LiveTV

Live

National

പ്രഗ്യാസിംഗ് താക്കൂറിനെതിരായ പഴയ കൊലപാതക കേസ് പുനരാരംഭിക്കാന്‍ മധ്യപ്രദേശ് സർക്കാർ

ആർ.എസ്.എസ് പ്രചാരകനായിരുന്ന സുനിൽ ജോഷിയുടെ കൊലപാതകത്തിൽ കുറ്റാരോപിതയായിരുന്ന പ്രഗ്യാസിംഗ് താക്കൂറിനെയും മറ്റു ഏഴ് പേരേയും തെളിവിൻ്റെ അഭാവം ചൂണ്ടിക്കാട്ടി 2017 ൽ കോടതി വെറുതെ വിട്ടിരുന്നു

പ്രഗ്യാസിംഗ് താക്കൂറിനെതിരായ പഴയ കൊലപാതക കേസ് പുനരാരംഭിക്കാന്‍ മധ്യപ്രദേശ് സർക്കാർ

ഭോപാൽ മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി പ്രഗ്യാസിംഗ് താക്കൂറിനെതിരായ പഴയ കൊലപാതക കേസ് പുനരാരംഭിക്കാന്‍ മധ്യപ്രദേശ് സർക്കാർ. എക്സിറ്റ് പോളുകള്‍ താക്കൂറിന്റെ വിജയം പ്രവചിച്ചതിന്റെ പിറ്റേ ദിവസമാണ് കോൺഗ്രസ് സർക്കാറിന്റെ തീരുമാനം. പുനരന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് മധ്യപ്രദേശ് നിയമമന്ത്രി പി. സി. ശർമ പറഞ്ഞു.ഇതേ സംബന്ധിച്ചുള്ള വിവരങ്ങള്‍ കളക്ടര്‍ സമര്‍പ്പിക്കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ നിയമ വിഭാഗത്തിനയച്ച് നിയമ സഹായം തേടുന്നതിന് പകരം നിര്‍ത്തലാക്കാന്‍ ജില്ലാ കളക്ടര്‍ സ്വയം തീരുമാനമെടുക്കുകയാണുണ്ടായതെന്ന് ശര്‍മ്മ ആരോപിച്ചു. ഹൈകോടതിയിലേക്കയക്കേണ്ടെന്ന് തീരുമാനമെടുക്കുന്നതിന് പകരം നിയമ വിഭാഗവുമായി ബന്ധപ്പെടണമായിരുന്നെന്നും മന്ത്രി പറഞ്ഞു.

ആർ.എസ്.എസ് പ്രചാരകനായിരുന്ന സുനിൽ ജോഷിയുടെ കൊലപാതക്കേസിൽ കുറ്റാരോപിതയായിരുന്ന പ്രഗ്യാസിംഗ് താക്കൂറിനെയും മറ്റു ഏഴ് പേരേയും 2017 ൽ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവമാണ് വെറുതെ വിടാൻ കാരണമായി ചൂണ്ടിക്കാട്ടിയത്. മാലേഗാവ്, സംഝോത എക്‌സ്പ്രസ്, അജ്മീര്‍ സ്‌ഫോടനക്കേസുകളിലെ പ്രതിയായ ഗുരുജി എന്ന സുനില്‍ ജോഷിയെ 2007 ഡിസംബര്‍ 29നാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോൺഗ്രസ് നേതാവിന്റെ വധത്തിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് മധ്യപ്രദേശിലെ ദേവാസിൽ ഒളിവിൽ കഴിയുകയായിരുന്നു സുനിൽ ജോഷി.

അതേസമയം കോൺഗ്രസ് പയറ്റുന്നത് പ്രതികാര രാഷ്ട്രീയമാണെന്നും പ്രഗ്യാ സിങ് താക്കൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ് വിജയ് സിംഗിനെതിരെ മല്‍സരിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്നും മധ്യപ്രദേശ് ബി.ജെ.പി വക്താവ് രജ്നീഷ് അഗർവാള്‍ പ്രതികരിച്ചു. 2008 ലെ മാലേഗാവ് സ്ഫോടനക്കേസിൽ കുറ്റാരോപിതയായ പ്രഗ്യാസിംഗ് താക്കൂർ കേസിൽ ജാമ്യത്തിലിരിക്കെയാണ് ദ്വിഗ് വിജയ് സിംഗിനെതിരെ മത്സരിച്ചത്.