LiveTV

Live

National

ബി.ജെ.പി സ്ഥാനാര്‍ഥി ഭാരതി ഘോഷില്‍ നിന്നും 1.13 ലക്ഷം രൂപ പിടിച്ചെടുത്തു

ഭാരതി ഘോഷ് സഞ്ചരിച്ച കാര്‍ വെസ്റ്റ് മിഡ്‌നാപൂരിലെ മംഗള്‍ ഭാര്‍ മേഖലയില്‍ രാത്രി 11 മണിക്ക് പൊലീസ് തടയുകയായിരുന്നു.

ബി.ജെ.പി സ്ഥാനാര്‍ഥി ഭാരതി ഘോഷില്‍ നിന്നും 1.13 ലക്ഷം രൂപ പിടിച്ചെടുത്തു

പശ്ചിമ ബംഗാളിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍ ഐ.പി.എസ് ഓഫീസറുമായ ഭാരതി ഘോഷിന്റെ കാറില്‍ നിന്നും 1.13 ലക്ഷം രൂപ പിടിച്ചെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. തുടര്‍ന്ന് ഭാരതി ഘോഷിനെ പൊലീസ് ചോദ്യം ചെയ്തു.

ഘട്ടല്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് ഭാരതി ഘോഷ്. ഭാരതി ഘോഷ് സഞ്ചരിച്ച കാര്‍ വെസ്റ്റ് മിഡ്‌നാപൂരിലെ മംഗള്‍ ഭാര്‍ മേഖലയില്‍ രാത്രി 11 മണിക്ക് പൊലീസ് തടയുകയായിരുന്നു. കാറില്‍ നിന്ന് 1,13,815 രൂപ പിടിച്ചെടുത്തു. കാറില്‍ പണമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വാഹനം തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. എന്തിനുള്ള പണമായിരുന്നു ഇതെന്നത് സംബന്ധിച്ച് ഭാരതി ഘോഷ് വ്യക്തമായ മറുപടി നല്‍കിയില്ലെന്നും പൊലീസ് പറഞ്ഞു. മൂന്ന് മണിക്കൂറോളം ഭാരതി ഘോഷിനെ ചോദ്യംചെയ്തു.

ഘട്ടലില്‍ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഭാരതിയുടെ വാഹനത്തില്‍ നിന്നും പണം പിടിച്ചെടുത്തത്. വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ഭാരതി ഘോഷ് പണം കൊണ്ടുനടന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയുള്ള പണമാണിതെന്നാണ് ഭാരതി ഘോഷിന്‍റെ വിശദീകരണം.