LiveTV

Live

National

ബീഫിന്റെ പേരില്‍ മുസ്‍ലിം വയോധികന് ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം

ബീഫിന്റെ പേരില്‍ മുസ്‍ലിം വയോധികന് ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം

ബിഹാറിലെ ബെഗുസാരെയില്‍ ബീഫിന്റെ പേരില്‍ മുസ്‍ലിം വയോധികന് ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. വയോധികനായ മുഹമ്മദ് ഇസ്തിഖാര്‍ ആലമിനാണ് ഒരു കൂട്ടം ബജ്റംഗ് ദള്‍ പ്രവര്‍ത്തകരില്‍ നിന്നും ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ഇസ്തിഖാര്‍ ആലം ബോധം കെടും വരെ തുടര്‍ച്ചയായി അടിച്ചിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംസാരിക്കാന്‍ സാധിക്കാതെ ആശുപത്രിയിലാണെന്നും കുറ്റക്കാരെ പൊലീസ് ഇത് വരെ അറസ്റ്റ് ചെയ്തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. മര്‍ദ്ദനത്തിനിരയായ മുഹമ്മദ് ആലത്തിനെതിരെ ബീഫ് കൈവശം വെച്ചു എന്ന കേസ് പൊലീസ് ചുമത്തിയതായും ബന്ധുക്കള്‍ പറഞ്ഞു.

മകളുടെ വിവാഹ ആഘോഷങ്ങളുടെ ഭാഗമായി വീട്ടിലേക്ക് ബീഫുമായി വരികയായിരുന്ന മുഹമ്മദ് ആലത്തിനെ മദ്യലഹരിയിലായിരുന്ന ഒരു കൂട്ടം ആളുകള്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ആലം ബജ്റംഗ് ദള്‍ പ്രവര്‍ത്തകരെ കണ്ട് വെട്ടിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വീഴ്ത്തുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മുഹമ്മദ് ആലത്തിന്റെ കൈവശമുണ്ടായിരുന്ന 16000 രൂപ സംഘം തട്ടിയെടുത്തതായും ബന്ധുക്കള്‍ പറയുന്നു. വസ്ത്ര വ്യാപാരിയാണ് മര്‍ദ്ദനത്തിനിരയായ 48 വയസ്സ് പ്രായമുള്ള മുഹമ്മദ് ഇസ്തിഖാര്‍ ആലം.

മര്‍ദ്ദിച്ചിരുന്ന സംഘത്തിലുണ്ടായിരുന്നവരെല്ലാം തങ്ങള്‍ക്ക് പരിചിതമായ മുഖങ്ങളാണെന്നും പൊലീസ് കേസില്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.