LiveTV

Live

National

ഇ.വി.എം വിവാദത്തെ കുറിച്ച് അറിയേണ്ടതെല്ലാം

ഇ.വി.എമ്മുകള്‍ വേണ്ട സുരക്ഷാക്രമീകരണങ്ങളൊന്നും കൂടാതെയാണ് കൊണ്ടുപോയതെന്ന ആരോപണം മൂലം ഇ.വി.എം തിരിമറി സംബന്ധിച്ച വാർത്തകള്‍ ഒരിക്കൽ കൂടി വാർത്തകളിൽ നിറയുകയാണ്

ഇ.വി.എം വിവാദത്തെ കുറിച്ച് അറിയേണ്ടതെല്ലാം

തിരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യയവലംബിക്കുന്ന ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടത്താൻ കഴിയുമെന്ന സന്ദേഹം രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും കഴിഞ്ഞ കുറേ കാലമായി ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച്ച പുറത്ത് വരാനിരിക്കെ ഇ.വി.എമ്മുകള്‍ വേണ്ട സുരക്ഷാക്രമീകരണങ്ങളൊന്നും കൂടാതെയാണ് കൊണ്ടുപോയതെന്ന ആരോപണം മൂലം ഇ.വി.എം തിരിമറി സംബന്ധിച്ച വാർത്തകള്‍ ഒരിക്കൽ കൂടി വാർത്തകളിൽ നിറയുകയാണ്

ചിലവ് കുറഞ്ഞതും ലളിതവുമായ യന്ത്രങ്ങളാണ് ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കുന്നത് . ലോകാടിസ്ഥാനത്തിൽ തന്നെ ദേശീയ തെരഞ്ഞെടുപ്പുകളിൽ പേപ്പർ ബാലറ്റുകളിൽ നിന്ന് ഇ.വി.എമ്മുകളിലേക്ക് പൂർണമായി മാറിയത് വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമാണ്.എന്നാൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ പഴയ ബാലറ്റ് പേപ്പർ വോട്ടിംഗ് രീതിയിൽ നിലനിന്നിരുന്ന വോട്ടിംഗ് തിരിമറി കുറഞ്ഞതിനുള്ള കാരണം ഇ.വി.എമ്മുകളാണ് എന്നാണ് പൊതു അഭിപ്രായം.

ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യാൻ കഴിയുമോ ?

ലളിതമായി പറഞ്ഞാൽ കഴിയും എന്ന് തന്നെയാണ് ഉത്തരം. കാരണം ഏത് യന്ത്രവും ഹാക്ക് ചെയ്യാൻ കഴിയുന്നതാണ്. പക്ഷേ അത് വളരെ ബുദ്ധിമുട്ടേറിയ സംഗതിയാണ്. ഇ.വി.എമ്മുകള്‍ പരസ്പരബന്ധമുള്ള സംവിധാനമല്ലാത്തതിനാൽ തന്നെ അവയുടെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്താൻ ഇ.വി.എമ്മുകള്‍ നേരിട്ട് കൈകാര്യം ചെയ്യാൻ അവസരമുണ്ടാകണം. അതായത് ഇ.വി.എം ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നവർ രാജ്യത്തിലുടനീളമുള്ള പോളിംഗ് ബൂത്തുകളുടെ പരിസരങ്ങളിലുണ്ടാവണം. അതും അധികാരികളും മറ്റു പാർട്ടികളുടെ ഏജന്റുമാരും അറിയാതെ.ഇത് തീർത്തും അസംഭവ്യമാണ്.

