LiveTV

Live

National

ഇടതുപക്ഷത്തെ വേട്ടയാടുന്ന മരിഛാപിയിലെ ദലിത് കൂട്ടക്കൊല

മരിഛാപി കൂട്ടക്കൊലക്ക് ശേഷം ഈ മൃതദേഹങ്ങള്‍ ഭക്ഷിച്ചാണ് സുന്ദര്‍ബനിലെ കടുവകള്‍ നരഭോജികളായതെന്ന് പൊതുവില്‍ പറയാറുണ്ട്.

ഇടതുപക്ഷത്തെ വേട്ടയാടുന്ന മരിഛാപിയിലെ ദലിത് കൂട്ടക്കൊല

1979 ജനുവരി 26 ന് സുന്ദര്‍ബനിലെ മരിഛാപി ദ്വീപിനെ ബംഗാള്‍ പൊലീസിന്‍റെ ബോട്ടുകളും ബി.എസ്.എഫിന്‍റെ രണ്ട് ആവി ബോട്ടുകളും ചേര്‍ന്ന് വളഞ്ഞു. അവിടെ നിഷ്കരുണമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. ജനുവരി 31 വരെ ഉപരോധം തുടര്‍ന്നു. ഇതിനെതിരെ പ്രദേശവാസികള്‍ സമരം തുടങ്ങിയ 31ന് സേനകള്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ജാലിയന്‍ വാലാ ബാഗിന് സമാനമായ അവസ്ഥയില്‍ രക്ഷപ്പെടാനുള്ള വഴികളെല്ലാം അടച്ച് അവര്‍ക്കെതിരെ വെടിയുതിര്‍ത്തു. കുട്ടികളും സ്ത്രീകളുമടക്കം പതിനായിരം ആളുകള്‍ വരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൌദ്യോഗിക കണക്കുകള്‍.

അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന സി.പി.എമ്മിന്‍റെ അനിഷേധ്യനായ നേതാവ് ജ്യോതി ബസുവിന്‍റെ വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ വംശഹത്യക്ക് ശേഷമിറക്കിയ പ്രസ്താവന കൊല്ലപ്പെട്ട ദലിതുകളുടെ മുറിവില്‍ ഉപ്പുതേക്കുന്നതായിരുന്നു. ദ്വീപിലുണ്ടായിരുന്ന ഏല്ലാ അനധികൃത കുടിയേറ്റക്കാരെയും ഒഴിപ്പിച്ചു എന്നായിരുന്നു മന്ത്രിയുടെ കൂട്ടക്കൊലയെ ന്യായീകരിച്ചുള്ള പ്രസ്താവന. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നിഷ്‍ഠൂരമായ കൂട്ടക്കൊലകളില്‍ ഒന്നായിരുന്നു അത്. പക്ഷെ ബംഗാളിലെ ഇടത് സര്‍ക്കാര്‍ ഈ കാര്യം സൗകര്യപൂര്‍വ്വം കുഴിച്ചുമൂടി. പക്ഷെ, നാല്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തെ വേട്ടയാടുകയാണ് മരിഛാപി അഭയാര്‍ത്ഥി കൂട്ടക്കൊല.

ഇടതുപക്ഷത്തെ വേട്ടയാടുന്ന മരിഛാപിയിലെ ദലിത് കൂട്ടക്കൊല

മരിഛാപി ഇടത് രാഷ്‍ട്രീയത്തിന്‍റെ എല്ലാ തെറ്റുകളുടെയും പ്രതീകമായി നിലകൊള്ളുന്നു. പ്രത്യേകിച്ച് അരികുവത്കരിക്കപ്പെട്ട ദലിത് ജനവിഭാഗത്തോടുള്ള അവരുടെ നിലപാട്. മരിഛാപി അതിജീവിച്ചവരുടെ അടക്കം എത്രയോ പേരുടെ പൗരത്വം ഇന്നും ഒരു മരീചികയായി തുടരുകയാണ്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ ഹിന്ദു കുടിയേറ്റക്കാര്‍ക്കും പൗരത്വം നല്‍കുമെന്ന് ബി.ജെ.പി ഉറപ്പ് നല്‍കിയിരുന്നു. 2016 ല്‍ ബി.ജെ.പി സര്‍കാര്‍ ഭേദഗതി ചെയ്ത പൗരത്വ ബില്‍ കൊണ്ടുവന്നപ്പോല്‍ ബംഗാളിലെ ഈ ദലിത് ജനവിഭാഗവും പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അവരുടെ രണ്ടും മൂന്നും തലമുറകള്‍ ഇന്നും സ്വന്തമായൊരു മേല്‍വിലാസവും കാത്ത് കിടക്കുകയാണ്.

ഇടതുപക്ഷത്തെ വേട്ടയാടുന്ന മരിഛാപിയിലെ ദലിത് കൂട്ടക്കൊല

മരിഛാപി കൂട്ടക്കൊലക്ക് ശേഷം ഈ മൃതദേഹങ്ങള്‍ ഭക്ഷിച്ചാണ് സുന്ദര്‍ബനിലെ കടുവകള്‍ നരഭോജികളായതെന്ന് പൊതുവില്‍ പറയാറുണ്ട്. പക്ഷെ ഇന്ത്യ ഈ ദ്വീപിനെ എന്നോ മറന്നിരുന്നു. മരിഛാപിയിലെ ഇപ്പോഴത്തെ തലമുറയെ ഒറീസ, ചത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ തരിശുനിലങ്ങളില്‍ ഇന്ത്യാ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ അധിവസിപ്പിച്ചിരിക്കുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോട് കൂടെ ബംഗാള്‍ മുസ്‍ലിംകള്‍ക്ക് ഇടത് പക്ഷത്തോടുള്ള വിശ്വാസം നഷ്ടപെട്ടിരുന്നു. രാജ്യത്ത് മുസ്‍ലിംകള്‍ക്ക് ജോലി നല്‍കുന്നതില്‍ ഏറ്റവും മോശം റെക്കോര്‍ഡായിരുന്നു ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാറിന്റെതെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ദലിത് വിഭാഗത്തിന്‍റെ പിന്തുണ കൂടി നഷ്‍ടപെട്ടിരിക്കുന്നു. മുസ്‍ലിംകളും ദലിതരും കൂടി ബംഗാളിലെ ജനസംഖ്യയുടെ പകുതിയില്‍ കൂടുതലുണ്ട്. ബംഗാളിലെ ഇടതുപക്ഷത്തിന്റെ ഭാവി ഒട്ടും ശോഭനമല്ലെന്നാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

വര്‍ഗീയമായി ചേരിതിരിക്കുന്ന ബി.ജെ.പിയെ ഒറ്റപ്പെടുത്തണമെന്നും തൃണമൂലിന്‍റെ വറച്ചട്ടിയില്‍ നിന്ന് ബി.ജെ.പിയുടെ തീകുണ്ഡത്തിലേക്ക് ചാടരുതെന്ന് നേതാക്കള്‍ പറയുമ്പോഴും ഓരോ ഭാഗത്ത് നിന്ന് ഇടതുപക്ഷത്തിന് പിന്തുണ നഷ്‍ടപെട്ടുകൊണ്ടിരിക്കുകയാണ്.