LiveTV

Live

National

ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി അധികാരത്തിലേക്ക്

ബാലക്കോട്ട് ആക്രമണവും ഹിന്ദുത്വ അജണ്ടയും പ്രചാരണ വിഷയമാക്കിയ ബി.ജെ.പി ഉത്തരേന്ത്യന്‍ മണ്ണില്‍ വേരൂന്നിയാണ് വിജയം ആവര്‍ത്തിച്ചത്.

ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി അധികാരത്തിലേക്ക്

പ്രൌഢമായ വിജയത്തോടെ ബി.ജെ.പി വീണ്ടും അധികാരത്തിലേക്ക്. 300 സീറ്റുകളോടെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കിയാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തുന്നത്. ബാലക്കോട്ട് ആക്രമണവും ഹിന്ദുത്വ അജണ്ടയും പ്രചാരണ വിഷയമാക്കിയ ബി.ജെ.പി ഉത്തരേന്ത്യന്‍ മണ്ണില്‍ വേരൂന്നിയാണ് വിജയം ആവര്‍ത്തിച്ചത്.

കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് യു.പിയില്‍ ഗംഭീര പ്രകടനം. എസ്.പി- ബി.എസ്.പി-ആര്‍എല്‍ഡി മഹാസഖ്യമുണ്ടായിട്ടും യു.പിയില്‍ ബി.ജെ.പി നേടിയത് 60 സീറ്റ്. സിറ്റിങ് മണ്ഡലമായ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തന്നെ തറ പറ്റിച്ചു. ഗുജറാത്ത് വീണ്ടും ബി.ജെ.പി തൂത്തുവാരിയപ്പോള്‍ ദേശിയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഗാന്ധി നഗറില്‍ റെക്കോഡ് ഭൂരിപക്ഷം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലൊന്നും ബി.ജെ.പിയ്ക്ക് മറുപടിയില്ല. ഹിന്ദി ഹൃദയഭൂമിയില്‍ താമരയുടെ വേര് ആഴത്തിലാണെന്ന് തെളിയിച്ച പ്രകടനം.

മഹാരാഷ്ട്രയിലും ബിഹാറിലും ഘടകകക്ഷികള്‍ക്കൊപ്പം മിന്നി നിന്നു താമര. പശ്ചിമ ബംഗാളില്‍ മമതയുടെ കോട്ടയിലേക്ക് കടന്നു കയറി. അസമിലും ഒഡീഷയിലും സീറ്റുകളുടെ എണ്ണം മെച്ചപ്പെടുത്തി. തെലങ്കാനയില്‍ അത്ഭുതം തീര്‍ത്തു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് - ജനതാദള്‍ സഖ്യത്തെ നിഷ്പ്രഭമാക്കി. ആകെ തകര്‍ന്നത് കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും മാത്രം.

ഘടകകക്ഷികള്‍ വിജയിച്ച സീറ്റുകളുടെ എണ്ണം കൂടി കണക്കാക്കിയാല്‍ രണ്ടാം എന്‍.ഡി.എക്ക് പതിനേഴാമത് ലോക്സഭയില്‍ 340ഓളം അംഗങ്ങളുടെ പിന്തുണയുണ്ടാകും. ബാലക്കോട്ട് വ്യോമാക്രമണം തുരുപ്പുചീട്ടാക്കി രാജ്യത്തെ കാക്കാന്‍ കരുത്തുറ്റ നേതാവെന്ന പ്രതിച്ഛായ മോദിയ്ക്ക് സമ്മാനിച്ചതിന്റെ ഫലം കൊയ്തു ബി.ജെ.പി. ഇതിനൊപ്പം ഹിന്ദുത്വ ആശയങ്ങള്‍ക്ക് കിട്ടിയ വേരോട്ടവും അധികാരത്തുടര്‍ച്ചയ്ക്ക് വഴിയൊരുക്കി.