വോട്ട് തിരിമറി നടത്തുന്നതിന് ലളിതമായ ഒരു മാർഗ്ഗം ഉണ്ട്. മറ്റാരെങ്കിലും ബട്ടൺ അമർത്തിപ്പിടിക്കുക. ഹരിയാനയിലെ ഫരീദാബാദിൽ ബി.ജെ.പി പോളിംഗ് ഏജന്റ് ബാലറ്റിംഗ് യൂണിറ്റിലേക്ക് പോവുകയും, വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടാക്കുന്നതിനും മുമ്പ് ബട്ടൺ അമർത്തുന്ന വീഡിയോ ക്ലിപ്പുകൾ പുറത്ത് വന്നതോടെ റീ പോളിംഗിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിടുകയുണ്ടായി. ഇത്തരത്തിലുള്ള നഗ്നമായ ലംഘനങ്ങള്‍ രാഷ്ട്രീയ കക്ഷികളുടെ പോളിങ് ഏജന്റുമാർക്കും കമ്മീഷന്റെ നിരീക്ഷകർക്കും തടയാൻ കഴിയും.

എന്താണ് ഏറ്റവും പുതിയ ആശങ്ക ?

രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിൽ നിന്നായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങളിൽ അനുശാസിക്കുന ഉചിതമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഇവിഎമ്മുകൾ കൊണ്ടുപോവുന്ന വീഡിയോകളും റിപ്പോർട്ടുകളും കണ്ടെത്തുകയുണ്ടായി .ഇത് ജനങ്ങള്‍ വോട്ട് ചെയ്ത ഇ.വി.എമ്മുകളിൽ തിരിമറി നടത്തുന്നതിന് പകരം പുതിയവ മാറ്റി വെക്കാൻ ഭരണപക്ഷം ശ്രമിക്കുന്നുവെന്ന സന്ദേഹമുണർത്തിയിട്ടുണ്ട്.

എന്നാൽ വോട്ടുചെയ്യാൻ ഉപയോഗിച്ച ഇ.വി.എമ്മുകളെല്ലാം തന്നെ 24 മണിക്കൂറും സുരക്ഷയും, സി.സി. ടിവി പരിശോധനയും അതിലധികവുമുള്ള ശക്തമായ മുറികളിലാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ അവകാശവാദം തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ വീഡിയോകളിലുള്ള യന്ത്രങ്ങളെല്ലാം തന്നെ വോട്ടിംഗ് സമയത്ത് ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത ഇ.വി.എമ്മുകള്‍ക്ക് പകരം വെക്കാൻ സാധാരണയായി സൂക്ഷിക്കുന്ന റിസർവ് ഇ.വി.എമ്മുകളാണെന്ന് കമ്മീഷൻ അവകാശപ്പെടുന്നു . ഇങ്ങനെയൊരു വിശദീകരണം നടത്തിയെങ്കിലും റിസർവ് ഇ.വി.എമ്മുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങളിൽ അനുശാസിക്കുന്ന ഉചിതമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ വാഹനങ്ങളിൽ എന്തുകൊണ്ട് കൊണ്ടുപോയെന്ന് വിശദീകരിച്ചു കണ്ടിട്ടില്ല.

വോട്ട് കണക്കാക്കുന്നതിനുള്ള പ്രക്രിയയിൽ സൂക്ഷ്മത ഉറപ്പു വരുത്തുന്നതിനായി നിരവധി പരിശോധനകൾ ഉൾക്കൊള്ളുന്നുവെന്ന് ഇതിന് മറുപടിയെന്നോണം കമ്മീഷൻ ഓർമിപ്പിക്കുകയുണ്ടായി. ഒരു ബൂത്തിൽ വോട്ടിംഗ് പൂർത്തിയായാൽ ഇവിഎമ്മുകളും വി.വി.പാറ്റുകളും പാർട്ടി സ്ഥാനാർഥികളുടെ മുന്നിൽ വെച്ച് മുദ്രവയ്ക്കുകയും ആ പ്രക്രിയ മുഴുവൻ വീഡിയോ പിടിക്കുകയും ചെയ്യുന്നു. സിസിടിവി കാമറകളും CAPF സുരക്ഷയും ഉണ്ട്. ഓരോ സ്ഥാനാർഥിയും അയാളുടെ ഒരു പ്രതിനിധിയും 24 മണിക്കൂറും ഇവിഎമ്മുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമുകള്‍ നോക്കാൻ അനുവദിക്കപ്പെട്ടിരിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

