LiveTV

Live

National

‘കെെ’കരുത്തിൽ വിജയിക്കാൻ വിജേന്ദർ സിംഗ്

ജാട്ട് ഗുജ്ജാർ വിഭാഗക്കാർക്ക് നിർണായക സ്വാധീനമുള്ള മേഖലയാണ് ദക്ഷിണ ഡൽഹി മണ്ഡലം

‘കെെ’കരുത്തിൽ വിജയിക്കാൻ വിജേന്ദർ സിംഗ്

സൗത്ത് ഡൽഹി മണ്ഡലത്തിൽ തരംഗം സൃഷ്ടിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയും ബോക്സിങ് താരവുമായ വിജേന്ദർ സിംഗ്. കായിക പശ്ചാത്തലം വോട്ടാകുമെന്ന് വിജേന്ദർ മീഡിയവണിനോട് പറഞ്ഞു. എന്നാൽ ജാതി സമവാക്യങ്ങൾക്ക് പ്രാധാന്യമുള്ള മണ്ഡലം വിജേന്ദറിനെ മറികടന്നും നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

തന്റെ പശ്ചാത്തലം തന്നെയാണ് തന്റെ വോട്ട് ബാങ്കെന്ന് വിജേന്ദർ പറയുന്നു. ചെറിയൊരു ഗ്രാമത്തില്‍ നിന്നാണ് താൻ വരുന്നത്. പിതാവ് ഒരു ഡ്രൈവറാണ്. ജീവിതത്തിൽ എന്തെല്ലാം ബുദ്ധിമുട്ടാണ് ഞാന്‍ അനുഭവിച്ചതെന്ന് ഇവർക്കറിയാമെന്നും വിജേന്ദർ പറയുന്നു.

ജാട്ട് ഗുജ്ജാർ വിഭാഗക്കാർക്ക് നിർണായക സ്വാധീനമുള്ള മേഖലയാണ് ദക്ഷിണ ഡൽഹി മണ്ഡലം. ബി.ജെ.പിയുടെ രമേശ് ബിദൂരിയും ആം ആദ്മിയുടെ രാഘവ് ചദ്ദയുമാണ് ഇവിടെ നിന്നും മത്സരിക്കുന്ന മറ്റു സ്ഥാനാർഥികൾ.

നരേന്ദ്രമോദിയെ ഉയർത്തിക്കാട്ടിയുള്ള ബിദൂരിയുടെ പ്രചാരണത്തെ, ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി നേരിടാനാണ് വിജേന്ദറിന്റെ ശ്രമം. തൊഴിലില്ലായ്മയാണ് മണ്ഡലത്തിലെ ഏറ്റവും വലിയ പ്രശ്നമെന്ന് ചൂണ്ടിക്കാട്ടിയ വിജേന്ദർ, യുവജനങ്ങളുടെ പ്രശ്നങ്ങൾക്ക് മുഖ്യ പരിഗണന നൽകുമെന്നും പറഞ്ഞു.