LiveTV

Live

National

‘മോദി ഭിന്നിപ്പിന്റെ തലവന്‍’; ലേഖനമെഴുതിയ ആതിഷ് തസീര്‍ പാക്ക് വംശജനാണെന്ന ബി.ജെ.പി പ്രചരണം വ്യാജം

‘മോദി ഭിന്നിപ്പിന്റെ തലവന്‍’; ലേഖനമെഴുതിയ ആതിഷ് തസീര്‍ പാക്ക് വംശജനാണെന്ന ബി.ജെ.പി  പ്രചരണം വ്യാജം

മോദിയെ ഭിന്നിപ്പിൻെറ തലവനായി വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കൻ ന്യൂസ് മാഗസിനായ ‘ടൈം’ മാഗസിനില്‍ കവർ സ്റ്റോറി എഴുതിയ മാധ്യമപ്രവര്‍ത്തകന്‍ ആതിഷ് തസീര്‍ പാക്കിസ്താന്‍ വംശജനാണെന്ന ബി.ജെ.പി പ്രചരണം വ്യാജം. ലേഖനം പുറത്ത് വന്നയുടനെ ലേഖനത്തിനെ വിമര്‍ശിക്കുന്നതിന് പകരം എഴുതിയ മാധ്യമ പ്രവര്‍ത്തകനെ വിമര്‍ശിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നായിരുന്നു പ്രധാന ആരോപണം.

Also read: ‘മോദി ഭിന്നിപ്പിന്റെ തലവന്‍’; കടുത്ത വിമര്‍ശനവുമായി ടൈം മാഗസിന്‍ കവര്‍ സ്റ്റോറി 

ടൈംസ് നൌ ചാനലുമായിട്ടുള്ള അഭിമുഖത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടിയുടെ ലേഖനത്തോടുള്ള നിലപാട് വ്യക്തമാക്കിയതിങ്ങനെ: ‘ഏതൊരു മാസികയേക്കാളും വലുതാണ് ഈ രാജ്യത്തെ ജനങ്ങളുടെ വിശ്വാസമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വരുന്ന 23ന് മോദിയുടെ പ്രകടനം എങ്ങനെയുണ്ടെന്ന് തെളിയും. എനിക്ക് ലഭ്യമായ വിവരങ്ങളനുസരിച്ച്... പാക്കിസ്താന്‍ വംശജനായ ഒരു എഴുത്തുക്കാരന്റെ ലേഖനത്തെ അധികം വിശ്വാസത്തിലെടുക്കണ്ട.’

Also read: ടൈം മാഗസിനില്‍ മോദിയെ കുറിച്ച് ലേഖനമെഴുതിയ ആതിഷ് തസീറിനെതിരെ സംഘപരിവാറിന്‍റെ വ്യാജപ്രചാരണം

ബി.ജെ.പി വക്താവ് സമ്പിത് പാത്രയും അമിത് ഷായുടെ നിലപാട് തന്നെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചത്. ‘മോദി ഭിന്നിപ്പിന്റെ തലവന്‍ എന്ന് ലേഖനമെഴുതിയ വ്യക്തി പാക്കിസ്താനുക്കാരനാണ്, പാക്ക് വംശജനാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം പാക്കിസ്താന്‍ എങ്ങനെയാണെന്ന്. അവര്‍ മോദിയെ വെറുക്കുന്നു, നമ്മള്‍ രണ്ട് സര്‍ജിക്കല്‍ സ്ട്രൈക്കുകളാണ് അവര്‍ക്ക് നേരെ നടത്തിയത്. ഇതില്‍ കൂടുതല്‍ എന്താണ് പറയാനുള്ളത്? പക്ഷെ രാഹുല്‍ ഗാന്ധി ഇതും പൊക്കി പിടിച്ച് ട്വീറ്റ് ചെയ്യുന്നു’; സമ്പിത് പാത്ര പറഞ്ഞു.

ബി.ജെ.പിയുടെ ദേശീയ വക്താവ് സയിദ് ഷാനവാസ് ഹുസൈനും ഇതെ വാദങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചത്. സീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഷാനവാസ് പറയുന്നു; ലേഖനമെഴുതിയ എഴുത്തുക്കാരന് പാക്കിസ്താനുക്കാരനാണ്. അദ്ദേഹം അമേരിക്കയില്‍ പോയാലും മനസ്സില്‍ മോദിയോടുള്ള ദേശ്യം കാണും. ഞങ്ങള്‍ക്ക് ടൈം മാസികയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കലാപങ്ങള്‍ നടന്ന കാലഘട്ടം എന്നത് മോദി ഭരണക്കാലയളവിലാണ്.’

വസ്തുതയെന്ത്?

‘ടൈം’ മാസികയില്‍ മോദിയെ ഭിന്നിപ്പിൻെറ തലവനായി കവര്‍സ്റ്റോറി ‘എഴുതിയ ആതിഷ് തസീര്‍ യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് വംശജനാണ്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ തവ്‍ലീന്‍ സിംഗിന്റെയും പാക്ക് രാഷ്ട്രീയക്കാരനായ സല്‍മാന്‍ തസീറിന്റെയും മകനായി ജനിച്ച ആതിഷ് ഇന്ത്യയിലാണ് ജനിച്ചതും വളര്‍ന്നതുമെല്ലാം. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ താമസമാക്കിയ ആതിഷ് വിവാദങ്ങളോട് പ്രതികരിക്കുന്നതിങ്ങനെ: ‘വിമര്‍ശനങ്ങളോട് ഞാന്‍ മുഖം മറക്കാറില്ല. ജനങ്ങള്‍ സ്വതന്ത്രമായി അഭിപ്രായം പ്രകടനം നടത്തണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. പക്ഷെ ബി.ജെ.പി വക്താക്കള്‍ മുന്നോട്ട് വന്ന് ഞാന്‍ ഒരു പാക്കിസ്താന്‍ വംശജനാണെന്ന് നുണ പറയുകയാണ്. അവര്‍ക്കെല്ലാം അറിയാം ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഇന്ത്യയിലാണെന്ന്, പാക്കിസ്താനില്‍ ഞാന്‍ നിരവധി തവണ പോയതുമാണ്. ഇത്തരത്തിലുള്ള വിവാദങ്ങള്‍ അസഹനീയമാണ്.

ആതിഷ് തസീറിന്റെ മാതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ തവ്‍ലീന്‍ സിംഗും തന്റെ മകന്‍ പാക്ക് വംശജനാണെന്ന ബി.ജെ.പി വാദം നിഷേധിക്കുന്നുണ്ട്.