LiveTV

Live

National

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണ സമയം വെട്ടിച്ചുരുക്കി; ബംഗാളില്‍ നിശബ്ദ പ്രചാരണം

പ്രചാരണ സമയം വെട്ടിച്ചുരുക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണ സമയം വെട്ടിച്ചുരുക്കി; ബംഗാളില്‍ നിശബ്ദ പ്രചാരണം

പശ്ചിമ ബംഗാളിൽ ഇനി നിശബ്ദ പ്രചാരണത്തിന്റെ സമയം. സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണ സമയം കുറച്ചതിനാൽ ഇന്നലെ 10 മണിയോടെ പരസ്യ പ്രചാരണം അവസാനിച്ചു. പ്രചാരണ സമയം വെട്ടിച്ചുരുക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്.

ശക്തമായ ആരോപണ പ്രത്യാരോപണങ്ങൾക്കിടയിലാണ് പശ്ചിമ ബംഗാളിൽ പരസ്യ പ്രചാരണം അവസാനിച്ചത്. അവസാന മണിക്കൂറുകളിലെ പ്രചാരണത്തിന് നരേന്ദ്ര മോദിയും മമത ബാനർജിയും നേതൃത്വം നൽകി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുടെ സഹോദര സ്ഥാപനമാണെന്നും ബി.ജെ.പി ഉത്തരവുപ്രകാരം ആണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും മമത ബാനര്‍ജി വിമർശിച്ചു.

സംസ്ഥാനത്ത് അക്രമം അഴിച്ചു വിടുന്നത് ത്രിണമൂൽ കോൺഗ്രസ്സും മമത ബാനർജിയുമാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അതേസമയം പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി മമത ബാനർജിക്ക് പിന്തുണയുമായെത്തി. കോൺഗ്രസ്, ടി.ഡി.പി, ആം ആദ്മി പാർട്ടി പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. പ്രചാരണ സമയം വെട്ടിക്കുറച്ച നടപടി അനീതിയാണെന്നും തെറ്റ് ചെയ്തത് ബി.ജെ.പിയാണെന്ന് വ്യക്തമായിരിക്കെ എല്ലാ പാർട്ടികളെയും ശിക്ഷിച്ച നടപടിയെ പക്ഷപാതപരം ആണെന്നും പരാതിയിൽ പറയുന്നു. അധികാരത്തിലെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമന രീതി തന്നെ പരിഷ്കരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.