LiveTV

Live

National

മായാവതി നാളെ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന

ബിഎസ്പി അധ്യക്ഷ മായാവതി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുമായി കഴിഞ്ഞ ദിവസമാണ് നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നത്

മായാവതി നാളെ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന

ബിഎസ്പി അധ്യക്ഷ മായാവതി നാളെ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു സോണിയാ ഗാന്ധി, മായാവതി എന്നിവരെ കണ്ടതിന് പിന്നാലെയാണ് ബിഎസ്പി - കോണ്‍ഗ്രസ് കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നത്.

പ്രതിപക്ഷ സഖ്യരൂപീകരണത്തിനായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുന്നതായാണ് സൂചന. ഇന്ന് വൈകീട്ടാണ് ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയത്. രാവിലെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നായിഡു കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ചക്കെത്തിയത്.

ബിഎസ്പി അധ്യക്ഷ മായാവതി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുമായി കഴിഞ്ഞ ദിവസമാണ് നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നത്. പ്രധാനമന്ത്രി പദം സംബന്ധിച്ചും മറ്റ് അധികാര കൈമാറ്റങ്ങള്‍ സംബന്ധിച്ചും പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനായിരുന്നു ചന്ദ്രബാബു നായിഡുവിന്‍റെ ശ്രമം. ഈ നീക്കം വിജയം കാണുന്നതായാണ് സൂചന. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ പ്രതിപക്ഷനിരയില്‍ എസ്പി-ബിഎസ്പി കക്ഷികള്‍ക്കോ അല്ലെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോ കൂടുതല്‍ സീറ്റ് കിട്ടുമെന്നാണ് കണക്കുകൂട്ടല്‍. മായാവതിക്ക് പ്രധാനമന്ത്രി പദം നല്‍കുന്നതില്‍ അഖിലേഷിന് എതിര്‍പ്പുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മായാവതി-കോണ്‍ഗ്രസ് കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നത്.