LiveTV

Live

National

കൈവീശാന്‍ അപരന്‍, വെയില്‍ ഏല്‍ക്കാതെ കാറിനകത്ത് ഗംഭീര്‍: ചിത്രം പുറത്തുവിട്ട് എ.എ.പി 

കൊടുംവെയിലില്‍ നിന്ന് രക്ഷ നേടാന്‍ ഗൗതം ഗംഭീര്‍ അപരനെ ഉപയോഗിച്ച് പ്രചാരണം നടത്തുന്നുവെന്നാണ് ചിത്രമുള്‍പ്പെടെ ട്വീറ്റ് ചെയ്ത് ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ ആരോപിക്കുന്നത്.

കൈവീശാന്‍ അപരന്‍, വെയില്‍ ഏല്‍ക്കാതെ കാറിനകത്ത് ഗംഭീര്‍: ചിത്രം പുറത്തുവിട്ട് എ.എ.പി 

ഈസ്റ്റ് ഡൽഹിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഗൗതം ഗംഭീര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അപരനെ ഉപയോഗിച്ചെന്ന് ആം ആദ്മി പാര്‍ട്ടി. കൊടുംവെയിലില്‍ നിന്ന് രക്ഷ നേടാന്‍ ഗൗതം ഗംഭീര്‍ അപരനെ ഉപയോഗിച്ച് പ്രചാരണം നടത്തുന്നുവെന്നാണ് ചിത്രമുള്‍പ്പെടെ ട്വീറ്റ് ചെയ്ത് ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ ആരോപിക്കുന്നത്. ഗംഭീര്‍ കാറിനുള്ളില്‍ ഇരിക്കുകയും അദ്ദേഹവുമായി രൂപസാദൃശ്യമുള്ള ഒരാള്‍ വാഹനത്തിന് മുകളില്‍ നിന്ന് കൈവീശുന്നതുമാണ് ചിത്രത്തിൽ.

ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി അർവീന്ദർ ലൗലിയും ആം ആദ്മി പാർട്ടി നേതാവ് അതിഷിയും കാൽനടയായി ഇടവഴികളിലൂടെ വോട്ട് തേടി ജനങ്ങളിലേക്ക് എത്തുമ്പോൾ തുടക്കം മുതലേ പൊതു പരിപാടികൾക്കായിരുന്നു ബി.ജെ.പി സ്ഥാനാർഥി ഗൗതം ഗംഭീർ മുൻതൂക്കം നൽകിയത്. ഓരോ പ്രദേശത്തെയും മികച്ച ഹോട്ടലുകളിലെ പാർട്ടി ഹാളിലായിരുന്നു പരിപാടി. ഡൽഹിയിലെ നിലവിലെ വെയിൽ കൊണ്ടുള്ള പ്രചാരണം ഒഴിവാക്കാനാണ് ഈ നീക്കമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ആം ആദ്മി പാർട്ടി പുതിയ ആരോപണം ഉന്നയിച്ചത്.

ആരോപണം സംബന്ധിച്ച് പ്രതികരിക്കാൻ ഗൗതം ഗംഭീർ തയ്യാറായിട്ടില്ല. ഗൗതം ഗംഭീര്‍ കാറിലാണെന്നുള്ള കാര്യം ജനങ്ങള്‍ക്ക് അറിയാമായിരുന്നെന്നും ജനങ്ങൾ ഗംഭീറിന്റെ ഫോട്ടോയെടുക്കുന്നത് ചിത്രത്തിൽ വ്യക്തമാണെന്നും ഗംഭീറിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.