LiveTV

Live

National

മോദി വിരുദ്ധ നിലപാട്; കുടുംബങ്ങളില്‍ ഒറ്റപ്പെടുന്നുവെന്ന ആശങ്ക പങ്കുവെച്ച് ട്വിറ്റര്‍ ഉപയോക്താക്കൾ 

മോദിയെ വിമര്‍ശിക്കാന്‍ ധൈര്യം കാണിക്കുന്നവരെല്ലാം അവരുടെ കുടുംബത്തില്‍ ഭീകരമായി ഒറ്റപ്പെടുന്നതായി ട്വിറ്ററിലൂടെ പങ്കുവെക്കുന്നു

 മോദി വിരുദ്ധ നിലപാട്; കുടുംബങ്ങളില്‍ ഒറ്റപ്പെടുന്നുവെന്ന ആശങ്ക പങ്കുവെച്ച് ട്വിറ്റര്‍ ഉപയോക്താക്കൾ 

മോദി വിരുദ്ധ നിലപാടെടുക്കുന്നതിന്‍റെ പേരില്‍ കുടുംബത്തില്‍ ഒറ്റപ്പെടുന്നതിന്റെയും മാറ്റിനിര്‍ത്തപ്പെടുന്നതിന്റെയും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മോദി തരംഗമായി ഇന്ത്യയില്‍ ആഞ്ഞടിച്ചു എന്നതിനപ്പുറം കുടുംബക്കാര്‍ക്കിടയിലും കൂട്ടുകാര്‍ക്കിടയിലുമെല്ലാം ഭീതിതമായ മൌനത്തിനും വെറുപ്പിനും മോദി ഭരണം വഴിവെച്ചതായും പലരും അവരുടെ ട്വിറ്ററിലൂടെ പങ്കുവെക്കുന്നു.

ഹിന്ദു കുടുംബത്തിലെ ഒട്ടനവധി പേരാണ് അവരുടെ ട്വിറ്റര്‍‍ അക്കൗണ്ടിലൂടെ അവരനുഭവിക്കുന്ന പ്രയാസങ്ങള്‍ പുറത്ത് പറയുന്നത്. ബി.ജെ.പി അനുകൂലികളായ കുടുംബാംഗങ്ങളോട് മനുഷ്യരെ വിഭജിച്ച് ഭരിക്കുന്ന മോദി ഭരണത്തിനെതിരായി ഒന്നും സംസാരിക്കാന്‍ സാധ്യമല്ലെന്നാണ് അവര്‍ പറയുന്നത്. കുടുംബത്തില്‍ അച്ഛനും അമ്മാവനുമെല്ലാം അക്രമാസക്തമായാണ് പ്രതികരിക്കുന്നതെന്നും അവര്‍ പറയുന്നു.

പണ്ടും രാഷ്ട്രീയ സംവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്നത്തെ സംവാദങ്ങളെല്ലാം ആശയങ്ങളും പാര്‍ട്ടികളുമൊക്കെ തമ്മിലായിരുന്നു. നിലവില്‍ സംസാരങ്ങളെല്ലാം മോദിയെപറ്റി മാത്രമാണ്. അതുകാെണ്ട് തന്നെ തീവ്രമോദി ഭക്തരും കടുത്ത മോദി വിരുദ്ധരുമായ രണ്ട് കൂട്ടരായി മനുഷ്യര്‍ വിഭജിക്കപ്പെടുന്നു.

മോദിയെ വിമര്‍ശിക്കാന്‍ ധൈര്യം കാണിക്കുന്നവരെല്ലാം അവരുടെ കുടുംബത്തില്‍ ഭീകരമായി ഒറ്റപ്പെടുന്നതായി അവരുടെ ട്വിറ്ററിലൂടെ പങ്കുവെക്കുന്നു. മാധ്യമപ്രവര്‍ത്തകയായ ശ്രേയ ധോഡിയല്‍ അവരുടെ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത് ഇങ്ങനെയാണ്.

‘സ്വന്തം കുടുംബത്തില്‍ പോലും വസ്തുനിഷ്ഠമായ രാഷ്ട്രീയ സംവാദങ്ങള്‍ അസാധ്യമായിരിക്കുന്നു. സംവാദത്തിലേര്‍പ്പെട്ടപ്പോള്‍ ‘ഖാന്‍ മാര്‍ക്കറ്റ് ഗുണ്ടാസംഘം’ എന്ന് അധിക്ഷേപിച്ച് അഛന്‍ ഫോണുകൊണ്ട് എന്നെ എറിഞ്ഞു’ അവര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.

ഈ ട്വീറ്റ് ഒരു തുടക്കമായിരുന്നു. പിന്നീട് ട്വിറ്ററിലൂടെ ഒട്ടനവധി ആളുകള്‍ ഇതേ അനുഭവം തങ്ങള്‍ക്കും ഉണ്ടായെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നു. മാധ്യമപ്രവര്‍ത്തകയായ വിജിത സിങ് വീട്ടില്‍ രാഷ്ട്രീയം സംസാരിക്കില്ലെന്ന് നിലപാടെടുത്തു. മോദിഭക്ത ചാനലുകളും വാട്സപ്പ് ഗ്രൂപ്പുകളുമാണ് അവരുടെയെല്ലാം അവസാന വാക്കെന്നാണ് പലരും പങ്കുവെക്കുന്നത്.