LiveTV

Live

National

തന്നെ അധിക്ഷേപിച്ചുള്ള ലഘുലേഖക്ക് പിന്നില്‍ ഗൗതം ഗംഭീര്‍: പൊട്ടിക്കരഞ്ഞ് അതിഷി

ബീഫ് തിന്നുന്ന അഭിസാരിക, സങ്കരയിനം എന്നെല്ലാമാണ് അതിഷിയെ ലഘുലേഖയില്‍ വിശേഷിപ്പിച്ചത്.

തന്നെ അധിക്ഷേപിച്ചുള്ള ലഘുലേഖക്ക് പിന്നില്‍ ഗൗതം ഗംഭീര്‍: പൊട്ടിക്കരഞ്ഞ് അതിഷി

ഡല്‍ഹി ഈസ്റ്റ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഗൌതം ഗംഭീറിനെതിരെ ഗുരുതര പരാതിയുമായി എ.എ.പി സ്ഥാനാര്‍ഥി അതിഷി രംഗത്ത്. ഗംഭീര്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നാണ് പരാതി. ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിനിടെ അതിഷി പലതവണ പൊട്ടിക്കരഞ്ഞു.

ഒരു സ്ത്രീക്കും സഹിക്കാന്‍ കഴിയാത്ത പരാമര്‍ശങ്ങളാണ് ലഘുലേഖയിലുള്ളതെന്ന് അതിഷി പറഞ്ഞു. ബീഫ് തിന്നുന്ന അഭിസാരികയെന്നാണ് അതിഷിയെ ലഘുലേഖയില്‍ വിശേഷിപ്പിച്ചത്. ജാട്ട്- പഞ്ചാബി മാതാപിതാക്കളുടെ മകളായ അതിഷി സങ്കരയിനമാണെന്നും അവർ വിവാഹം ചെയ്തത് ആന്ധ്ര സ്വദേശിയായ ക്രിസ്ത്യാനിയെ ആണെന്നും ലഘുലേഖയിൽ പറയുന്നു. എ.എ.പി നേതാവ് മനീഷ് സിസോദിയയെയും അതിഷിയെയും ചേർത്തും മോശം പരാമർശങ്ങളുമുണ്ട്. ഭർത്താവ് ഉപേക്ഷിച്ച ശേഷം അതിഷിയെ സംരക്ഷിക്കുന്നത് സിസോദിയയാണെന്നും അതിഷിയെപ്പോലുള്ള ഒരാൾക്ക് വിലയേറിയ വോട്ടുകൾ നൽകണമെന്നോ എന്നും ലഘുലേഖയില്‍ ചോദിക്കുന്നു.

ഗൗതം ഗംഭീര്‍ ഇത്രത്തോളം തരംതാഴുമെന്ന് കരുതിയില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ഇത്തരം മനോഭാവമുള്ള ആളുകളെ വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി നടക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. അതിഷി ധൈര്യമായിരിക്കണമെന്നും ഇത്തരം ശക്തികളെയാണ് നേരിടാനുള്ളതെന്നും കെജ്‍രിവാള്‍ പറഞ്ഞു.

ഗൗതം ഗംഭീര്‍ സിക്‌സും ഫോറും കൊണ്ട് എതിരാളികളെ നേരിടുന്നത് കണ്ട് നമ്മള്‍ കയ്യടിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഇത്തരത്തില്‍ തരംതാഴുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്ന് മനീഷ് സിസോദിയ പറഞ്ഞു.