LiveTV

Live

National

തിരിച്ച് പിടിക്കാനൊരുങ്ങി സി.പി.എം; ജാദവ്പൂരില്‍ മത്സരം കടുക്കും

ന്യൂനപക്ഷ വോട്ടുകളിലുണ്ടാകുന്ന ഭിന്നതയാണ് തൃണമൂല്‍ ഭയക്കുന്നത്. വന്‍പ്രചരണത്തിന്റെ ബലത്തില്‍ അതിനെ മറികടക്കാനാകുമെന്ന് തൃണമൂല്‍ കരുതുന്നു.

തിരിച്ച് പിടിക്കാനൊരുങ്ങി സി.പി.എം; ജാദവ്പൂരില്‍ മത്സരം കടുക്കും

ദേശീയതലത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പശ്ചിമബംഗാളിലെ മണ്ഡലങ്ങളിലൊന്നാണ് ജാദവ്പൂര്‍. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായിരുന്ന സൗത്ത് 24 പര്‍ഗാന ജില്ലയിലെ ജാദവ്പൂര്‍ മണ്ഡലം കഴിഞ്ഞ കാലങ്ങളില്‍ സംഘര്‍ഷങ്ങള്‍ കൊണ്ടായിരുന്നു വാര്‍ത്തകളിലിടം നേടിയത്. കൊല്‍ക്കത്ത മുന്‍ മേയറും കക്ഷിഭേദങ്ങള്‍ക്കപ്പുറം ജനപ്രിയ നേതാവുമായ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കിയതോടെ പാര്‍ട്ടിയുടെ പ്രതീക്ഷാ കേന്ദ്രങ്ങളിലൊന്നായി ജാദവ്പൂര്‍. തൃണമൂല്‍ സ്ഥാനാര്‍ഥിയാ കട്ടെ യുവചലച്ചിത്ര താരമായ മിമി ചക്രവര്‍ത്തിയാണ്.

ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ പെണ്‍കുട്ടികള്‍ക്ക് നേരെ ആരംഭിച്ച അതിക്രമം മുതല്‍ ഭാംഗഡിലെ പവര്‍ഗ്രിഡ് വിരുദ്ധ പ്രക്ഷോഭത്തിന് നേരെയുണ്ടായ അതിക്രമവും പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതും തൃണമൂല്‍ കോണ്‍ഗ്രസിനെ തിരിഞ്ഞ് കൊത്തുന്ന മണ്ഡലമാണ് ജാദവ്പൂര്‍. ബംഗാളിലെ യുവ നായിക മിമി ചക്രവര്‍ത്തിയെ മത്സരിപ്പിച്ചാണ് മണ്ഡലം നിലനിര്‍ത്താനായി തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

എണ്‍പത് ശതമാനത്തോളം മുസ്ലീം പ്രാതിനിധ്യമുള്ള ജാദവ് പൂര്‍ മണ്ഡലമാണ് ഇക്കുറി ഇടത്പക്ഷം ഏറ്റവും പ്രതീക്ഷയോടെ നോക്കുന്നത്. ജനകീയ സമരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതുകൊണ്ട് സമാന്തര ഇടത്പക്ഷ രാഷ്ട്രീയ സമൂഹത്തില്‍ സ്വീകാര്യനാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ. പശ്ചിമംബംഗാളിലെ ഏറ്റവും വലിയ അഴിമതിക്കേസുകളില്‍ ഒന്നായ ശാരദാക്കേസില്‍ കോണ്‍ഗ്രസും ഇടത്പക്ഷവും നല്‍കിയ കേസുകളില്‍ സുപ്രീംകോടതി വരെ ഹാജറാകുന്ന അഭിഭാഷകന്‍ കൂടിയാണ് ബികാഷ്.