LiveTV

Live

National

അഞ്ചാം ഘട്ടത്തിന് സമാപനം; വിവിധയിടങ്ങളില്‍ ആക്രമണം

ഉത്തര്‍പ്രദേശിലെ അമേഠി അടക്കമുള്ള മണ്ഡലങ്ങളിലും, ബംഗാള്‍, മധ്യപ്രദേശ് എന്നിവടങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി

അഞ്ചാം ഘട്ടത്തിന് സമാപനം; വിവിധയിടങ്ങളില്‍ ആക്രമണം

തെരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിലും ജമ്മുകശ്മീരിലും അക്രമം. ജമ്മുകാശ്മീരിലെ പുല്‍വാമയിലും, ഷോപ്പിയാനിലും പോളിങ് ബൂത്തിലേക്ക് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു.

ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും ഏറ്റുമുട്ടിയ ബംഗാളിലെ ബൊരക്പൊരിയില്‍ ‍വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടുത്തം നടത്തിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു.

പുല്‍വാമയില്‍ രണ്ട് തവണയാണ് ഭീകരര്‍ പോളിങ് ബൂത്തിന് നേരെ ആക്രമണം നടത്തിയത്. രണ്ട് തവണയും ഗ്രനേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. ഷോപ്പിയാനിലെ പോളിങ് ബൂത്തിന് നേരെയും ആക്രമണം നടന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബംഗാളിലെ പലയിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പി പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഹൌറയിലെ രണ്ട് ബൂത്തുകള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.

തങ്ങള്‍ക്ക് പിന്തുണ് പ്രഖ്യാപിക്കാത്തവരെ തൃണമൂല്‍ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ബാരാക്ക്പൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. അതേസമയം അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടുത്തം നടത്തിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു.

ബീഹാര്‍ ചപ്രയിലെ ബൂത്ത് നമ്പര്‍ 131ല്‍ വോട്ടിങ്ങിനിടെ വോട്ടിങ് യന്ത്രം അടിച്ച് തകര്‍ത്തു. അക്രമം നടത്തിയ രഞ്ജിത്ത് പാസ്വാന്‍ എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിവിധയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കേടായതിനെ തുടര്‍ന്ന് വോട്ടിങ് തടസ്സപ്പെട്ടു. ഉത്തര്‍പ്രദേശിലെ അമേഠി അടക്കമുള്ള മണ്ഡലങ്ങളിലും, ബംഗാള്‍, മധ്യപ്രദേശ് എന്നിവടങ്ങളിലുമാണ് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് .