LiveTV

Live

National

വിവിപാറ്റ് ആദ്യം എണ്ണണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാൽ ഫലസൂചന വൈകുമെന്നാണ് കമ്മീഷൻ പറഞ്ഞത്

വിവിപാറ്റ് ആദ്യം എണ്ണണമെന്ന  ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

വിവിപാറ്റ് ആദ്യം എണ്ണണ്ണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പതിവുപോലെ ഇവിഎമ്മിലെ വോട്ടുകളാണ് ആദ്യം എണ്ണുക. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ ഫലപ്രഖ്യാപനം വൈകുമെന്നും കമ്മീഷന്‍ അറിയിച്ചു. കമ്മീഷന്റെ വിശ്വാസ്യത തന്നെ ഇല്ലാതായെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രതിപക്ഷത്തിന് ഭയമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം..

ഒരു ലോക്‌സഭ മണ്ഡലത്തിന് കീഴിലെ ഒരോ നിയമസഭ മണ്ഡലത്തിലെയും 5 ബൂത്തുകളിലെ വിവിപാറ്റുകള്‍ ഇവിഎമ്മിനു ശേഷം എണ്ണുമെന്നതാണ് നിലവിലെ ക്രമം. നേരത്തെ നിശ്ചയിച്ച ഈ നടപടി ക്രമത്തില്‍ മാറ്റമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിപ്പ്. വോട്ടെണ്ണുമ്പോള്‍ ഇവിഎമ്മുകള്‍ക്ക് മുമ്പേ വിവിപാറ്റുകള്‍ എണ്ണണമെന്ന 21 പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളിയാണ് കമ്മീഷന്‍ ഇക്കാര്യം ആവര്‍ത്തിച്ചത്.

പോസ്റ്റല്‍ വോട്ടുകള്‍ക്കും ഇവിഎമ്മിനും ശേഷമേ വിവിപാറ്റ് എണ്ണൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പ്രതിപക്ഷ ആവശ്യം അംഗീകരിച്ചാല്‍ വോട്ടെണ്ണല്‍ നീണ്ടു പോകും. ഇവിഎം വിവിപാറ്റ് വോട്ടുകളില്‍ വ്യത്യാസമുണ്ടായാല്‍ വിവിപാറ്റ് എണ്ണം അന്തിമമായിരിക്കുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. കമ്മീഷന്‍ നടപടി നിരാശജനകമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പ്രതിപക്ഷത്തിന് പരാജയഭയമാമെന്നായിരുന്നു ബി.ജെ.പി മറുപടി. ജനങ്ങളില്‍ വിശ്വാസം ഇല്ലാത്തതിനാലാണ് പ്രതിപക്ഷം ഇ.വി.എം അട്ടിമറി ആരോപിക്കുന്നതെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും കൂട്ടിചേര്‍ത്തു.

തീരുമാനം നിരാശാജനകമെന്ന് കോണ്‍ഗ്രസ്

വിവിപാറ്റ് ആദ്യം എണ്ണില്ല എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം നിരാശാജനകമെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടു. കമ്മീഷന്റെ തീരുമാനത്തില്‍ ഭിന്നതയുണ്ടോയെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനം കാണിക്കുകയാണ്. ഇവിഎം ബി.ജെ.പിയുടെ ഇലക്ട്രോണിക് വിക്ടറി മെഷീന്‍ ആണോയെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേഖ് സിങ്‌വി ചോദിച്ചു.

പ്രതിപക്ഷത്തിന് ജനങ്ങളില്‍ വിശ്വാസമില്ലെന്ന് പ്രകാശ ജാവദേക്കര്‍

ജനങ്ങളില്‍ വിശ്വാസം ഇല്ലാത്തതു കൊണ്ടാണ് ഇവിഎമ്മിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാതി പറയുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം വിജയിച്ചിട്ടുണ്ട്. പരാജയപ്പെടുമ്പോള്‍ മാത്രമാണ് പ്രതിപക്ഷം വോട്ടിങ് യന്ത്രത്തെ കുറ്റം പറയുന്നതെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.