LiveTV

Live

National

ഇ.വി.എം തട്ടിപ്പിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് സോഷ്യൽ മീഡിയ; ആരോപണങ്ങൾ തള്ളി കമ്മീഷൻ

ഏതെങ്കിലും പോളിങ് ബൂത്തിൽ പൊരുത്തക്കേട് കണ്ടെത്തിയാൽ മുഴുവൻ വിവിപാറ്റും ഇ.വി.എമ്മുമായി ചേർത്ത് എണ്ണണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്

ഇ.വി.എം തട്ടിപ്പിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് സോഷ്യൽ മീഡിയ; ആരോപണങ്ങൾ തള്ളി കമ്മീഷൻ

വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ അനധികൃത കേന്ദ്രങ്ങളിലേക്ക് കടത്തുന്ന ഇ.വി.എമ്മുകളുടെ നിരവധി ദൃശ്യങ്ങൾ പുറത്ത് വിട്ട് സോഷ്യൽ മീഡിയ. സ്വകാര്യ വാഹനങ്ങളിലും കടകളിലും വിവിപാറ്റ്‍ പെട്ടികൾ സൂക്ഷിച്ചിരിക്കുന്നതും മറ്റ് അനധികൃത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതുമായ വീഡിയോകളാണ് പ്രചരിക്കുന്നത്.

ഉത്തർപ്രദേശിലെ ചാന്ദുലിയിൽ നിന്നുള്ള ഒരു വീഡിയോയിൽ, ചില യുവാക്കൾ വോട്ടിങ് - വിവിപാറ്റ് മെഷീനുകൾ ഒരു സ്വകാര്യ ഷോപ്പിലേക്ക് കടത്തുന്ന ദൃശ്യങ്ങളാണുള്ളത്. പഞ്ചാബിലെ ഒരിടത്ത് നിന്നും രണ്ട് ഇ.വി.എമ്മുകളും വിവിപാറ്റ് മെഷീനുകളും ഒരു സ്വകാര്യ കാറിൽ കയറ്റുന്ന വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് ആം ആദ്മി പാർട്ടി. വീഡിയോയിൽ ബി.ജെ.പിയെ കുറ്റമാരോപിക്കുന്നതും കേൾക്കാം.

സ്ഥാനാർഥികളെ പോലും അറിയിക്കാതെ ഇ.വി.എമ്മുകൾ പോളിങ് സ്റ്റേഷനുകളിൽ എത്തിക്കുകയുണ്ടായി എന്ന ആരോപണവും ചിലയിടങ്ങളിൽ നിന്നും ഉയരുന്നുണ്ട്. എസ്.പി - ബി.എസ്.പി സ്ഥാനാർഥിയായ അഫ്സൽ അൻസാരി തന്റെ അറിവില്ലാതെ ഇ.വി.എമ്മുകൾ ഗാസിപൂരിൽ നിന്നും മാറ്റിയതായി ആരോപിച്ചു.

ഇ.വി.എമ്മുകളിൽ കൃത്രിമം നടക്കുന്നതായുള്ള പ്രതിപക്ഷ ആരോപണത്തിനിടെയാണ് ഇതുമായി ബന്ധപ്പെട്ട ഒന്നിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ഇ.വി.എമ്മുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെയെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വോട്ടിങ് മെഷീനുകളെല്ലാം സുരക്ഷിതമാണെന്ന് കമ്മീഷൻ അറിയിച്ചു.

അതിനിടെ, ഇ.വി.എം കൃത്രിമത്തെ കുറിച്ച് ഒരിക്കൽ കൂടി ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു. വോട്ടിങ് മെഷീൻ എളുപ്പത്തിൽ തന്നെ ടാപ്പ് ചെയ്യാൻ സാധിക്കുമെന്ന് നായിഡു പറഞ്ഞു. ഏതെങ്കിലും പോളിങ് ബൂത്തിൽ പൊരുത്തക്കേട് കണ്ടെത്തിയാൽ മുഴുവൻ വിവിപാറ്റും ഇ.വി.എമ്മുമായി ചേർത്ത് എണ്ണണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്.