LiveTV

Live

National

‘’എന്തുകൊണ്ട് ഞങ്ങള്‍ വോട്ട് ചെയ്തില്ല...’’-കശ്‍മീര്‍ ജനത പറയുന്നു...

കശ്‍മീര്‍ താഴ്‌വരയിലെ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ താത്‍പര്യം വളരെ കുറവാണ്. അഞ്ച് ഘട്ടങ്ങളായാണ് കശ്‍മീരിൽ വോട്ടെടുപ്പ് നടന്നത്.  ശ്രീനഗറിലെ 90 ബൂത്തുകളിൽ ഒരാൾ പോലും വോട്ട് ചെയ്തിരുന്നില്ല.

‘’എന്തുകൊണ്ട് ഞങ്ങള്‍ വോട്ട് ചെയ്തില്ല...’’-കശ്‍മീര്‍ ജനത പറയുന്നു...

''ഞാൻ വോട്ട് ചെയ്തില്ല. എന്‍റെ വീട്ടുകാരും ചെയ്തില്ല. ഏത് പാർട്ടി വന്നാലും ഞങ്ങളുടെ കാര്യത്തിൽ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല." -കശ്മീരിലെ തെരഞ്ഞെടുപ്പ് വിശേഷം ചോദിച്ചപ്പോൾ സുഹൃത്ത് ഇഷ്‍ഫാഖ് മജീദ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു..

ഇഷ്‍ഫാഖ് മജീദ്
ഇഷ്‍ഫാഖ് മജീദ്

കശ്‍മീര്‍ താഴ്‌വരയിലെ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ താത്‍പര്യം വളരെ കുറവാണ്. അഞ്ച് ഘട്ടങ്ങളായാണ് കശ്‍മീരിൽ വോട്ടെടുപ്പ് നടന്നത്. രണ്ടാംഘട്ട വോട്ടെടുപ്പിൽ ശ്രീനഗറിലെ 90 ബൂത്തുകളിൽ ഒരാൾ പോലും വോട്ട് ചെയ്തിരുന്നില്ല. ശ്രീനഗർ ലോക്‍സഭ മണ്ഡലത്തിൽ ആകെ രേഖപ്പെടുത്തിയത് 14.8 ശതമാനമാണ്. ആനന്ദ് നാഗിൽ 8.76 ശതമാനം പേര് മാത്രമാണ് വോട്ട് ചെയ്തത്. ബാരമുളയിൽ 34.71 ശതമാനം ആളുകളും വോട്ട് ചെയ്തു.

ഈ ലോക്‍സഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ബി.ജെ.പിയും കശ്‍മീർ വിഷയങ്ങൾ ഉയർത്തിക്കാണിക്കുന്നു. തെരഞ്ഞെടുപ്പ് ജയിച്ചാൽ അഫ്‍സ്‍പ (AFSPA) നിയമം പുനഃപരിശോധിക്കുമെന്നും കശ്‍മീർ താഴ്‌വരയിലെ സൈനിക സാന്നിധ്യം കുറച്ച്, അതിർത്തിയിൽ സൈനിക ശക്തി വർധിപ്പിക്കുമെന്നും കോണ്‍ഗ്രസ് വാഗ്‍ദാനം നൽകുന്നു. ബി.ജെ.പിയാകട്ടെ ജമ്മു കശ്‍‍മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിക്കുമെന്നും കശ്‍‍മീരിൽ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്നും അവകാശപ്പെടുന്നു. കശ്‍‍മീരിലെ പ്രാദേശിക പാർട്ടികളും മത്സരരംഗത്തുണ്ട്.

ഈ ലോക്‍സഭാ തെരഞ്ഞെടുപ്പ് കാലത്ത് നീറി കഴിയുന്ന കുറച്ചു കുടുംബങ്ങളുണ്ട് താഴ്‌വരയിൽ. 2017 ഏപ്രിൽ 9ന് ശ്രീനഗർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കൊല്ലപ്പെട്ടത് നിരവധി പേരാണ്.

നിസാർ അഹമ്മദ് മിർന്റെ കുടുംബം  
നിസാർ അഹമ്മദ് മിർന്റെ കുടുംബം  

"അന്ന് ഞങ്ങളാരും വോട്ട് ചെയ്തിരുന്നില്ല. ഞാൻ ഉച്ചഭക്ഷണം കഴിച്ച് പുറത്തിറങ്ങി. അടുത്തുള്ള പാലത്തിനു സമീപം എത്തിയപ്പോൾ മകനെ കണ്ടിരുന്നു. പോളിങ് സ്റ്റേഷന് സമീപം കുറച്ചു ആളുകൾ കൂടി നിന്നിരുന്നു. പെട്ടെന്ന് ഒരു ബസ് വന്നു നിന്നു. കുറച്ചു പട്ടാളക്കാർ അതിൽ നിന്നും ഇറങ്ങി ഒരു മുന്നറിയിപ്പും നൽകാതെ വെടിവെക്കാൻ തുടങ്ങി. എന്റെ മകനെയും അവർ കൊന്നു."

