LiveTV

Live

National

പ്രചാരണത്തിനിടെ ഹെലികോപ്ടര്‍ തകരാറ് പരിഹരിച്ച് രാഹുൽ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഞ്ചരിച്ച ഹെലികോപ്ടർ തകരാറിലായതിനെത്തുടർന്ന്, പരിഹരിക്കാൻ മുന്നിട്ടിറങ്ങി രാഹുൽ ഗാന്ധി

പ്രചാരണത്തിനിടെ ഹെലികോപ്ടര്‍ തകരാറ് പരിഹരിച്ച് രാഹുൽ

വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്നലെ തെരഞ്ഞെടുപ്പ് റാലിക്കായി ഹിമാചലില്‍ എത്തിയപ്പോള്‍ അപ്രതീക്ഷിതമായ വെല്ലുവിളിയാണ് രാഹുലിന് നേരിടേണ്ടി വന്നത്. താന്‍ സഞ്ചരിച്ച ഹെലികോപ്ടറിന് ചെറിയ തകരാറ് സംഭവിച്ചതായിരുന്നു അത്. ഉടന്‍ തന്നെ രാഹുല്‍ മുന്നിട്ടിറങ്ങി പ്രശ്നം പരിഹരിക്കുകയും ചെയ്തു.

രാഹുല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ഹിമാചലിലെ ഉനയില്‍ വച്ച് ഞ്ഞങ്ങളുടെ ഹെലികോപ്ടറിന് തകരാറ് സംഭവിച്ചു, ഞ്ഞങ്ങള്‍ ഒരുമിച്ച് നിന്നത് മറികടന്നു എന്ന അടിക്കുറിപ്പോടെ ഹെലികോപ്ടർ ശരിയാക്കുന്ന ചിത്രം രാഹുല്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചത്.

രാഹുലിന്‍റെ ആര്‍ജവത്തെയും മനുഷ്യത്വത്തെയും പ്രകീര്‍ത്തിച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ അനുമോദനങ്ങള്‍ അറിയിച്ചത്. കോണ്‍ഗ്രസ്സും സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. രാഹുല്‍ ഗാന്ധിയും പിതാവ് രാജീവ് ഗാന്ധിയും പരിശീലനം ലഭിച്ച പൈലറ്റുമാരായിരുന്നു.

ഈ മാസം 19ന് നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പിലാണ് ഹിമാചലില്‍ വോട്ടെടുപ്പ്. അതിന് മുന്‍പായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് സംഭവം.