LiveTV

Live

National

മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ നിലപാടിലുറച്ച് ലവാസ

വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാബാധ്യതയാണെന്നും ലവാസ പറയുന്നു

 മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ നിലപാടിലുറച്ച് ലവാസ

മോദിക്കും അമിത് ഷാക്കും ക്ലീന്‍ചിറ്റ് നല്‍കിയതിലെ വിയോജിപ്പില്‍ ഉറച്ച് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടന ബാധ്യതയാണെന്നും വിവേചനരഹിതമായി തീരുമാനമെടുത്തിരുന്നെങ്കില്‍ വിവാദം ഒഴിവാക്കാമായിരുന്നെന്നും ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലവാസ പറഞ്ഞു. ഭിന്നത രൂക്ഷമായിരിക്കെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് പ്രത്യേക യോഗം ചേരുന്നു.

പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയ ഉത്തരവില്‍ വിയോജിപ്പ് ഉള്‍പ്പെടുത്തണമായിരുന്നുവെന്നാണ് അശോക് ലവാസ ആവര്‍ത്തിക്കുന്നത്. തെര. കമ്മിഷന്‍ തീരുമാനങ്ങളുടെ സുതാര്യതയുടെ ഭാഗമാണിത്. പരാതികളില്‍ കാലതാമസം വരുത്തിയ കമ്മിഷനെതിരെ സുപ്രീം കോടതി തിരിഞ്ഞപ്പോഴാണ് താന്‍ ഈ നിലപാടെടുക്കാന്‍ നിര്‍ബന്ധിതനായത്. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളിലുണ്ടാകേണ്ട വ്യവസ്ഥയുടെ ഭാഗമാണ് വിയോജനം രേഖപ്പെടുത്തലെന്നും അശോക് ലവാസ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. വിവാദം അനാവശ്യമെന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയുടെ പ്രസ്താവനക്കുമുണ്ട് മറുപടി. വിവേചന രഹിതവും ന്യായവും സമയബന്ധിതവുമായ തീരുമാനങ്ങളുണ്ടായിരുന്നെങ്കില്‍ വിവാദവും ഉണ്ടാകുമായിരുന്നില്ലെന്നാണ് ലവാസയുടെ മറുപടി. അഭിപ്രായ ഭിന്നത മറനീക്കിയ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഇന്ന് വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ ലവാസ പങ്കെടുക്കുന്നുണ്ട്. ഭിന്നാഭിപ്രായങ്ങള്‍ കമ്മിഷനുള്ളിലാണ് പറയേണ്ടതെന്ന നിര്‍ദേശം നിലനില്‍ക്കെ നിലപാട് പരസ്യമാക്കിയ ലവാസയുടെ നടപടി പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.