ബഡ്ഗാം ജില്ലയിലെ കാവൂസയിൽ നടന്ന പട്ടാള വെടിവെപ്പിൽ കൊല്ലപ്പെട്ട ആദിൽ അഹമ്മദിന്റെ പിതാവ് പറഞ്ഞ വാക്കുകൾ. കൊല്ലപ്പെടുമ്പോൾ ആദിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. പഠിക്കാൻ സമർത്ഥനയിരുന്ന അവന്‍റെ ആഗ്രഹം ഒരു ഡോക്ടറായി തീരുക എന്നതായിരുന്നു. വിവാഹത്തിന് ഭക്ഷണം ഉണ്ടാക്കി നൽകുന്ന തൊഴിലാണ് ആദിലിന്‍റെ പിതാവായ ഫറൂഖ് അഹമ്മദിന്. മകനെ പഠിപ്പിക്കാൻ പണം പോരാതെ വരും എന്നുള്ളത് കൊണ്ട് പിതാവിന് പാരമ്പര്യമായി കിട്ടിയിരുന്ന രണ്ടേക്കർ വരുന്ന കൃഷിഭൂമി വിൽക്കുവാനുള്ള ഒരുക്കത്തിലായിരുന്നു. അങ്ങനെ കിട്ടുന്ന പണം കൊണ്ട് മകനെ ബംഗ്ലാദേശിൽ വിട്ട് പഠിപ്പിക്കണം. ഡോക്ടറായി വരുന്ന മകൻ താഴ്‌വരയിലെ സാധുജനങ്ങളെ പരിപാലിക്കുന്നതും മൂന്നു പെണ്‍മക്കളുടെ വിവാഹം ഗംഭീരമായി നടത്തുന്നതും, അങ്ങനെ ഒരുപാട് സ്വപ്നങ്ങൾ ആ പിതാവ് കണ്ടിരുന്നു. മകനെ കൊന്നവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരിക എന്നു മാത്രമാണ് ഇപ്പോൾ ഈ പിതാവ് ആവശ്യപ്പെടുന്നത്.

ആദിൽ അഹമ്മദ് ഷെയ്ക്കിന്‍റെ ചിത്രവുമായി പിതാവ്  
ആദിൽ അഹമ്മദ് ഷെയ്ക്കിന്‍റെ ചിത്രവുമായി പിതാവ്  

ആ ദിവസം തന്നെ അല്‍പം അകലെയുള്ള മറ്റൊരു പോളിങ് സ്റ്റേഷനിലും വെടിപ്പുണ്ടായി. നിസാർ മുഹമ്മദ് മിർ എന്ന 24 വയസ്സുള്ള യുവാവ്, പട്ടാളക്കാരാൽ കൊല്ലപ്പെട്ടു.

"ഞങ്ങളുടെ വീട്ടിലെ പ്രധാന വരുമാനം അവനായിരുന്നു. എല്ലാ പണിക്കും പോകുമായിരുന്നു. അന്നത്തെ ദിവസം പുറത്തു പോയ എന്‍റെ മകൻ മരിച്ചു എന്ന വാർത്തയാണ് കേട്ടത്. ആദ്യം ഞാനത് വിശ്വസിച്ചില്ല. പിന്നെയാണ് അറിഞ്ഞത് അവനെ പട്ടാളക്കാർ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നു. പട്ടാളക്കാരെ ആരൊക്കെയോ കല്ലെറിഞ്ഞു എന്നാണ് പറയുന്നത്. അവൻ എറിഞ്ഞിട്ടില്ല. അവൻ അങ്ങനെ ചെയ്യില്ല. എന്റെ മോന്‍റെ മയ്യത്ത് കിട്ടിയപ്പോൾ തലയിൽ വെടിയുണ്ട തറച്ച നിലയിലായിരുന്നു. ഇന്ത്യൻ പട്ടാളം എന്‍റെ മോനെ കൊന്നു കളഞ്ഞതാണ്..." -നിറകണ്ണുകളോടെ നിസാറിന്‍റെ ഉമ്മ ഹാജ പറയുന്നു.

