LiveTV

Live

National

രാജ്യത്തെ തൊഴിലില്ലായ്മ; മോദിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ബിരുദ വസ്ത്രത്തില്‍ പക്കവട വിറ്റ് പ്രതിഷേധം

രാജ്യത്തെ തൊഴിലില്ലായ്മ; മോദിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ബിരുദ വസ്ത്രത്തില്‍ പക്കവട വിറ്റ്  പ്രതിഷേധം

തൊഴില്‍ വിഷയത്തില്‍ മോദി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ബിരുദ വസ്ത്രത്തില്‍ പക്കവട വിറ്റ് ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം. മോദിയുടെ ചണ്ഡിഗഡിലെ തെരഞ്ഞെടുപ്പ് റാലി ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധ സമരം അരങ്ങേറിയത്. ‘മോദിജിയുടെ പക്കവട’ എന്ന പേരില്‍ തുടങ്ങിയ പ്രതിഷേധ സമരം പൊലീസ് ഇടപെടലിനെ തുടര്‍ന്ന് പെട്ടെന്ന് തന്നെ അവസാനിപ്പിക്കേണ്ടി വന്നു.

പ്രധാനമന്ത്രി മോദി കഴിഞ്ഞ വര്‍ഷം നടത്തിയ വിവാദ അഭിമുഖത്തില്‍ പ്രതിഷേധിച്ചായിരുന്നു ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം. ‘പക്കവട വില്‍ക്കുന്ന ഒരാള്‍ക്ക് ദിവസം 200 രൂപ ലഭിക്കുന്നു. അത് തൊഴിലായി അംഗീകരിക്കുമോ ഇല്ലയോ’; മോദി അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനം പാലിക്കാന്‍ കഴിയാത്തതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനമുയര്‍ത്തിയ സാഹചര്യത്തിലായിരുന്നു മോദിയുടെ പ്രതികരണം.

എന്‍ജിയര്‍മാരുണ്ടാക്കിയ പക്കവട വാങ്ങു, ബി.എ, എല്‍.എല്‍.ബി പക്കവടകള്‍ വില്‍പ്പനക്ക്’ എന്നീങ്ങനെ ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു പക്കവട വില്‍പ്പന. മോദി പുതിയ ‘പക്കവട സ്കീമി’ലൂടെ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് പരിഹസിച്ചായിരുന്നു വില്‍പ്പന. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണെന്ന് രഹസ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 1970ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ നോട്ട് നിരോധനത്തിന് ശേഷമുള്ള രാത്രിയില്‍ രാജ്യത്ത് 50 ലക്ഷമാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും വ്യക്തമാക്കുന്നു.