LiveTV

Live

National

തമിഴ്നാട്ടില്‍ ഭരണം നഷ്ടമാകുമോ എന്ന ആശങ്കയില്‍ അണ്ണാഡി.എം.കെ

ഡി.എം.കെ യ്ക്ക് 97 സീറ്റുകളുണ്ട് നിലവില്‍. ഭരണത്തിലെത്താന്‍ 21 സീറ്റുകള്‍ ജയിക്കണം

തമിഴ്നാട്ടില്‍  ഭരണം നഷ്ടമാകുമോ എന്ന ആശങ്കയില്‍ അണ്ണാഡി.എം.കെ

തമിഴ്നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 22 നിയമസഭാ മണ്ഡലങ്ങളുടെ ഫലം വരുമ്പോള്‍, ഭരണം പോകുമോ എന്ന ആശങ്കയിലാണ് അണ്ണാഡി.എം.കെ. നിലവിലെ സാഹചര്യത്തില്‍ 10 സീറ്റുകളിലെങ്കിലും വിജയിച്ചാലേ സുസ്ഥിര ഭരണത്തിന് സാധ്യതയുള്ളു. അതിനിടെ, എല്ലാ പ്രചാരണ യോഗങ്ങളിലും തമിഴ്നാട്ടില്‍ ഭരണമാറ്റമുണ്ടാകുമെന്നാണ് എം.കെ സ്റ്റാലിന്‍ ആവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ അണ്ണാ ഡി.എം.കെയ്ക്ക് ഉള്ളത്, വെറും മൂന്ന് സീറ്റുകള്‍ മാത്രം. 14 സീറ്റുകളില്‍ ഡി.എം.കെ വരും. അഞ്ച് സീറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 114 പേരുടെ പിന്തുണയാണ് അണ്ണാഡി.എം.കെ സര്‍ക്കാറിന് ഇപ്പോഴുള്ളത്. ഇതില്‍ മൂന്ന് സ്വതന്ത്രര്‍ ഉള്‍പ്പെടെ ആറ് പേര്‍ എപ്പോള്‍ വേണമെങ്കിലും മറുകണ്ടം ചാടും. അങ്ങനെ വരുമ്പോള്‍ ഉറപ്പിച്ചു പറയാവുന്നത് 108 പേരുടെ പിന്തുണ. ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ, കേവല ഭൂരിപക്ഷം 118 ആവും. 10 പേരെ കൂടി വിജയിപ്പിച്ചാലേ ഭരണം തുടരാന്‍ സാധിക്കൂ.

ഡി.എം.കെയ്ക്ക് 97 സീറ്റുകളുണ്ട് നിലവില്‍. ഭരണത്തിലെത്താന്‍ 21 സീറ്റുകള്‍ ജയിക്കണം. തന്നോടൊപ്പം നിന്നതിന് അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുടെ മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ്, ടി .ടി. വി ദിനകരനെ സംബന്ധിച്ച് നിര്‍ണായകമാണ്. കുറച്ചു സീറ്റുകളെങ്കിലും നേടി, അണ്ണാഡി.എം.കെയുടെ തലപ്പത്തേയ്ക്ക് തിരിച്ചെത്താനാണ് ദിനകരന്റെ ശ്രമം. ദിനകരന് അനുകൂലമായി നില്‍ക്കുന്ന മൂന്ന് എം.എല്‍.എമാരെ കൂടി അയോഗ്യരാക്കി സഭയിലെ അംഗസംഖ്യ കുറയ്ക്കാനുള്ള നീക്കം കൂടി നടത്തുന്നുണ്ട് അണ്ണാഡി.എം.കെ.