LiveTV

Live

National

‘’നിങ്ങള്‍ ഏത് ലോകത്താണ് ജീവിക്കുന്നത് ?’’ മോദിയുടെ ‘റഡാര്‍ തിയറി’യെ ട്രോളി ദിവ്യയും സോഷ്യല്‍ മീഡിയയും

ബലാകോട്ട് ആക്രമണ ദിവസം മോശം കാലാവസ്ഥയെ തുടര്‍ന്ന് പകച്ചുനിന്ന വ്യോമസേനയ്ക്ക് കരുത്തായത് താന്‍ പറഞ്ഞുകൊടുത്ത ബുദ്ധിയാണെന്ന മോദിയുടെ

‘’നിങ്ങള്‍ ഏത് ലോകത്താണ് ജീവിക്കുന്നത് ?’’ മോദിയുടെ ‘റഡാര്‍ തിയറി’യെ ട്രോളി ദിവ്യയും സോഷ്യല്‍ മീഡിയയും

ബലാകോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിചിത്ര പരാമര്‍ശത്തെ ട്രോളി കൊല്ലുകയാണ് കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയും സോഷ്യല്‍ മീഡിയയും. ബലാകോട്ട് ആക്രമണ ദിവസം മോശം കാലാവസ്ഥയെ തുടര്‍ന്ന് പകച്ചുനിന്ന വ്യോമസേനയ്ക്ക് കരുത്തായത് താന്‍ പറഞ്ഞുകൊടുത്ത ബുദ്ധിയാണെന്ന മോദിയുടെ പരാമര്‍ശമാണ് പ്രധാനമന്ത്രിയെ തിരിഞ്ഞുകൊത്തുന്നത്.

അന്ന് ആകാശം മേഘാവൃതമായിരുന്നതും മഴയും ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഗുണമാകുമെന്നും മേഘങ്ങള്‍ പാകിസ്താന്റെ റഡാറുകളില്‍ നിന്ന് ഇന്ത്യന്‍ യുദ്ധ വിമാനങ്ങളെ മറച്ചുപിടിക്കുമെന്നുമായിരുന്നു മോദിയുടെ ഉപദേശം. ഇതിനെയാണ് ദിവ്യയും സോഷ്യല്‍മീഡിയയും ട്രോളുന്നത്.

''മോദി നിങ്ങളുടെ അറിവിലേക്കായി ഒരു കാര്യം പറയാം, മേഘങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും വിമാനങ്ങളെ തിരിച്ചറിയാനും കണ്ടെത്താനും ശേഷിയുള്ള റഡാറുകള്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടെയുണ്ട്. ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നവയുമുണ്ട്. അല്ലായിരുന്നുവെങ്കില്‍ പണ്ടേക്കുപണ്ടേ നമ്മുടെ ആകാശം മറ്റു രാജ്യങ്ങളുടേതാകുമായിരുന്നു. നിങ്ങള്‍ ഇങ്ങനെയൊക്കെ പറയാന്‍ കാരണം വേറെയേതോ കാലഘട്ടത്തില്‍ ജീവിക്കുന്നതുകൊണ്ടാണ് അങ്കിള്‍ ജീ'' - ദിവ്യ ട്വീറ്റ് ചെയ്തു.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ബലാകോട്ട് ആക്രമണത്തിന്റെ നിര്‍ണായക രഹസ്യം എന്ന നിലയില്‍ തന്റെ റഡാര്‍ തിയറി വെളിപ്പെടുത്തിയത്. മോശം കാലാവസ്ഥ മൂലം ആ ദിവസം തന്നെ ആക്രമണം നടത്തണമോയെന്ന ആശയക്കുഴപ്പത്തിലായിരുന്നു വ്യോമസേന. എന്നാല്‍ മേഘങ്ങള്‍ ഇന്ത്യന്‍ വിമാനങ്ങളെ ശത്രുവിന്റെ റഡാറില്‍ നിന്ന് മറച്ചുപിടിക്കുമെന്ന തന്റെ ചിന്തയുടെ ചുവടുപിടിച്ചാണ് ആക്രമണം നടത്തിയതെന്നായിരുന്നു മോദിയുടെ വെളിപ്പെടുത്തല്‍.

ഏതായാലും മോദിയുടെ വെളിപ്പെടുത്തലാണല്ലോ, ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലും ഈ അഭിമുഖത്തിന്റെ ഭാഗം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ക്രൂരമായ പരിഹാസത്തിനാണ് മോദിയുടെ റഡാര്‍ തിയറി ഇരയായത്. സംഭവം കൈവിട്ടുപോയെന്ന് മനസിലാക്കിയ ബി.ജെ.പി ട്വിറ്ററില്‍ നിന്ന് വീഡിയോ നീക്കം ചെയ്തെങ്കിലും ആര്‍ക്കെെവില്‍ കോപ്പി നിലനില്‍ക്കുന്നുണ്ട്. ഏതായാലും ട്രോളന്‍മാര്‍ മോദിയുടെ റഡാര്‍ - മേഘ തിയറിയെ ട്രോളി കൊല്ലുകയാണ്.