LiveTV

Live

National

വിമർശിക്കുന്നവരോട് സംവാദങ്ങൾ നടത്തി സമയം കളയാനില്ല: സണ്ണി ഡിയോൾ

മണ്ഡലത്തിലെ ഒട്ടു മിക്ക ഇടങ്ങളിലും പ്രചാരണത്തിന് എത്തിയെങ്കിലും കാര്യമായ ആവേശം ഉണ്ടാക്കാൻ നടന് കഴിഞ്ഞിട്ടില്ല

വിമർശിക്കുന്നവരോട് സംവാദങ്ങൾ നടത്തി സമയം കളയാനില്ല: സണ്ണി ഡിയോൾ

ബി.ജെ.പി സ്ഥാനാർത്ഥിയും നടനുമായ സണ്ണി ഡിയോളിന് പഞ്ചാബ് ഗുരുദാസ്പൂരിലെ മത്സരം എളുപ്പമാകില്ല. കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് എംപിയായ സുനില്‍ ജാക്കറാണ് സണ്ണി ഡിയോളിന് എതിരാളി. മണ്ഡലത്തിലെ ഒട്ടു മിക്ക ഇടങ്ങളിലും പ്രചാരണത്തിന് എത്തിയെങ്കിലും കാര്യമായ ആവേശം ഉണ്ടാക്കാൻ നടന് കഴിഞ്ഞിട്ടില്ല.

ഗുരുദാസ് പൂരിലെ ലോക്സഭ മണ്ഡലത്തിൽ റോഡ് ഷോകൾ നടത്തിയാണ് ബി.ജെ.പി സ്ഥാനാർത്ഥി നടൻ സണ്ണി ഡിയോൾ പ്രചാരണം നടത്തുന്നത്. റെയ്ഞ്ച് റോവർ കാറിൽ കൈ വീശി കാണിച്ചും കാറിനോട് ചേർന്ന് എത്തുന്ന അണികൾകൾക്ക് ഹസ്തദാനം നൽകുകയുമാണ് റോഡ് ഷോ കൊണ്ടുള്ള ഉദ്ദേശം. രാഷ്ട്രീയപരമായ ചോദ്യങ്ങൾക്ക് ഒഴിഞ്ഞ് മാറിയ നടൻ വിമർശിക്കുന്നവരോട് സംവാദങ്ങൾ നടത്തി സമയം കളയാനില്ലെന്നും പറഞ്ഞു.

കോൺഗ്രസിന്റെ സ്വന്തമായിരുന്ന മണ്ഡലം നടൻ വിനോദ് ഖന്നയെ ഇറക്കി പിടിച്ചെടുത്ത അതേ തന്ത്രമാണ് ഇത്തവണയും ബി.ജെ.പി പയറ്റുന്നത്. എന്നാൽ ഗുരുദാസ്പൂർ മണ്ഡലത്തിലെ 9ൽ 7 നിയമസഭാ സീറ്റുകളും കോൺഗ്രസ് പിടിച്ചെടുത്തതും എതിർ സ്ഥാനാർത്ഥി കോൺഗ്രസിന്റെ സുനിൽ ജെക്കാർ ആണെന്നതുമാണ് ബി.ജെ.പിയുടെ പ്രതീക്ഷകൾക്ക് മേൽ മങ്ങലേൽക്കുന്നത്. സിനിമകൾ ഇല്ലാത്തതിനാലാണ് സണ്ണി ഡിയോൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് കോൺഗ്രസ് നേതാക്കളുടെ ആരോപണം വ്യക്തിത്വം ഇല്ലാത്തതിനാൽ ആണെന്നും എന്നും സണ്ണി ഡിയോൾ മീഡിയവണിനോട് പറഞ്ഞു

രാഷ്ട്രീയ പ്രസംഗങ്ങൾക്കോ പ്രത്യാരോപണങ്ങൾക്കോ സാധിക്കില്ലെങ്കിലും വെള്ളിത്തിരയിൽ സൈനിക വേഷങ്ങളിലഭിനയിച്ച നടനെന്ന ഖ്യാതി ആണ് സ്ഥാനാർത്ഥിത്വത്തിലേക്ക് സണ്ണി ഡിയോളിനെ തിരഞ്ഞെടുക്കാൻ ബി.ജെ.പിയെ പ്രേരിപ്പിച്ച ഘടകം.