നിസാർ അഹമ്മദ് മീറിന്റെ ചിത്രവുമായി മാതാവ് ഹാജാ
നിസാർ അഹമ്മദ് മീറിന്റെ ചിത്രവുമായി മാതാവ് ഹാജാ

2017 ഏപ്രിൽ 9 നു റാത്സൻ എന്ന സ്ഥലത്ത് മാത്രം പട്ടാളക്കാരാൽ കൊല്ലപ്പെട്ടത് ഏഴ് പേരാണ്. 2014 ൽ 25% വോട്ട് രേഖപ്പെടുത്തിയിരുന്ന കശ്‍‍മീർ മണ്ഡലത്തിൽ ഇന്ന് 14 % ലേക്ക് താഴാൻ ഈ സംഭവങ്ങളും കാരണമാണ്.

തെരഞ്ഞെടുപ്പിൽ പണ്ഡിറ്റ് വിഷയം ഉയർത്തിയ ബി.ജെ.പി യും കോണ്‍ഗ്രസും മറ്റു രാഷ്ട്രീയ പാർട്ടികളും മുതലെടുപ്പ് രാഷ്ട്രീയം കളിക്കുകയാണെന്ന ആക്ഷേപമാണ് ആശാ ഭട്ട് എന്ന മുൻ പഞ്ചായത്ത് മെമ്പർക്കുള്ളത്. കശ്‍‍മീരിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ നിന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ആദ്യ പണ്ഡിറ്റ് വനിതയാണ് ആശ ഭട്ട്.

ആശ ഭട്ട്
ആശ ഭട്ട്

"കശ്‍‍മീരിലെ മുസ്‍ലിംകൾ പണ്ഡിറ്റുകളെ ഓടിച്ചു എന്നു പറയില്ല ഞാൻ. കശ്മീരിലെ തീവ്രവാദികളാണ് ഞങ്ങളെ ഉപദ്രവിച്ചത്. എന്തുകൊണ്ടാണ് ഞാൻ മുസ്‍ലിംകൾ ഞങ്ങളെ ആക്രമിച്ചു എന്നു പറയാത്തത് എന്നു വെച്ചാൽ തൊണ്ണൂറിന്റെ തുടക്കത്തിൽ താഴ്‌വര ഉപേക്ഷിച്ചു പോകാനൊരുങ്ങിയപ്പോൾ, അന്ന് ഞങ്ങളെ പോകാൻ അനുവദിക്കാതിരുന്നതും ഞങ്ങൾക്ക് സംരക്ഷണം ഒരുക്കിയതും ഇവിടുത്തെ മുസ്‍ലിംകളാണ്. അഫ്സ്പ ഇവിടെ നിലനിർത്തുന്നത് രാഷ്ട്രീയലാഭത്തിന് വേണ്ടിയാണ്. ഒരിക്കൽ എന്‍റെ ഭർത്താവിനെയും ഒരു മുസ്‍ലിം പയ്യനെയും പട്ടാളക്കാർ പിടിച്ചുകൊണ്ടുപോയി. പട്ടാളക്കാരോട് കേണപേക്ഷിച്ചു ഭർത്താവിനെ വിട്ടു തരാൻ. ആ പയ്യൻ എന്‍റെ മകനാണെന്ന് ഞാൻ കളവ് പറഞ്ഞു. അങ്ങനെയാണ് അവർ ആ പയ്യനെയും വിട്ടയച്ചത്." -അഫ്സ്പ എന്ന നിയമം കൊണ്ട് തങ്ങൾ അനുഭവിച്ച കഷ്ടതകൾ ആശാ ഭട്ട് പറയുന്നു.

ആശ ഭട്ട് കുടുംബത്തോടൊപ്പം
ആശ ഭട്ട് കുടുംബത്തോടൊപ്പം

''ഇന്ത്യയും പാകിസ്ഥാനും കശ്‍മീരിന്‍റെ പേരിൽ തമ്മിലടിച്ചു തങ്ങളെ ബുദ്ധിമുട്ടിക്കാതെ പരസ്‍പരം ചർച്ച ചെയ്ത് താഴ്‌വരയിൽ സമാധാനം കൊണ്ടുവരണം. അങ്ങനെയെങ്കിൽ മാത്രമേ കശ‍്‍മീരിൽ സമാധാനം ഉണ്ടാകൂ. പട്ടാളം ആണെങ്കിലും തീവ്രവാദിയാണെങ്കിലും തോക്ക് ഏന്തുന്നവരെയെല്ലാം ഞങ്ങൾക്ക് ഭയമാണ്. ഞങ്ങൾക്ക് ഈ താഴ്‌വരയിൽ സമാധാനത്തോടെ ജീവിക്കണം...'' -ആശ ഭട്ട് കൂട്ടിച്ചേര്‍ത്തു.