LiveTV

Live

National

പ്രാദേശിക ചെറുത്തു നില്‍പ്പിന്റെ വിജയം കൊണ്ട് ശ്രദ്ധേയമായ ഭാംഗര്‍ പവര്‍ഗ്രിഡ് വിരുദ്ധ പ്രക്ഷോഭം

പൊലീസ് വെടിവെപ്പില്‍ രണ്ട് പേരും പ്രാദേശിക സമരസമിതിക്ക് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തിയ വെടിവെപ്പില്‍ ഒരാളും കൊല്ലപ്പെട്ട ഈ മേഖല ഇന്നും പ്രക്ഷോഭത്തിന്റെ ആവേശത്തിലാണ്.

പ്രാദേശിക ചെറുത്തു നില്‍പ്പിന്റെ വിജയം കൊണ്ട് ശ്രദ്ധേയമായ ഭാംഗര്‍ പവര്‍ഗ്രിഡ് വിരുദ്ധ പ്രക്ഷോഭം

നന്ദിഗ്രാം പോലെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചില്ലെങ്കിലും ഭരണകൂടത്തിന്റെയും ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടേയും അക്രമം കൊണ്ടും പ്രാദേശിക ചെറുത്തു നില്‍പ്പിന്റെ വിജയം കൊണ്ടും ശ്രദ്ധേയമായ സമരമാണ് പശ്ചിമബംഗാളിലെ ഭാംഗര്‍ പവര്‍ഗ്രിഡ് വിരുദ്ധ പ്രക്ഷോഭം. പൊലീസ് വെടിവെയ്പില്‍ രണ്ട് പേരും പ്രാദേശിക സമരസമിതിക്ക് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തിയ വെടിവയ്പില്‍ ഒരാളും കൊല്ലപ്പെട്ട ഈ മേഖല ഇന്നും പ്രക്ഷോഭത്തിന്റെ ആവേശത്തിലാണ്.

ദക്ഷിണ 24 പര്‍ഗാന ജില്ലയിലെ ഭാംഗറില്‍ തൃണമൂലിന്റെ പ്രദേശിക ഗുണ്ടാ നേതാവും മുന്‍ എം.എല്‍.എയുമായ അറബുള്‍ ഇസ്ലാമിന്റെ നേതൃത്വത്തില്‍ 2013-ല്‍ പതിനഞ്ച് ഏക്കര്‍ ഭൂമി പവര്‍ഗ്രേഡ് പദ്ധതിക്കായി ഏറ്റെടുത്തതുമുതല്‍ ആരംഭിച്ചതാണ് ഇവിടത്തെ പ്രക്ഷോഭം. കൃഷി മാത്രം ഉപജീവനമായ പ്രദേശിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന ഭയമായിരുന്നു ഇതിന് കാരണം. ഭൂമിയും ജീവിതമാര്‍ഗ്ഗവും പരിസ്ഥിതിയും സംരക്ഷിക്കമെന്നാവശ്യപ്പെട്ട് പ്രദേശികമായി രൂപം കൊണ്ട ജൊമീ കമ്മിറ്റി പ്രക്ഷോഭമാരംഭിച്ചു. മുഖ്യധാര പാര്‍ട്ടികളുടെ സഹായം കിട്ടാതിരുന്ന സമരത്തിന് സി.പി.ഐ.എംഎല്‍ റെഡ്സ്റ്റാറാണ് പിന്തുണ നല്‍കിയത്. 2017 ജനവരി പതിനേഴിന് പോലീസ് നടത്തിയ വെടിവെയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

തുടര്‍ന്ന് ഇടത്പക്ഷം അടക്കമുള്ള മുഖ്യധാര പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. പൊലീസിനേയും തൃണമൂല്‍ സംഘത്തിനെയും ഗ്രാമത്തിലേയ്ക്ക് പ്രവേശിക്കാത്ത വിധത്തില്‍ പ്രക്ഷോഭകാരികള്‍ ഭാംഗറിന് ചുറ്റും വലയം തീര്‍ത്തു. സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ അംഗീകരിച്ചുവെങ്കിലും തൃണമൂലിന്റെ അക്രമത്തിന് അറുതിയായില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ പോലും മറ്റാരെയും തൃണമൂല്‍ അനുവദിച്ചില്ല.