LiveTV

Live

National

റഫാല്‍ പുനഃപരിശോധനാ ഹരജികള്‍ ഇന്ന് പരിഗണിക്കും

കേന്ദ്ര സര്‍ക്കാരും ഹര്‍ജിക്കാരും സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലങ്ങള്‍ കോടതിയുടെ മുന്നില്‍ വരും. 

 റഫാല്‍ പുനഃപരിശോധനാ ഹരജികള്‍ ഇന്ന് പരിഗണിക്കും

റഫാല്‍ പുനഃപരിശോധനാ ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേന്ദ്ര സര്‍ക്കാരും ഹര്‍ജിക്കാരും സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലങ്ങള്‍ കോടതിയുടെ മുന്നില്‍ വരും. രാഹുല്‍ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ ഹരജിയും ഇവക്കൊപ്പം പരിഗണനക്കെടുക്കും.

ചീഫ് ജ്സറ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് റഫാല്‍ പുനഃപരിശോധന ഹരജികള്‍ പരിഗണിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച, ഹരജികള്‍ കോടതിയുടെ മുന്നിലെത്തിയിരുന്നെങ്കിലും രാഹുലിനെതിരായ കോടതി അലക്ഷ്യ ഹര്‍‌ജിക്കൊപ്പം മാത്രമേ പരിഗണിക്കാനാകൂ എന്ന് വ്യക്തമാക്കി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. റഫാല്‍ കേസില്‍ കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള ഹരജിയും ഇതേ ബഞ്ചിന്റെ പരിഗണനയിലുണ്ട്. ഇവയിലെ വാദങ്ങളെ ഖണ്ഡിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുതിയ സതയ്വാങ് മൂലം സമര്‍പ്പിച്ചിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലന്നും കൃത്യമായ രേഖകള്‍ മാത്രമാണ് കേസില്‍ ഇതുവരെ സമര്‍പ്പിച്ചതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. സി.എ.ജി.റിപ്പോര്‍ട്ട് സംബന്ധിച്ച വാദങ്ങളിലുണ്ടായത് നേരിയ പിശകുകള്‍ ആണ്.

അവ റഫാല്‍ കരാറിന് ക്ലീന്‍‌ ചീട്ട് നല്‍കി ഡിസംബറില്‍ സുപ്രീംകോടതി പറഞ്ഞ വിധിയെ സ്വാധീനിക്കുന്നതല്ല എന്നുമാണ് വാദം. എന്നാല്‌ സര്‍ക്കാരിന്റെ ഈ വാദങ്ങളെ തള്ളികൊണ്ടാണ് ഹരജിക്കാരുടെ പുതിയ സത്യവാങ്മൂലം. ഉദ്യോഗസ്ഥരുടെ വിയോജന കുറിപ്പുകള്‍ അടക്കം പല വസ്തുതകളും രേഖകളും കേന്ദ്രം മറച്ച് വച്ചു. ഇതുവഴി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഈ സത്യവാങ് മൂലത്തില്‍ പറയുന്നു. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് കോടതി കണ്ടെത്തി എന്ന പരാമര്‍ശത്തിലാണ് രാഹുലിനെതിരെ കോടതി അലക്ഷ്യ ഹര്‍ജി. ഈ പരാമര്‍ശത്തില്‍ നിരുപാധികം മാപ്പ് രേഖപ്പെടുത്തി രാഹുൽ പുതിയ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇതും ഇന്ന് കോടതി പരിഗണിക്കും.