LiveTV

Live

National

അമിത് ഷാക്കെതിരെ എഫ്.ഐ.ആര്‍; സാഹചര്യം വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേര്‍ന്നു

അമിത് ഷാക്കെതിരെ എഫ്.ഐ.ആര്‍; സാഹചര്യം വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേര്‍ന്നു

ബംഗാളില്‍ ബി.ജെ.പി റോഡ് ഷോക്കിടെ ഉണ്ടായ സംഘര്‍ഷങ്ങളില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ തനിക്കെതിരെ തൃണമൂല്‍ നടത്തിയ ആസൂത്രിത ആക്രമണമായിരുന്നു ഇന്നലെ നടന്നതെന്ന നിലപാടിലാണ് അമിത് ഷാ. സാഹചര്യം വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേര്‍ന്നു.

ബംഗാളില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ യുടെ റോഡ് ഷോക്കിടെ ഉണ്ടായ സംഘര്‍ഷം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ബി.ജെ.പി. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ച് മമത ബാനര്‍ജിയുടെ അറിവോടെ ടി.എം.സി നടത്തിയ നാടകമാണ് സംഘര്‍ഷമെന്നായിരുന്നു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അമിത് ഷായുടെ പ്രതികരണം.

യോഗിക്കെതിരെ നടപടി എടുത്ത കമ്മീഷന്‍ എന്തുകൊണ്ട് മമതക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും അമിത് ഷാ ചോദിച്ചു. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍ ബി.ജെ.പി പ്രതിഷേധിച്ചു. പുറത്തുനിന്ന് ആളെ ഇറക്കി അക്രമം അഴിച്ചുവിടുകയാണ് ബി.ജെ.പി എന്ന് മമത ബാനര്‍ജി ആരോപിച്ചു. ബി.ജെ.പി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് വിശദീകരിച്ച് ടി.എം.സി അക്രമ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. സാമൂഹ്യ പരിഷ്കര്‍ത്താവ് വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ച് സി.പി.എം കൊല്‍ക്കത്തയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അക്രമങ്ങളില്‍ ആശങ്ക അറിയിച്ച് ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാള്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സ്ഥിതി ഗതി വിലയിരുത്തി.