LiveTV

Live

National

റഫാല്‍ പുനപരിശോധനാ ഹര്‍ജി വിധി പറയാന്‍ മാറ്റി

ഹർജിക്കാർക്കും കേന്ദ്രത്തിനും ഓരോ മണിക്കൂർ വീതമാണ് വാദത്തിന് അനുവദിച്ചത്.

റഫാല്‍ പുനപരിശോധനാ ഹര്‍ജി വിധി പറയാന്‍ മാറ്റി

റഫാല്‍ പുനപരിശോധനാ ഹര്‍ജികളും രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. സോവറിന്‍ ഗ്യാരണ്ടിയും സാങ്കേതിക വിദ്യ കൈമാറ്റ വ്യവസ്ഥയും കരാറില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും ഇന്ത്യന്‍ ചര്‍ച്ചാ സംഘം ‍ കരാറിനെ പിന്തുണച്ചതിന്‍റെ രേഖ കൈമാറാനാകുമോ എന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ഇനിയും വാദമുണ്ടെങ്കില്‍ രണ്ടാഴ്ചക്കകം എഴുതി നല്‍കാന്‍ കക്ഷികളോട് കോടതി നിര്‍ദേശിച്ചു.

രണ്ട് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് റഫാല്‍ പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി വിധിപറയാന്‍ മാറ്റിയത്. ഹര്‍ജിക്കാരനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്‍റെ പ്രധാന വാദങ്ങള്‍ ഇങ്ങനെ- കരാറുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കേന്ദ്രസർക്കാർ കോടതിയില്‍ നിന്ന് മറച്ചുവച്ചു. അഴിമതി തടയാനുളള വ്യവസ്ഥകള്‍ കരാറില്‍ നിന്ന് ഒഴിവാക്കി. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കേന്ദ്രം അനുകൂല വിധി സമ്പാദിച്ചത്. വിധിക്ക് ശേഷം പുതിയ വെളിപ്പെടുത്തലുകളുണ്ടായി. ഏഴംഗ വിലപേശല്‍ സമിതിയിലെ മൂന്നുപേരുടെ വിയോജിപ്പ് ഇതിലൊന്നാണെന്നും ഭൂഷണ്‍ ചൂണ്ടിക്കാട്ടി. സി.എ.ജി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മൂന്ന് മാസം മുന്‍പേ അതിലെ ഉള്ളടക്കം സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

ഹര്‍ജിക്കാരുടെ വാദങ്ങള്‍ ആവര്‍ത്തനം മാത്രമാണെന്നും ഹര്‍ജി തള്ളണം എന്നും ആവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മറുവാദം തുടങ്ങിയത്. വിലപേശല്‍ സംഘത്തില ഉദ്യോഗസ്ഥരുടെ വിയോജിപ്പുകള്‍ പ്രതിരോധ അക്വിസിഷന്‍ സമിതി പരിശോധിച്ചതാണ്. വിയോജിച്ചവര്‍ പിന്നീട് യോജിച്ചിരുന്നുവെന്നും എ.ജി വെളിപ്പെടുത്തി. എങ്കില്‍ യോജിച്ചതിന്‍റെ രേഖകള്‍ കൈമാറുന്നതില്‍ ബുദ്ധിമുട്ടുണ്ടോയെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് ആരാഞ്ഞു. കോടതിക്ക് അത് പരിശോധിക്കാന്‍ പരിമിതിയുണ്ടെന്നായിരുന്നു എ.ജി.യുടെ മറുപടി. എങ്കിലും ആവശ്യപ്പെട്ടാല്‍ ഹാജരാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസില്‍ ഏതാനും മിനുട്ടുകളാണ് ഇന്ന് വാദം നടന്നത്. നിര്‍ബന്ധിതാവസ്ഥ വന്നപ്പോള്‍ മാത്രമാണ് രാഹുല്‍ മാപ്പ് പറഞ്ഞത്. അതില്‍ തൃപ്തയല്ലെന്നും രാഹു‍ല്‍ പൊതുജനമധ്യത്തില്‍ തന്നെ മാപ്പ് പറയണം എന്നും ഹര്‍ജിക്കാരിയായ മീനാക്ഷി ലേഖി വാദിച്ചു. കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു.