LiveTV

Live

National

റഫാല്‍ വാദങ്ങളിലെ പിഴവുകള്‍ ന്യായീകരിച്ച് കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം  

സുപ്രീം കോടതിയില്‍ നല്‍കിയ പുതിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വിശദീകരിച്ചത്

 റഫാല്‍ വാദങ്ങളിലെ പിഴവുകള്‍ ന്യായീകരിച്ച് കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം  

റഫാല്‍ കേസില്‍ സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉന്നയിച്ച വാദങ്ങളിലെ പിഴവുകള്‍ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍‍. ഈ പിഴവുകള്‍ ചെറുതാണെന്നും കരാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിധിയെ ബാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കാര്‍ വാദങ്ങളെ തളളി ഹര്‍ജിക്കാരനും പുതിയ സത്യവാങ്മൂലം നല്‍കി. കേസ് നാളെ പരിഗണിക്കും

റഫാലില്‍ പുനപരിശോധന ഹര്‍ജികള്‍ക്കൊപ്പം കേസില്‍ കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി കൂടി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ സത്യവാങ്മൂലം. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. കൃത്യമായ രേഖകള്‍ മാത്രമാണ് കേസില്‍ സമര്‍പ്പിച്ചത്. സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച വാദങ്ങളിലുണ്ടായ പിശകുകള്‍ വളരെ ചെറുതാണ്. അവ റഫാല്‍ കരാറിന് ക്ലീന്‍‌ ചിറ്റ് നല്‍കി ഡിസംബറില്‍ സുപ്രീംകോടതി പറഞ്ഞ വിധിയെ സ്വാധീനിക്കുന്നതല്ല. സി.എ.ജിയും റഫാല്‍ കരാറിന് പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കി എന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. അതിനാല്‍ വിധി പുനപരിശോധിക്കരുത് എന്നും ഹര്‍ജികള്‍ തള്ളണം എന്നുമാണ് ആവശ്യം.

റഷ്യയും അമേരിക്കയുമായുള്ള പ്രതിരോധ കരാറുകളിലും നേരത്തെ സോവറിന്‍ ഗ്യാരണ്ടി ഒഴിവാക്കിയിരുന്നുവെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വാദമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വാദങ്ങളെ തള്ളി ഹര്‍ജിക്കാരും പുതിയ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വിയോജന കുറിപ്പുകള്‍ അടക്കമുള്ള വസ്തുതകളും രേഖകളും കേന്ദ്രം മറച്ചുവെച്ചു. ഇതുവഴി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഹര്‍ജിക്കാരുടെ സത്യവാങ്മൂലത്തില്‍ ആരോപണം ഉണ്ട്. രണ്ട് സത്യവാങ്മൂലവും നാളെ കോടതിയുടെ മുന്നില്‍വരും.