LiveTV

Live

National

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഇന്ന്; അശോക് ലവാസ പങ്കെടുക്കും

അശോക് ലവാസ പങ്കെടുക്കുന്ന യോഗത്തില്‍ മാതൃക പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ കമ്മീഷന്‍ ഇന്ന് പരിഗണിക്കും.

 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഇന്ന്; അശോക് ലവാസ പങ്കെടുക്കും

ഭിന്നതയെത്തുടര്‍ന്ന് രണ്ടാഴ്ചയായി മുടങ്ങിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഇന്ന് ചേരും. മോദിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ വിട്ടു നിന്നതോടെയാണ് കമ്മീഷന്‍ യോഗങ്ങള്‍ തടസ്സപ്പെട്ടിരുന്നത്. അശോക് ലവാസ പങ്കെടുക്കുന്ന യോഗത്തില്‍ മാതൃക പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ കമ്മീഷന്‍ ഇന്ന് പരിഗണിക്കും.

നരേന്ദ്ര മോദിക്കും അമിത്ഷാക്കും ക്ലീന്‍ ചീറ്റ് നല്‍കിയ പല കേസുകളിലും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളോട് അശോക് ലവാസ വിയോജിച്ചിരുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് കമ്മീഷനിറക്കിയ ഉത്തരവുകളില്‍ അശോക് ലവാസയുടെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നില്ല. ഇതില്‍ കടുത്ത പ്രതിഷേധമാണ് അശോക് ലവാസക്കുണ്ടായിരുന്നത്. ഉത്തരവുകളില്‍ വിയോജിപ്പ് രേഖപ്പെടുത്താത്തതിനെത്തുടര്‍ന്ന് മെയ് മൂന്നിന് ശേഷമുള്ള കമ്മീഷന്‍ യോഗങ്ങളില്‍ ലവാസ വിട്ടുനിന്നു. ഇതോടെ കമ്മീഷന്റെ പല യോഗങ്ങളും മുടങ്ങി. കമ്മീഷന്‍ നടത്തിയ അനുനയ ശ്രമങ്ങള്‍ക്കൊടുവില്‍ നിലപാട് മയപ്പെടുത്തിയ അശോക് ലവാസ ഇന്നത്തെ കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കും.‌‌ ലവാസ ഉന്നയിച്ച പ്രശ്നങ്ങളും മറ്റ് പെരുമാറ്റച്ചട്ടലംഘന കേസുകളും ഇന്നത്തെ യോഗം പരിഗണിക്കും. രാവിലെ പതിനൊന്ന് മണിക്ക് യോഗം തുടങ്ങുമെന്നാണ് വിവരം.