LiveTV

Live

National

അവസാനഘട്ട വോട്ടെടുപ്പ്: പ്രചാരണം ശക്തം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിഹാറിലും പശ്ചിമ ബംഗാളിലും ജാര്‍ഖണ്ഡിലും പ്രചാരണത്തിനിറങ്ങും.

അവസാനഘട്ട വോട്ടെടുപ്പ്: പ്രചാരണം ശക്തം

അവസാന ഘട്ട പ്രചാരണത്തില്‍ ചൂട്പിടിച്ച് രാജ്യത്തെ 59 മണ്ഡലങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിഹാറിലും പശ്ചിമ ബംഗാളിലും ജാര്‍ഖണ്ഡിലും പ്രചാരണത്തിനിറങ്ങും. മോദി മത്സരിക്കുന്ന വാരണാസിയിലാണ് ഇന്ന് പ്രിയങ്കാ ഗാന്ധിയുടെ റോഡ്ഷോ. പഞ്ചാബ് കേന്ദ്രീകരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം.

ഏഴ് സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളും ഒരു കേന്ദ്രഭരണ പ്രദേശ മണ്ഡലവും അടക്കം 59 ഇടത്താണ് അവസാന ഘട്ട വോട്ടെടുപ്പ്. താരതമ്യേന ബി.ജെ.പിക്ക് മേല്‍ക്കെ പ്രതീക്ഷിക്കുന്ന ഘട്ടം. പക്ഷേ ഒരിഞ്ച് വിട്ടുകൊടുക്കാത്ത വാശിയേറിയ പ്രചാരണമാണ് മിക്ക സീറ്റുകളിലും പ്രതിപക്ഷത്തിന്‍റെത്. ശ്രദ്ധേയ പോരാട്ടം നടക്കുന്ന പശ്ചിമ ബംഗാളില്‍ ധ്രുവീകരണ രാഷ്ട്രീയത്തിന് വളക്കൂറുള്ള നോര്‍ത്ത് 24 പര്‍ഗാന മേഖലയിലും തൃണമൂല്‍ കോണ്‍ഗ്രസ് ശക്തികേന്ദ്രമായ കൊല്‍ക്കത്ത നഗര പ്രദേശങ്ങളിലുമാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ്.

നോര്‍ത്ത് 24 പര്‍ഗാനാ ജില്ലയിലാണ് ഇന്ന് പ്രധാനമന്ത്രിയുടെ റാലികളില്‍ ഒന്ന്‍. പുറമെ ബിഹാറില്‍ പട്നക്കടുത്ത പാലിഗഞ്ചിലും റാലി നടത്തും. മോദിയുടെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ‌കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ്ക്കായി ഇന്ന് പ്രിയങ്ക ഗാന്ധി നടത്തുന്ന റോഡ്ഷോയാണ് ശ്രദ്ധേയമായ മറ്റൊരു പരിപാടി. കാശി ക്ഷേത്രവും പ്രിയങ്ക സന്ദര്‍ശിച്ചേക്കും.

പഞ്ചാബിലെ 13 സീറ്റുകളില്‍ ശക്തമായ പ്രതീക്ഷയിലാണ് കോണ്‍ഗ്രസുള്ളത്. സംസ്ഥാനത്ത് പ്രിയങ്ക പ്രചാരണത്തിനിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് റാലി നടത്തുന്നത്. ഫരീദ്കോട്ട്, ബത്തിണ്ട മണ്ഡലങ്ങളിലാണ് രാഹുലിന്‍റെ റാലികള്‍. വെള്ളിയാഴ്ചയാണ് ഏഴാം ഘട്ടത്തിന്‍റെ പരസ്യ പ്രചാരണം അവസാനിക്കുക.