LiveTV

Live

National

‘ഗാന്ധി പാകിസ്താന്‍ രാഷ്ട്രപിതാവ്’: ഗാന്ധിയെ നിന്ദിച്ച് വീണ്ടും ബി.ജെ.പി വക്താവ്

തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു അനിൽ സൗമിത്രഗാന്ധി വിരുദ്ധ പരാമർശം നടത്തിയത്

‘ഗാന്ധി പാകിസ്താന്‍ രാഷ്ട്രപിതാവ്’: ഗാന്ധിയെ നിന്ദിച്ച് വീണ്ടും ബി.ജെ.പി വക്താവ്

മഹാത്മാഗാന്ധി പാകിസ്താന്റെ രാഷ്ട്ര പിതാവെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ്. ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്സയെ പ്രകീർത്തിച്ച് ഹിന്ദുത്വ നേതാവും ഭോപാൽ ബി.ജെ.പി സ്ഥാനാർഥിയുമായ പ്രഗ്യാ സിങ് താക്കൂർ രംഗത്ത് വന്നതിന് പിന്നാലെയാണ് ബി.ജെ.പിക്ക് തലവേദനയുമായി മധ്യപ്രദേശ് ബി.ജെ.പി വക്താവായ അനിൽ സൗമിത്രയുടെ ഗാന്ധി വിരുദ്ധ പരാമർശം.

തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു അനിൽ സൗമിത്ര
ഗാന്ധി വിരുദ്ധ പരാമർശം നടത്തിയത്. രാഷ്ട്ര പിതാവാണെന്നത് ശരിയാണ്, പക്ഷെ പാകിസ്താന്റെയാണ്. ഇത് പോലെ കോടിക്കണക്കിന് പേർക്ക് ഇന്ത്യ ജന്മം കൊടുത്തിട്ടുണ്ട്, നല്ലതായും ചീത്തയായും എന്നായിരുന്നു അദ്ദേഹം എഫ്.ബിയില്‍ കുറിച്ചത്. എന്നാൽ സൗമിത്രയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ബി.ജെ.പി മധ്യപ്രദേശ് അധ്യക്ഷൻ അറിയിച്ചു.

എന്നാൽ രാഷ്ട്രപിതാവ് എന്നൊരാശയം തന്നെയില്ലെന്നാണ് ഇതിനെ ന്യായീകരിച്ച് കൊണ്ട് അനിൽ സൗമിത്ര പറഞ്ഞത്. ഇന്ത്യക്കാർ ഭാരതമാതാവിന്റെ മക്കളാണ്. രാഷ്ട്രപിതാവ് എന്ന ആശയം കോൺഗ്രസിന്റേതാണെന്നും, ഇന്നും അത് തുടർന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങൾക്ക് ഗാന്ധിയോട് വെെകാരികമായ ബന്ധമാണുള്ളത്.
ഗാന്ധിക്കെതിരെയുള്ള ഏത് നീക്കവും തെരഞ്ഞെടുപ്പിൽ ബാധിക്കുമെന്നുള്ളത് കൊണ്ടാണ് അനിൽ സൗമിത്രയെ നീക്കിയതെന്ന് ബി.ജെ.പി വക്താവ് ഹിന്ദുസ്ഥാൻ ടെെംസിനോട് പറഞ്ഞു. നേരത്തെ, ഗാന്ധി വിരുദ്ധ പരാമര്‍ശം നടത്തിയ പ്രഗ്യാ സിങ്ങിന് താൻ മാപ്പ് നൽകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സ്വകാര്യ ചാനലില്‍ പറയുകയുണ്ടായി.