LiveTV

Live

National

മോദിക്ക് ജയ് വിളിച്ചവര്‍ക്ക് ഹസ്തദാനം നല്‍കി പ്രിയങ്ക; പ്രിയങ്കയെ കണ്ടപ്പോള്‍ പരിസരം മറന്ന് മോദി ആരാധകര്‍

പ്രിയങ്കയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴിയില്‍ സ്വീകരിക്കാന്‍ നിന്നത് മോദി ആരാധകരും. 

മോദിക്ക് ജയ് വിളിച്ചവര്‍ക്ക് ഹസ്തദാനം നല്‍കി പ്രിയങ്ക; പ്രിയങ്കയെ കണ്ടപ്പോള്‍ പരിസരം മറന്ന് മോദി ആരാധകര്‍

മോദി ആരാധകരെ വിസ്‍മയിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രിയങ്ക വിമാനത്താവളത്തില്‍ നിന്ന് പ്രചാരണ സ്ഥലത്തേക്ക് പോകുകയായിരുന്നു. പ്രിയങ്കയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴിയില്‍ സ്വീകരിക്കാന്‍ നിന്നത് മോദി ആരാധകരും.

വഴിയരികില്‍ നില്‍ക്കുകയായിരുന്ന കൊച്ചുകുട്ടികള്‍ അടക്കമുള്ളവര്‍ പ്രിയങ്കയുടെ വാഹനവ്യൂഹം കണ്ട് ആര്‍ത്തുവിളിച്ചു, മോദി.... മോദി... മോദിക്ക് ജയ് വിളിക്കുന്ന ആള്‍ക്കൂട്ടത്തെ ശ്രദ്ധിച്ച പ്രിയങ്ക പക്ഷേ ചെയ്തത് അവരെ ശരിക്കും ഞെട്ടിച്ചു. വാഹനവ്യൂഹം നിര്‍ത്തിച്ച പ്രിയങ്ക പൊടുന്നനെ വാഹനത്തില്‍ നിന്ന് ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് എത്തി. പിന്നെ നിറഞ്ഞ ചിരിയോടെ മോദി ആരാധകര്‍ക്ക് ഹസ്തദാനം നല്‍കി. മോദിയുടെ ആരാധകര്‍ക്ക് ആശംസകളും പ്രിയങ്ക അറിയിച്ചു.

പ്രിയങ്ക അപ്രതീക്ഷിതമായി തങ്ങളുടെ അടുത്തേക്ക് എത്തിയതും ഹസ്തദാനം നല്‍കുകയും ചെയ്തത് മോദി ആരാധകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. അത്രയും നേരം മോദിക്ക് ജയ് വിളിച്ചവര്‍ പ്രിയങ്കയെ കണ്ട് ചുറ്റുംകൂടി. മൊബൈല്‍ ഫോണില്‍ പ്രിയങ്കയുടെ ചിത്രം പകര്‍ത്തി. അല്‍പ്പനേരം അവര്‍ക്കൊപ്പം ചെലവഴിച്ച ശേഷമാണ് പ്രിയങ്ക മടങ്ങിയത്.