LiveTV

Live

National

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പോരിനൊരുങ്ങി പ്രതിപക്ഷം

ഇ.വി.എം കൃത്രിമം ആരോപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പ്രതിഷേധിക്കും.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പോരിനൊരുങ്ങി പ്രതിപക്ഷം

എന്‍.ഡി.എക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷം. ഇ.വി.എം കൃത്രിമം ആരോപിച്ച് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പ്രതിഷേധിക്കും. പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി നായിഡു ഇന്ന് മമതാ ബാനാര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. 23ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗമുണ്ടെന്ന വാര്‍ത്ത ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ തള്ളി.

ബി.ജെ.പിക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇ.വി.എം കൃത്രിമത്തിനാണെന്ന് ഇന്നലെ തന്നെ മമത ആരോപിച്ചിരുന്നു. ഇ.വി.എമ്മിലും വിവിപാറ്റിലും വോട്ട് വ്യത്യാസമുണ്ടെങ്കില്‍ മുഴുവന്‍ സ്ലിപ്പുകളും എണ്ണണമെന്ന് എച്ച്.ഡി കുമാരസ്വാമിയും സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു. വിഷയത്തില്‍ വിശദമായ ആശയ വിനിമയം പ്രതിപക്ഷത്ത് നടന്നതിന്റെ തുടര്‍ച്ചയാണ് നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെ പ്രതിഷേധം.

ഇ.വി.എമ്മുകള്‍ക്ക് സുരക്ഷ ഒരുക്കണമെന്നും ഡല്‍ഹിക്ക് പ്രത്യേക നിരീക്ഷകരെ വേണമെന്നുമാവശ്യപ്പെട്ട് ആം ആദ്മി കമ്മീഷന് കത്തയച്ചു. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം മുന്നില്‍ കണ്ട് നായിഡു പ്രതിപക്ഷ നേതാക്കളുമായി ആശയവിനിമയം തുടരുന്നുണ്ട്. ഫലം വന്നശേഷം തുടര്‍നീക്കം എന്നതാണ് പൊതുധാരണ.

ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണാനുള്ള തീരുമാനം മായാവതി മാറ്റി. അഖിലേഷ് യാദവ് മായാവതിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ഫെഡറല്‍ മുന്നണി നീക്കവുമായി മുന്നോട്ട് പോകുന്ന ടി.ആര്‍.എസിനെയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെയും യു.പി.എയിലേക്ക് കൊണ്ടുവരാന്‍ സോണിയാ ഗാന്ധി സ്റ്റാലിനെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.