മറ്റു വാക്കുകളിൽ പറഞ്ഞാൽ, രാഷ്ട്രീയ പാർട്ടികളുടെ വോട്ടിംഗ് ഏജന്റുകൾ അത്രയേറെ ശ്രദ്ധാലുക്കളായിരുന്നെങ്കിൽ, യഥാർത്ഥത്തിൽ പോള്‍ ചെയ്യപ്പെട്ട ഇ.വി.എമ്മുകളിൽ തട്ടിപ്പ് നടക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും ആശങ്കകൾ അപ്പോള്‍ തന്നെ കണ്ടെത്തുകയും കോടതിയിൽ പരാതികൾക്കോ നടപടികൾക്കോ നയിക്കുകയോ ചെയ്തേക്കാം.

മുന്‍പുണ്ടായ വിവാദങ്ങള്‍

ഇന്ത്യ പോലൊരു വലിയ രാജ്യത്ത് ഇത്തരമൊരു സംവിധാനത്തെ കാര്യക്ഷമമായി ഉപയോഗിക്കണമെങ്കില്‍ പ്രവര്‍ത്തനത്തിന്‍റെ ഓരോ ഘട്ടത്തിലും ആശങ്കാകുലരാകേണ്ടത് അനിവാര്യമാണ്. ഇ.വി.എം മെഷിനിനെ കുറിച്ചുള്ള പരാതികള്‍ ആദ്യമായി ഉയര്‍ന്ന് കേള്‍ക്കുന്നത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ പേരുമായി ചേര്‍ത്തുവെച്ചാണ്. എന്നാല്‍ കുറച്ച് നാളുകളായി ഇ.വി.എം മെഷീനുകളുടെ നിര്‍മ്മാണത്തെയും പ്രവര്‍ത്തന രീതികളെയും കുറിച്ച് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിക്കുമ്പോള്‍ അത്തരം ആരോപണങ്ങള്‍ പാടെ നിഷേധിക്കുകയും മെഷീനുകളുടെ വിശ്വാസ്യതയെ പ്രതിരോധിക്കുകയും ചെയ്യുന്നത് ബി.ജെ.പിയാണ്.

എന്താണ് വി.വി പാറ്റ് മെഷീൻ ?

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇ.വി.എം മെഷിനുകളുമായി ബന്ധപ്പെട്ട് തുടരെ തുടരെ ഉയര്‍ന്ന് കേള്‍ക്കുന്ന പരാതികളിന്മേലാണ് ഈയൊരു സംവിധാനവുമായി ബന്ധപ്പെട്ടാണ് വ്യാപകമായി കൃത്രിമത്വം നടക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്നത്. ഇ.വി.എം മെഷീനിലെ ഏത് ബട്ടൺ അമര്‍ത്തിയാലും വി.വി പാറ്റ് മെഷീനില്‍‌ ബി.ജെ.പിക്ക് വോട്ട് വീഴുന്നതായി തെളിയുന്നതാണ് സാധാരണയായി കണ്ടുവരുന്നത്. ഈയൊരു സാഹചര്യത്തിലാണ് കുറച്ച് കൂടി കാര്യക്ഷമമായ രിതിയില്‍ വിവി പാറ്റുകള്‍ എണ്ണണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിക്കുന്നത്. എല്ലാ നിയമസഭ മണ്ഡലങ്ങളിലേയും ഒരു ബൂത്തിലെ വിവി പാറ്റ് മെഷിന്‍ വീതം എണ്ണണമെന്നാണ് ഇലക്ഷന്‍ കമ്മീഷൻ നിയമം. എന്നാല്‍ ഇക്കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി വിധി പ്രകാരം അത് അഞ്ചെണ്ണമാക്കി ഉയര്‍ത്തി. പക്ഷെ ഓരോ ബൂത്തിലേയും 30 മുതല്‍ 50 ശതമാനം വരെ വി.വി പാറ്റുകള്‍ എണ്ണണമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആവശ്യം.

