LiveTV

Live

National

രാജീവ് ഗാന്ധിയെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നു

രാജീവ് ഗാന്ധിയുടെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമാണ് സിഖ് കൂട്ടക്കൊല അരങ്ങേറിയതെന്ന് ബി.ജെ.പി ആരോപിച്ചു. രാജീവിന്റെ വധത്തിന് ബി.ജെ.പിയും ഉത്തരവാദികളാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു

രാജീവ് ഗാന്ധിയെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നു

ആറാം ഘട്ട പോളിങിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെക്കുറിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങളുമായി തെരഞ്ഞെടുപ്പ് രംഗം സജീവം. രാജീവ് ഗാന്ധിയുടെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമാണ് സിഖ് കൂട്ടക്കൊല അരങ്ങേറിയതെന്ന് ബി.ജെ.പി ആരോപിച്ചു. രാജീവിന്റെ വധത്തിന് ബി.ജെ.പിയും ഉത്തരവാദികളാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം വിവാദമായ ശേഷവും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വിടാനൊരുക്കമല്ല ബി.ജെ.പി. ഇന്ന് ട്വിറ്ററിലൂടെയാണ് രാജീവിന് നേരെയുള്ള ആക്രമണം. 1984ലെ സിഖ് കൂട്ടക്കൊലക്ക് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ഓഫീസ് നേരിട്ട് നിര്‍ദേശം നല്‍കിയെന്നാണ് ആരോപണം. സിഖ് കൂട്ടക്കൊല അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച പരാമര്‍ശമുണ്ടെന്നും ബി.ജെ.പി ട്വീറ്റ് ചെയ്തു.

മറുപടി നല്‍കിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. ഇത്തരം വ്യാജ ആരോപണങ്ങള്‍ തീര്‍ത്ത വിദ്വേഷമാണ് രാജീവ് ഗാന്ധിയുടെ വധത്തിനിടയാക്കിയതെന്ന് പട്ടേല്‍. ഇന്റലിജന്‍സ് വിവരമുണ്ടായിരുന്നിട്ടും മതിയായ സുരക്ഷ ഒരുക്കാതിരുന്ന ബി.ജെ.പി പിന്തുണയോടെ ഭരിച്ച വി.പി സിങ് സര്‍ക്കാരിനും രാജീവ് വധത്തില്‍ കൈകഴുകാനാകില്ലെന്നും അഹമ്മദ് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു. രാജീവ് വധത്തില്‍ ഇത്രയും കാലം ഡി.എം.കെയെ കുറ്റപ്പെടുത്തിയിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ബി.ജെ.പിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി തിരിച്ചടിച്ചു.

പശ്ചിമ ബംഗാളിലാണ് നരേന്ദ്ര മോദിയുടെ പ്രചാരണ പരിപാടികള്‍. രാഹുല്‍ ഗാന്ധി ഹരിയാനയിലും മധ്യപ്രദേശിലും പ്രചാരണത്തിനെത്തും. ഡല്‍ഹി, ഹരിയാന ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഞായറാഴ്ച പോളിങ്. ത്രിപുര വെസ്റ്റിലെ 168 ബൂത്തുകളിലും തമിഴ്നാട്ടിലെ തേനി മണ്ഡലത്തിലെ 12 ബൂത്തുകളിലും റീപോളിങ് നടക്കും.