാരണമാവുകയും ചെയ്തു. 2014 ലും ഇതേ പ്രതിഭാസം വ്യക്തമായി ഉണ്ടായിരുന്നെങ്കിലും ഇക്കുറി ഇത് ദുർബലമായില്ലെന്ന് മാത്രമല്ല കൂടുതൽ സ്ഥലങ്ങളിൽ സ്വാധീനം ചെലുത്തുകയും ചെയ്തു. 2014 ൽ ബി.ജെ.പി യോടൊപ്പം നിന്നയിടങ്ങള്‍ കൂടെ നിന്നെന്ന് മാത്രമല്ല ഇക്കുറി കൂടുതലിടങ്ങളിലേക്ക്- വിശിഷ്യാ പശ്ചിമ ബംഗാളിൽ- തങ്ങളുടെ വഴി വെട്ടി തെളിയിക്കുകയും ചെയ്തിരിക്കുന്നു.

ഗവർമെന്റിന്റെ പ്രകടനത്തെ കുറിച്ചുള്ള ചർച്ചകളുടെ അഭാവം

ഗവർമെന്റിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രകടനത്തെ കുറിച്ചുള്ള ചർച്ചകള്‍ എവിടെയും ഉണ്ടായിരുന്നില്ല. മുകളിൽ സൂചിപ്പിച്ച കാരണങ്ങള്‍ കൊണ്ടു തന്നെ മോദിക്ക് തന്റെ ഗവർമെന്റിന്റെ പ്രകടനത്തെക്കുറിച്ചുള്ള ഏതൊരു ചർച്ചയും വഴി തിരിച്ചു വിടാൻ കഴിഞ്ഞു. വൃത്തികെട്ട മീഡിയകളിൽ വലിയൊരു വിഭാഗം മോദിയെ അതിന് സഹായിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വർഷത്തെ മോദിയുടെ പ്രകടനം സംബന്ധിച്ച ചർച്ചകള്‍ ക്ഷേമ പദ്ധതികളെ കുറിച്ച് മാത്രമായപ്പോള്‍ നോട്ട് നിരോധനം, തൊഴിൽരാഹിത്യം, സാമ്പത്തിക വളർച്ച പോലുള്ള വിവാദ വിഷയങ്ങള്‍ പൊതു ജനങ്ങള്‍ക്കിടയിലെ ചർച്ചകളിൽ ഇടം കണ്ടെത്തിയതുമില്ല.

കോൺഗ്രസ്സിന്റെ യാന്ത്രികമായ ക്യാമ്പയിൻ

ബി.ജെ.പിയുടെ കാലികവും നിരന്തരം പുതുക്കിക്കൊണ്ടിരുന്നതുമായ മുദ്രാവാക്യങ്ങളുമായി വെച്ച് നോക്കുമ്പോള്‍ “രാഹുൽ ഒരു പൂണൂൽധാരിയായ ഹിന്ദുവാണ്” എന്നൊക്കെയുള്ള കോൺഗ്രസ് കമ്മ്യൂണിക്കേഷൻ തലവന്റെ ആവർത്തന വിരസതയുളവാക്കുന്ന മുദ്രാവാക്യങ്ങള്‍ ഫലത്തിൽ പൊതു ജനങ്ങളുമായി സംവദിക്കുന്നതിൽ പരാജയപ്പെട്ടു. ‘ന്യായ്’ പോലുള്ള കോൺഗ്രസിന്റെ വമ്പൻ തെരഞ്ഞടുപ്പ് ഓഫറുകള്‍ ഗ്രൌണ്ടിൽ യാതൊരു ചലനവും സൃഷ്ടിച്ചില്ല. കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിന്റെ ദൗർബല്യങ്ങള്‍ അതിന്റെ ദുർബലമായ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ പിഴവുകള്‍ മൂലം തുറന്നു കാട്ടപ്പെട്ടു. ലോകത്തെല്ലായിടത്തെയും ലിബറൽ രാഷ്ടീയ നേതാക്കന്മാരുടെയും ശാപമായ അസിസ്റ്റന്റുമാരെ അമിതമായി ആശ്രയിക്കലെന്ന പ്രശ്നം രാഹുൽ ഗാന്ധിയെ സ്വതസിദ്ധമായ രീതിലുള്ള രാഷ്ട്രീയ ഇച്ഛാശക്തി കൈവരിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തു.

സംഭവിക്കാതിരുന്ന സഖ്യങ്ങള്‍

ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിന്റെ അഭാവത്തിന്റെ കാരണം കോൺഗ്രസിൽ ചാരാൻ ശ്രമിച്ചാലും, കഥ കുറച്ച് കൂടി സങ്കീർണമാണ്. പ്രാദേശിക പാർട്ടികൾക്ക് കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കാൻ പൊതുവെ താൽപര്യക്കുറവായിരുന്നെങ്കിലും. ബഹുജൻ സമാജ് പാർട്ടി ( ബി.എസ്.പി ) യുമായി സഖ്യമുണ്ടാക്കാൻ രാഹുൽ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും നടത്തിയ ശ്രമങ്ങൾ ബി.എസ്.പി നേതാവ് മായാവതിയാണ് ഇല്ലാതാക്കിയത്. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യം ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും പിന്നീട് തന്ത്രപരമായി വേണ്ടെന്ന് വെച്ചു. ഈ വർഷം അവസാനം വരാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആം ആദ്മി ഇപ്പോഴേ കോൺഗ്രസ്സിനെ കുറ്റപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടി ( എസ്.പി )-ബി.എസ്.പി സഖ്യത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ , അത് പ്രാഥമികമായി പ്രതീക്ഷിച്ചിരുന്ന അത്രത്തോളം ഗ്രൗണ്ടിൽ പ്രവർത്തിച്ചില്ലെന്ന് തെളിയിക്കുന്നു.

ഈ ഘടകങ്ങളെല്ലാം മോദി രണ്ടാം തവണയും വിജയിക്കാൻ കാരണമായതായി കാണാം.പക്ഷെ ആദ്യം പറഞ്ഞ കാരണമാണ് ഇതിൽ ഏറ്റവും പ്രധാനം. അല്ലാത്ത പക്ഷം ഒന്നും അയാളുടെയും പാർട്ടിയുടെയും വഴിയെ വരുമായിരുന്നില്ല.

കടപ്പാട് : ദ ഹിന്ദു