ഇ.വി.എമ്മുകളുടെ നിര്‍മ്മാണം

നിലവില്‍ ഇ.വി.എം മെഷിനുകള്‍ ഹാക്ക് ചെയ്യുക എന്നത് ഏറെ ദുഷ്കരമായ ഒന്നാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്കൊണ്ട് തന്നെ ഇതിന്‍റെ നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ കൃത്രിമം നടന്നിരിക്കാമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയിലെ രണ്ട് പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളാണ് ഈ മെഷീന്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇത്തരം മെഷീനുകള്‍ എവിടേക്കാണ് വിന്യസിക്കുന്നതെന്നതിനെ കുറിച്ച് അവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയര്‍മാര്‍ക്ക് പോലുമറിയില്ല എന്നതാണ് വസ്തുത.

ലോ ഫ്രീക്വൻസി സിഗിനലുകള്‍

2018 ൽ ലണ്ടനിൽ വെച്ച് നടന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബൽ പങ്കെടുത്തൊരു വാര്‍ത്താസമ്മേളനത്തിൽ ഇ.വിഎമ്മുകള്‍ എങ്ങിനെയാണ് ഹാക്ക് ചെയ്യപ്പെടുന്നത് എന്ന് ഒരു സൈബര്‍ വിദഗ്ദൻ വിശദീകരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ ലേ ഫ്രീക്വന്‍സി സിഗ്‍‍നലുകള്‍ ഉപയോഗിച്ചാണ് ഇത്തരം ഹാക്കിങ്ങുകള്‍ നടക്കുന്നത് എന്നാണ്. ഇത്തരത്തില്‍ കഴിഞ്ഞ ഇലക്ഷനുകളിലും ഇന്ത്യയിൽ വ്യാപകമായി കൃത്രിമത്വം നടന്നിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇപ്പറഞ്ഞ വാദങ്ങളൊന്നും തന്നെ ഇന്ത്യയില്‍ സൂക്ഷ്മ പരിശോധന നടത്തിയിട്ടില്ല എന്നതാണ് വസ്തുത. മാത്രമല്ല ആരോപണത്തെ സാധൂകരിക്കുന്ന തരത്തില്‍ ഒരു തെളിവുകളും പിന്നീട് അദ്ദേഹം നിരത്തിയതുമില്ല.

കേവലം രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കനുസരിച്ചാണ് ഇത്തരം ആക്ഷേപങ്ങള്‍ ഉയരുന്നതെന്നാണ് ഇലക്ഷൻ കമ്മീഷന്‍റെ നിലപാട്. ഓരോ ബൂത്തിലേയും മെഷീനുകള്‍ പ്രത്യേകം നശിപ്പിക്കേണ്ടി വരുമെന്നാണ് അവരുടെ വാദം. പക്ഷെ കേവലം രാഷ്ട്രീയാരോപണങ്ങള്‍ക്കപ്പുറം ചില സത്യങ്ങള്‍ ഇതിലെല്ലാമുണ്ടെന്ന് കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ ചില സംഭവങ്ങളില്‍ നിന്നും മനസ്സിലാവും. ഇ.വി.എം മെഷിനുകള്‍ ഡിസൈൻ ചെയ്യുന്നതും അവ നിര്‍മ്മിക്കുന്നതും സര്‍ക്കാർ ഏജന്‍സിയാണെന്നതിനാൽ ആരോപണങ്ങളുടെയെല്ലാം വിരല്‍ ചൂണ്ടുന്നത് ഇലക്ഷൻ കമ്മീഷനിലേക്ക് കൂടിയാണ്.

കടപ്പാട് : സ്ക്രോള്‍.ഇൻ