LiveTV

Live

National

ഗോഡ്സെ ദേശഭക്തനെന്ന് പ്രഗ്യാ സിങ് 

ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രഗ്യാ സിങ്

ഗോഡ്സെ ദേശഭക്തനെന്ന്  പ്രഗ്യാ സിങ് 

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെ ദേശഭക്തനെന്ന് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രഗ്യാ സിങ് ഠാക്കൂര്‍. ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രഗ്യാ സിങ് പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോടാണ് പ്രഗ്യയുടെ പ്രതികരണം.

രക്തസാക്ഷികളെ അപമാനിക്കല്‍ ബി.ജെ.പിയുടെ പതിവാണെന്നും രാജ്യം മാപ്പ് നല്‍കില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പ്രതികരിച്ചു. പ്രതിരോധത്തിലായ ബി.ജെ.പി പ്രഗ്യ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.

നേരത്തെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവന്‍ ഹേമന്ദ് കര്‍ക്കരയെക്കുറിച്ചും പ്രഗ്യാ സിങ് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയിരുന്നു. മലേഗാവ് ഭീകരാക്രമണക്കേസിലെ പ്രതിയായ പ്രഗ്യാ സിങ് ബാബരി തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞിരുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സെ ആണെന്നുമായിരുന്നു കമൽ ഹാസന്റെ പരാമര്‍ശം. തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.