LiveTV

Live

National

ശാരദ ചിട്ടി കേസ്: മുൻ കമ്മീഷണറുടെ അറസ്റ്റിനുള്ള വിലക്ക് കോടതി പിന്‍വലിച്ചു

സി.ബി.ഐക്ക് നിയമ നടപടിയുമായി മുന്നോട്ട് പോകാം. ഏഴ് ദിവസത്തിന് ശേഷമേ കസ്റ്റഡിയില്‍ എടുക്കാവൂ. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി സി.ബി.ഐ സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്.

ശാരദ ചിട്ടി കേസ്: മുൻ കമ്മീഷണറുടെ അറസ്റ്റിനുള്ള വിലക്ക് കോടതി പിന്‍വലിച്ചു

ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറസ്റ്റിലായേക്കും. അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് സുപ്രീംകോടതി നീക്കി. സി.ബി.ഐക്ക് നിയമ നടപടിയുമായി മുന്നോട്ട് പോകാം. എന്നാല്‍ രാജീവിനെ ഏഴ് ദിവസത്തിന് ശേഷമേ കസ്റ്റഡിയില്‍ എടുക്കാവൂ എന്നും കോടതി ഉത്തരവിട്ടു.

രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി സി.ബി.ഐ സമര്‍പ്പിച്ച അപേക്ഷയിലാണ് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ അവധിക്കാല ബഞ്ചിന്‍റെ ഉത്തരവ്. ശാരദാ ചിട്ടിതട്ടിപ്പ് കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍ തെളിവുകള്‍ നശിപ്പിച്ചെന്നാണ് സി.ബി.ഐയുടെ പ്രധാന ആരോപണം. ഷില്ലോങ്ങില്‍ നടന്ന ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്നും സി.ബി.ഐ കോടതിയില്‍ പറഞ്ഞിരുന്നു. ഈ വാദങ്ങള്‍ മുഖവിലക്കെടുത്താണ് കോടതി അറസ്റ്റിനുള്ള വിലക്ക് നീക്കിയത്. എന്നാല്‍ കേസില്‍ ഉചിതമായ തുടര്‍ നിയമ നടപടിക്ക് രാജീവ് കുമാറിനും കോടതി ഏഴ് ദിവസത്തെ സാവകാശം നല്‍കി. ഏഴ് ദിവസത്തിന് ശേഷമേ സി.ബി.ഐക്ക് അറസ്റ്റ് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാനാകൂ.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിശ്വസ്തനായ രാജീവ് കുമാറിനെ നേരത്തെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് കൊല്‍ക്കത്തയില്‍ നാടകീയ സംഭവങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. കേന്ദ്രം സി.ബി.ഐയെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തെ അസ്ഥിരപ്പെടുത്തുകയാണെന്ന് മമത ആരോപിച്ചിരുന്നു. തുടര്‍ന്ന് സി.ബി.ഐ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഫെബ്രുവരിയില്‍ സുപ്രീംകോടതി ഉത്തവിട്ടു. ഈ വിലക്ക് ഇന്ന് കോടതി നീക്കിയത് മമത സര്‍ക്കാരിനും തിരിച്ചടിയാണ്.