LiveTV

Live

National

നാളെ അവസാനഘട്ട വോട്ടെടുപ്പ്; ഇന്ന് നിശബ്ദ പ്രചരണം

ചണ്ഡീഗഡ്, ബിഹാര്‍, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നാളെ വോട്ടെടുപ്പ്.

 നാളെ അവസാനഘട്ട വോട്ടെടുപ്പ്; ഇന്ന് നിശബ്ദ പ്രചരണം

എട്ട് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രസന്ദര്‍ശനങ്ങള്‍ക്കും പ്രാര്‍ഥനക്കുമായി ഉത്തരാഖണ്ഡിലെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടെയായിരുന്നു മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം.

ഇന്നും നാളെയും പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡിലാണുള്ളത്. ആദ്യം കേദാര്‍നാഥ് ശിവക്ഷേത്രമാണ് മോദി സന്ദര്‍ശിക്കുന്നത്. ഇവിടുത്തെ പ്രാര്‍ഥനക്കും ചടങ്ങുകള്‍ക്കും ശേഷം നാളെ ബദരീനാഥ് ക്ഷേത്രം കൂടി സന്ദര്‍ശിച്ചാകും മോദി മടങ്ങുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് മോദിയുടെ ക്ഷേത്രസന്ദര്‍ശനങ്ങള്‍.

അതേസമയം മാതൃക പെരുമാറ്റച്ചട്ടം ഇപ്പോഴും നിലവിലുണ്ടെന്ന് കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതായാണ് വിവരം. മോദിയുടെ വാരണാസി അടക്കം 59 മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ ക്ഷേത്രസന്ദര്‍ശനം വാര്‍ത്തയാകുന്നത്.

ചണ്ഡീഗഡ്, ബിഹാര്‍, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നാളെ വോട്ടെടുപ്പ്. നിശബ്ദ പ്രചാരണത്തിന്റെ സമയമായതിനാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ വാര്‍ത്ത സമ്മേളനങ്ങള്‍ അടക്കമുള്ളവക്കും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിനനുകൂലമായി മുസ്ലിം വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. എന്നാല്‍ കെജ്രിവാളിന്റെ ഭരണരീതി പൊതുജനത്തിന് മടുത്തിട്ടുണ്ടെന്ന് ഷീല ദീക്ഷിത് പ്രതികരിച്ചു.