LiveTV

Live

National

‘ഇത് 2019ലെ തെരഞ്ഞെടുപ്പാണ്, 1984 അല്ല’ മോദിക്ക് ഓര്‍മ്മപ്പെടുത്തലുമായി കോണ്‍ഗ്രസ്

രാജീവ് ഗാന്ധിക്ക് നേരെയുള്ള തുടര്‍ച്ചയായ വിമര്‍ശന പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്

‘ഇത് 2019ലെ തെരഞ്ഞെടുപ്പാണ്, 1984 അല്ല’ മോദിക്ക് ഓര്‍മ്മപ്പെടുത്തലുമായി കോണ്‍ഗ്രസ്

രാജീവ് ഗാന്ധിക്ക് നേരെയുള്ള തുടര്‍ച്ചയായ വിമര്‍ശന പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഐ.എന്‍.എസ് വിരാട് യുദ്ധവിമാനം ഗാന്ധി കുടുംബത്തിന്‍റെ ‘പെഴ്സണല്‍ ടാക്സി’യായിരുന്നു എന്നായിരുന്നു മോദിയുടെ പുതിയ വിമര്‍ശനം. ഇതിന് പിറകെ സാമ്പത്തിക കാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും അതിനെ പിന്‍താങ്ങി രംഗത്തെത്തിയിരുന്നു.

തൊട്ടുപിന്നില്‍ മന്ത്രി നിര്‍മ്മല സീതാരാമനും ആരോപണങ്ങളുടെ ചുക്കാന്‍ പിടിച്ച് രംഗത്ത് വന്നു. ‘രാജീവ് ഗാന്ധി നമ്മുടെ പ്രധാനമന്ത്രിയായിരുന്നു. അതിനാല്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എന്ന് വെച്ച് അദ്ദേഹത്തിന്‍റെ ഭരണകാലത്തെ അഴിമതികളെക്കുറിച്ച് പറയാതിരിക്കാനാവില്ല. തെറ്റായ ഭരണ രീതികളെക്കുറിച്ച്, ബോപ്പാലിനെക്കുറിച്ച് ഒന്നും പറയാതിരിക്കാനാവില്ല' നിര്‍മ്മല പറഞ്ഞു.

ഇതിനെതിരെ രാജീവ് ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയുമെല്ലാം രംഗത്ത് വന്നിരുന്നു. ശേഷവും രാജീവ് ഗാന്ധിക്കെതിരെയുള്ള ആരോപണങ്ങള്‍ ബി.ജെ.പി തുടര്‍ന്നു. ഇന്നലെയും മോദി രാജീവ് ഗാന്ധിയെ കടന്നാക്രമിച്ചപ്പോള്‍ ഇന്ന് കോണ്‍ഗ്രസ് അതിന് മറുപടിയുമായി രംഗത്തെത്തി. ‘ഇത് 2019ലെ തെരഞ്ഞടുപ്പാണ്. 1966ലെയോ 1984ലെയോ 1951ലെയോ തെരഞ്ഞടുപ്പല്ല’ എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ട്വീറ്റ്,

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും മോദിയുടെ ഈ സമീപനത്തെ കളിയാക്കി രംഗത്തെത്തി. മോദിജി ടൈം മഷീന്‍ കണ്ടു പിടിച്ചോ എന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ സംശയം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേലും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രധാന മന്ത്രിയെ അനുകൂലിക്കുന്ന സമീപവും ചില നേതാക്കള്‍ നടത്തി.