LiveTV

Live

National

വിവിപാറ്റ് വിശ്വാസ്യത: പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

പരാതി നല്‍കുന്നതിന് മുന്നോടിയായി ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നു.

വിവിപാറ്റ് വിശ്വാസ്യത: പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ഇ.വി.എം അട്ടിമറി തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍. അഞ്ചു വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് വിവിപാറ്റുമായി ഒത്തു നോക്കിയ ശേഷമേ വോട്ടെണ്ണല്‍ ആരംഭിക്കാവൂ എന്നതാണ് പ്രധാന ആവശ്യം.

പൊരുത്തക്കേട് ഉണ്ടെങ്കില്‍ ഓരോ നിയമസഭാ മണ്ഡലത്തിലെയും മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്നും ഇ.വി.എമ്മുകള്‍ക്ക് കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഓരോ നിയമസഭാ മണ്ഡലത്തിലെയും 5 വീതം ഇ.വി.എമ്മുകളും വിവിപാറ്റുകളും ആദ്യം ഒത്തുനോക്കണം.

അതില്‍ പൊരുത്തക്കേടുകളില്ലെങ്കില്‍ മാത്രമേ വോട്ടെണ്ണല്‍ തുടരാന്‍ പാടുള്ളൂ. പൊരുത്തക്കേട് ഉണ്ടെങ്കില്‍ മുഴുവന്‍ വിവിപാറ്റുകളും ഒത്തുനോക്കണം. ഇതാണ് പ്രതിപക്ഷ ആവശ്യം. വിവിപാറ്റ് ഇവിഎം വോട്ട് എണ്ണലിന് മാര്‍ഗ നിര്‍ദേശങ്ങള്‍ ഇല്ലാത്തതിനാലാണ് ഇത്തരം ആവശ്യം പ്രതിപക്ഷം ഉന്നയിച്ചത്.

വിവിപാറ്റുകള്‍ എണ്ണുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളില്‍ വന്ന പാകപ്പിഴ സുപ്രീം കോടതി വിധിയുടെ അന്തസത്ത ലംഘിക്കുന്നതാണെന്നും കുറ്റപ്പെടുത്തി. പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ വിവിപാറ്റുകളുടെ എണ്ണം അന്തിമമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

ഇവിഎം കൈകാര്യം ചെയ്തത് സംബന്ധിച്ച ആശങ്കകളും കമ്മീഷനെ അറിയിച്ചു. ക്രമക്കേട് തടയാന്‍ കമ്മീഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇറക്കാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി. നാളെ കാവിലെ യോഗം ചേര്‍ന്ന ശേഷം തീരുമാനമെടുക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ മറുപടി. പക്ഷെ വോട്ടെണ്ണല്‍ സമയം ദീര്‍ഘിപ്പിക്കുന്ന നിര്‍ദേശങ്ങളാണ് പ്രതിപക്ഷം മുന്നോട്ട് വച്ചിട്ടുള്ളത് എന്നതിനാല്‍ അംഗീകരിക്കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.